Mon. Dec 23rd, 2024
കാസർഗോഡ്:

കാസർഗോഡ് പെരിയയില്‍ രണ്ട് യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തി. പെരിയ കല്യോട്ട് സ്വദേശികളായ കൃപേശ് (19), ശരത് ലാൽ എന്ന ജോഷി (24) എന്നിവരാണ്  കൊല്ലപ്പെട്ടത്. കാറിൽ എത്തിയ സംഘം തടഞ്ഞ് നിർത്തി വെട്ടി കൊലപ്പെടുത്തുകയായിരുന്നു. മൂന്നംഗ സംഘമാണ് ഇരുവരെയും ആക്രമിച്ചതെന്നാണ് സൂചന.

ജോഷി യൂത്ത് കോൺഗ്രസ് പ്രവർത്തകനും ജവഹര്‍ ബാല ജനവേദി മണ്ഡലം പ്രസിഡന്‍റുമാണ്. കൊലപാതകം രാഷ്ട്രീയ പ്രേരിതമാണെന്നും സംഭവത്തിൽ സിപിഎം ന് പങ്കുണ്ടെന്നും കോൺഗ്രസ് ആരോപിക്കുന്നു. നേരത്തെ ഈ സ്ഥലത്ത് സിപിഎം- കോൺഗ്രസ് സംഘർഷം നിലനിന്നിരുന്നു. കല്യോട്ട് നടന്ന തെയ്യം സംഘാടകസമിതിക്ക് ശേഷം തിരിച്ച് വീട്ടിലേക്ക് പോവുകയായിരുന്ന  ഇരുവരെയും ഇടവഴിയില്‍ വച്ച് കാറിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

ജനങ്ങള്‍ സമാധാനമായി ജീവിച്ചിരുന്ന കല്യോട്ട് പ്രദേശത്ത് കഴിഞ്ഞ രണ്ട് മൂന്ന് മാസമായി സിപിഎം കുഴപ്പങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു. സിപിഎമ്മിന്‍റെ കണ്ണൂര്‍ മോഡല്‍ കൊലപാതകമാണ് നടന്നതെന്ന് കാസര്‍കോട് ഡിസിസി അധ്യക്ഷന്‍ ഹക്കിം കുന്നേല്‍ പറഞ്ഞു. കല്ല്യോട്ട് നടന്ന തെയ്യം കളിയുമായി ബന്ധപ്പെട്ട് സംഘാടകസമിതി രൂപീകരണത്തിന് ശേഷം തിരിച്ചുവരുന്നതിനിടെയാണ് കൊലപാതകം നടന്നത്. കൃപേശിന്‍റെ മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയിലും ശരത് ലാലിന്റെ മൃതദേഹം മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലുമാണുള്ളത്.

കൊലപാതകത്തില്‍ പ്രതിഷേധിച്ച് കാസർഗോഡ് ജില്ലയില്‍ യുഡിഎഫും സംസ്ഥാന വ്യാപകമായി യൂത്ത് കോൺഗ്രസ്സും തിങ്കളാഴ്ച ഹർത്താൽ പ്രഖ്യാപിച്ചു. രാവിലെ ആറു മണി മുതൽ വൈകിട്ട് ആറ് മണി വരെയാണ് ഹർത്താൽ. ഹർത്താൽ സമാധാനപരമായിരിക്കുമെന്ന് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡൻന്റ് ഡീൻ കുര്യാക്കോസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *