കോഴിക്കോട്:
സാമൂഹികസുരക്ഷാമിഷന്‍ ഗുരുതരമായ അസുഖങ്ങള്‍ ബാധിച്ചവര്‍ക്ക് മാസംതോറും നല്‍കുന്ന പെന്‍ഷന്‍ മുടങ്ങിയിട്ട് അഞ്ചു മാസം. സംസ്ഥാനത്ത് 12,000 പേരാണ് സഹായം ലഭിക്കാതെ ബുദ്ധിമുട്ടുന്നത്. സാമൂഹികസുരക്ഷാമിഷനില്‍ രജിസ്റ്റര്‍ചെയ്ത 1297 ഹീമോഫീലിയ രോഗികള്‍, 1200 അരിവാള്‍ രോഗികള്‍, ഡയാലിസിസ് രോഗികള്‍ തുടങ്ങിയവരാണ് നാലുമാസമായി പെന്‍ഷന്‍ ലഭിക്കാതെ ദുരിതമനുഭവിക്കുന്നത്.
ആറുവര്‍ഷമായി ചികിത്സയ്ക്കും വിദ്യാഭ്യാസത്തിനുമായാണ് ഹീമോഫീലിയ രോഗികള്‍ക്ക് മാസം 1000 രൂപ പെന്‍ഷന്‍ നല്‍കുന്നത്. ദാരിദ്ര്യരേഖ മാനദണ്ഡമാക്കാതെ, രജിസ്റ്റര്‍ ചെയ്ത എല്ലാവര്‍ക്കും അക്കൗണ്ടിലേക്ക് പണമിടുകയാണ് ചെയ്യുന്നത്. അടിയന്തരമായി പെന്‍ഷന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഒരു മാസം മുമ്പ് ഹീമോഫീലിയ സൊസൈറ്റീസ് ഓഫ് കേരള സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ഇ. രഘുനന്ദനന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്ക് നിവേദനം നല്‍കിയിരുന്നു.
സംസ്ഥാനത്തെ 1297 ഹീമോഫീലിയ രോഗികള്‍ക്ക് മാസംതോറും നല്‍കുന്ന സര്‍ക്കാര്‍ പെന്‍ഷന്‍ നിലച്ചിട്ട് ആറുമാസമായി. വിഷു, ഓണം, ക്രിസ്തുമസ് തുടങ്ങിയ ആഘോഷങ്ങള്‍ക്ക് ഒന്നിച്ചാണ് തുക നല്‍കാറുള്ളത്. ഓണത്തിനുശേഷം അക്കൗണ്ടിലേക്ക് പണം വന്നിട്ടില്ല. ഇവര്‍ക്കുള്ള ജീവന്‍രക്ഷാ മരുന്നുകള്‍ കാരുണ്യ ഫാര്‍മസി വഴി ആജീവനാന്തം സൗജന്യമായി നല്‍കുന്നുണ്ട്.
ഹീമോഫീലിയ രോഗികള്‍ക്കുള്ള സഹായധനം മുടങ്ങിയിട്ടുണ്ടെന്നും ഉടന്‍ വിതരണം ചെയ്യുമെന്നും സാമൂഹികസുരക്ഷാമിഷന്‍ അധികൃതര്‍ അറിയിച്ചു. ഫണ്ട് കിട്ടാനുള്ള കാലതാമസമാണ് പെന്‍ഷന്‍വിതരണം മുടങ്ങാനുള്ള കാരണം. ജനുവരി അവസാനം പെന്‍ഷന്‍ വിതരണം പുനരാരംഭിക്കാനാണ് തീരുമാനം. ഇതിനുള്ള നടപടിക്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞുവെന്നും, മുടങ്ങിയ പെന്‍ഷന്‍ ഒരുമിച്ച് വിതരണം ചെയ്യുമെന്നും അറിയിച്ചു.