Wed. Nov 6th, 2024
തിരുവനന്തപുരം:

‘‘ആയിരം മാസം ജീവിക്കുക. ആയിരം പൂർണചന്ദ്രനെ കാണുക. ശരാശരി ഇന്ത്യക്കാരന്‍റെ വയസ്സ് നോക്കുമ്പോൾ അത് ആഘോഷിക്കേണ്ടതാണ്.’’ (വാരാണസി– എം.ടി.വാസുദേവൻ നായർ)

ആയിരം പൂര്‍ണ്ണ ചന്ദ്രനെ കണ്ടില്ലെങ്കിലും സംസ്ഥാനത്ത് 2019 ഫെബ്രുവരി 20 മുതല്‍ 27 വരെയുള്ള ദിവസങ്ങളില്‍ ഒരു ആഘോഷം നടക്കുന്നുണ്ട്. പിണറായി വിജയന്‍റെ നേതൃത്വത്തില്‍ എല്‍.ഡി.എഫ് മന്ത്രിസഭയുടെ ആയിരം ദിനം പൂര്‍ത്തിയാക്കിയതിന്‍റെ ആഘോഷ പരിപാടികളാണ് ഒരാഴ്ച നീണ്ട് നില്‍ക്കുന്ന കാലയളവില്‍ ആഘോഷിക്കുന്നത്. സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് വെച്ചും സമാപന സമ്മേളനം തിരുവനന്തപുരത്ത് വെച്ചും നടക്കും എന്ന് മുഖ്യമന്ത്രി ചോദ്യത്തിന് മറുപടിയായി നിയമസഭയെ അറിയിച്ചിരുന്നു. എല്ലാ ജില്ലകളിലും ഒരാഴ്ച നീണ്ടു നില്‍ക്കുന്ന എക്സിബിഷനുകളും വികസന സെമിനാറുകളും സാംസ്കാരിക പരിപാടികളും നടക്കും. 9.54 കോടി രൂപയാണ് ആഘോഷ പരിപാടികള്‍ക്കുള്ള ചെലവ്.

രാജാവിന്‍റെ കിരീടധാരണത്തിന് പറയുന്ന മറ്റൊരു പേരാണ് പട്ടാഭിഷേകം. കോടികള്‍ ചെലവിട്ട് മന്ത്രിസഭയുടെ ആയിരം ദിനം ആഘോഷമാക്കുമ്പോള്‍ പഴയ രാജഭരണ കാലം ആര്‍ക്കെങ്കിലും ഓര്‍മ്മ വന്നാല്‍ അവരെ തെറ്റ് പറയാനാവില്ല. പ്രളയാനന്തര കേരളത്തില്‍ പുനരധിവാസം ഇനിയും സാധ്യമാകാത്ത നിരവധി പേര്‍ ബാക്കി നില്‍ക്കെയാണ് ഇത്തരം ഒരു ആഘോഷം എന്നതും ശ്രദ്ധേയമാണ്. ഫെബ്രുവരി 28നാണ് സർക്കാർ ആയിരം ദിവസം തികയ്ക്കുന്നത്.

രണ്ടു ദുരന്തങ്ങളെ അതിജീവിച്ച വര്‍ഷമാണ്‌ കടന്നു പോയത് എന്ന് പറഞ്ഞാണ് ധനമന്ത്രി തോമസ്‌ ഐസക് കഴിഞ്ഞ ബജറ്റ് പ്രസംഗം ആരംഭിക്കുന്നത്. വിഭവ സമാഹരണവും, ആസൂത്രണത്തിന്‍റെ കൃത്യതയും, നിര്‍വഹണത്തിന്‍റെ ചടുലതയും, മേല്‍നോട്ടത്തിന്‍റെ ജാഗ്രതയും കൊണ്ട് ജൂലായ്‌, ആഗസ്റ്റ്‌ മാസങ്ങളിലുണ്ടായ പേമാരിയും പ്രളയത്തെയും നേരിട്ടു എന്ന് അവകാശപ്പെടുന്ന ധനമന്ത്രി, അടിയന്തിര പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ വിജയകരമായും മാതൃകാപരമായും നടപ്പാക്കി എന്ന് പറയുന്നുണ്ട്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 3229 കോടി രൂപ കിട്ടി എന്ന് നിയമസഭയില്‍ പറഞ്ഞ ധനമന്ത്രി 1732.70 കോടി രൂപ ഇതിനകം ദുരിതാശ്വാസ നിധിയില്‍ നിന്ന് ചിലവഴിച്ചതായും പറയുന്നുണ്ട്. വെറും പുനര്‍നിര്‍മ്മാണമല്ല കൂടുതല്‍ മെച്ചപ്പെട്ട പുനര്‍നിര്‍മ്മാണമാണ് മുദ്രാവാക്യം എന്നാണ് അദ്ദേഹം പറയുന്നത്. പ്രളയ കാലത്തെ ഇടപെടലിന്റെ ചടുലതയും കാര്യക്ഷമതയും മാതൃകയാക്കണം എന്നാണ് ധനമന്ത്രി പറഞ്ഞു വെക്കുന്നത്. ആയിരം കോടി രൂപ റീബില്‍ഡ് കേരള പദ്ധതിക്ക് വേണ്ടി ബജറ്റില്‍ വകയിരുത്തുകയും ചെയ്തു.

പ്രളയാനന്തരം സര്‍ക്കാര്‍ നടത്തിയ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ അംഗീകരിക്കുകയും പിന്തുണക്കുകയും ചെയ്യുന്നതോടൊപ്പം സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വോക്ക് ജേര്‍ണല്‍ പ്രതിനിധികള്‍ നേരിട്ട് നടത്തിയ അന്വേഷണങ്ങളില്‍ ഇനിയും സര്‍ക്കാര്‍ സഹായം ലഭിച്ചിട്ടില്ലാത്ത ചില ജീവിതങ്ങളെക്കുറിച്ചാണ്  പറയാനുള്ളത്.

