ലണ്ടൻ:
തെരേസ മേ സർക്കാർ അവതരിപ്പിച്ച ബ്രെക്‌സിറ്റ് കരാർ ബ്രിട്ടീഷ് പാർലമെന്റ് വീണ്ടും തള്ളി. 258 ന് എതിരെ 303 വോട്ടുകൾക്കാണ് കരാർ പരാജയപ്പെട്ടത്.
ഇതോടെ രാജ്യം കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് നീങ്ങിയിരിക്കുകയാണ്. ലോകം പ്രതീക്ഷിച്ചതു തന്നെയായിരുന്നു ബ്രിട്ടീഷ് പാർലമെന്റിൽ നടന്നത്. യൂറോപ്യൻ യൂണിയൻ വിടുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി തെരേസ മേ അവതരിപ്പിച്ച കരാറിനെ ഹൗസ് ഓഫ് കോമൺസ് പാടെ തള്ളി.
ബ്രിട്ടീഷ് ചരിത്രത്തിൽ, സർക്കാർ, പാർലമെൻറിൽ ഇത്രയധികം വോട്ടുകൾക്ക് തോൽക്കുന്നത് ഇതാദ്യമാണ്. ഇതോടെ, സർക്കാരിനെതിരെ അവിശ്വാസം കൊണ്ട് വരുമെന്ന് ലേബർ പാർട്ടി അറിയിച്ചു.
എന്നാൽ, കരാർ വീണ്ടും പരിഷ്‌കരിക്കുമെന്നും, ഇതിനായി യൂറോപ്യൻ യൂണിയനുമായി ചർച്ച നടത്തുമെന്നും തെരേസ മേയുടെ വക്താവ് അറിയിച്ചു. എന്നാൽ ഇത് എത്രകണ്ടു പ്രായോഗികം ആകുമെന്ന് ഉറപ്പില്ല. കാരണം നിലവിലുള്ള കരാറിൽ മാറ്റം വരുത്താൻ യൂറോപ്യൻ യൂണിയൻ ഒരുക്കമല്ല. ഇതോടെ ബ്രെക്സിറ്റ് എന്ന തീരുമാനം പാടെ ഉപേക്ഷിക്കുകയോ, ഉടമ്പടികൾ ഇല്ലാതെ പിൻമാറുകയോ മാത്രമാണ് തേരസ മേയുടെ മുന്നിലുള്ള വഴികൾ.
കഴിഞ്ഞ ജനുവരിയിലും ബ്രിട്ടീഷ് പാർലമെന്റ് ബ്രെക്‌സിറ്റ് കരാർ തളളിയിരുന്നു. ജനുവരിയിൽ 432 എം പിമാർ എതിർത്തപ്പോൾ 202 പേർ മാത്രമായിരുന്നു അനുകൂലിച്ചത്. മാർച്ച് 29 ന് ബ്രിട്ടൻ, യൂറോപ്യൻ യൂണിയനിൽ നിന്നും പുറത്തുപോകാനിരിക്കെ തെരേസ മേയ്ക്കു കനത്ത തിരിച്ചടിയാണിത്.