കോഴിക്കോട്:
സ്‌കൂളുകളില്‍ പരീക്ഷ ദിവസങ്ങളിലും വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണം നല്‍കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശം. നിര്‍ദ്ദേശം നടപ്പിലാക്കാത്ത സ്‌കൂള്‍ അധികൃതര്‍ക്കെതിരെ നടപടിയെടുക്കാനും തീരുമാനമായി.
ഫെബ്രുവരി, മാര്‍ച്ച് മാസങ്ങള്‍ സ്‌കൂളുകളില്‍ പരീക്ഷാക്കാലമാണ്. രാവിലെ മുതല്‍ ഉച്ച വരെയും ഉച്ചയ്ക്കു ശേഷം വൈകുന്നേരം വരെയുമാണു പരീക്ഷാസമയം. അതുകൊണ്ട്, ഉച്ചഭക്ഷണ പദ്ധതി പ്രകാരം വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളുകളില്‍ ഉച്ചഭക്ഷണം ഒരുക്കണമെന്നാണ് പുതിയ വ്യവസ്ഥ. ഏതെങ്കിലും ദിവസം ഉച്ചഭക്ഷണം നല്‍കുന്നില്ലെങ്കില്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ മുന്‍കൂട്ടി അറിയിക്കണം. അടിയന്തര സാഹചര്യത്തില്‍ മാത്രമേ ഉച്ചഭക്ഷണം നല്‍കാതിരിക്കാന്‍ അനുമതി നല്‍കാവൂ. പരീക്ഷാ ദിവസങ്ങളില്‍ നൂണ്‍ മീല്‍ ഓഫീസര്‍മാരും നൂണ്‍ ഫീഡിങ് ഓഫീസര്‍മാരും സ്‌കൂളുകളില്‍ സന്ദര്‍ശനം നടത്തി ഉച്ചഭക്ഷണം നല്‍കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.
ഏതെങ്കിലും സ്‌കൂളില്‍ മുന്‍കൂര്‍ അനുവാദമില്ലാതെ ഉച്ചഭക്ഷണം പൂര്‍ണമായോ ഭാഗികമായോ മുടങ്ങിയാല്‍ പരീക്ഷ തുടങ്ങിയ ദിവസം മുതലുള്ള കണ്ടിന്‍ജന്‍സി ചാര്‍ജ് കുറവു വരുത്തണമെന്നും നിര്‍ദ്ദേശമുണ്ട്.