മഹാപ്രളയത്തില്‍ മുങ്ങിയ കേരളം

2018 ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ തെക്കുപടിഞ്ഞാറൻ കാലവർഷകാലത്ത് ഉയർന്ന അളവിൽ മഴ പെയ്തതിന്റെ ഫലമായാണ് 2018-ലെ കേരള വെള്ളപ്പൊക്ക ദുരന്തം സംഭവിച്ചത്. അതിശക്തമായ മഴയെത്തുടർന്ന് കേരളത്തിലെ മിക്ക ജില്ലകളിലും വെള്ളപ്പൊക്കവും മലയോര മേഖലകളിൽ  ഉരുൾപൊട്ടലുമുണ്ടായി. അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ അവയുടെ ഷട്ടറുകൾ തുറന്നുവിട്ടത് വെള്ളപ്പൊക്കത്തിന്‍റെ ആഘാതം വർദ്ധിപ്പിച്ചു. ചരിത്രത്തിലാദ്യമായാണ് കേരളത്തിലെ 54 അണക്കെട്ടുകളിൽ 35 എണ്ണവും തുറന്നുവിടേണ്ടി വന്നത്.

1924-ലെ പ്രളയത്തിനുശേഷം കേരളത്തിലുണ്ടായ ഏറ്റവും വലിയ പ്രളയമെന്നാണ് 2018-ലെ വെള്ളപ്പൊക്കം വിശേഷിപ്പിക്കപ്പെടുന്നത്. കനത്ത മഴയിലും, പ്രളയത്തിലും ഉരുൾപൊട്ടലിലും ഏകദേശം 483 പേർ മരിച്ചതായും 14 പേരെ കാണാതായതായും 140 പേർ ആശുപത്രിയിലായതായും മുഖ്യമന്ത്രി പിണറായി വിജയൻ പ്രളയാനന്തര പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ ചേർന്ന പ്രത്യേക നിയമസഭാ സമ്മേളനത്തെ അറിയിച്ചു. കാലവർഷം ശക്തമായ ഓഗസ്റ്റ് 21 ന് 3,91,494 ലക്ഷം കുടുംബങ്ങളിൽ നിന്നായി 14,50,707 ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിൽ ജിവിക്കേണ്ട അവസ്ഥയിലെത്തി. കേരളത്തിലെ 14 ജില്ലകളിലും അതീവ ജാഗ്രതാ മുന്നറിയിപ്പ് പ്രഖ്യാപിച്ചു.

പ്രളയത്തേയും അനുബന്ധമായി ഉണ്ടായ കെടുതികളെയും തുടർന്ന് കേരളത്തിന് ഏകദേശം 40,000 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് സംസ്ഥാന സർക്കാരിന്‍റെ പ്രാഥമിക വിലയിരുത്തൽ. സംസ്ഥാനത്തൊട്ടാകെ 18,347 വീടുകളാണ് തകർന്നത്. ഇതിൽ 13,016 വീടുകൾ വാസയോഗ്യമല്ലാത്തവിധം നശിച്ചു. ഇവർക്ക് നാലുലക്ഷം രൂപ സഹായത്തിന് അർഹതയുണ്ട്. എന്നാൽ ഇതുവരെ 4,635 കുടുംബങ്ങൾക്ക് സഹായം നൽകിയതായാണ് സർക്കാർ നിയമസഭയിൽ നൽകിയ കണക്ക്. ബാക്കിയുള്ള 8,371 കുടുംബങ്ങളിൽ ഏറെപ്പേരും വനഭൂമിയിലും ഉടമസ്ഥാവകാശസർട്ടിഫിക്കറ്റില്ലാത്ത പുറമ്പോക്കിലും വീടുവെച്ച് താമസിച്ചിരുന്നവരാണ്.

ഉടമസ്ഥാവകാശരേഖ ഹാജരാക്കാനാവാത്തതിനാൽ വീട്‌ തകർന്നവർക്ക് ലഭിക്കുന്ന നാലുലക്ഷം രൂപവരെയുള്ള സഹായം നൽകാനായിരുന്നില്ല. ഇത് ദുരിതാശ്വാസവിതരണത്തിന് തടസ്സമുണ്ടാക്കുന്നതായി ചൂണ്ടിക്കാട്ടി പാലക്കാടടക്കമുള്ള പ്രളയബാധിത ജില്ലകളിലെ കളക്ടർമാർ ദുരന്തനിവാരണവകുപ്പിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. മന്ത്രിസഭാ യോഗത്തിലുണ്ടായ തീരുമാനത്തെ തുടർന്ന് ഉടമസ്ഥാവകാശരേഖ ഉള്ളവർക്കുമാത്രം വീടിന് സഹായം എന്ന മുൻനിലപാടിൽ ദുരന്തനിവാരണ വകുപ്പ് മാറ്റം വരുത്തി.

എ. ലക്ഷ്മണന്‍, ഹൌസ് നമ്പര്‍ 1/203, രാജീവ് നഗര്‍, താണാവ്, ഒലവക്കോട്

ദുരന്തനിവാരണ വകുപ്പ് മുന്‍ നിലപാടില്‍ മാറ്റം വരുത്തിയതോടെ പ്രളയത്തില്‍ വീട് നശിച്ച കുടുംബങ്ങൾക്ക് ഉടമസ്ഥാവകാശരേഖയില്ലെങ്കിലും ധനസഹായം നല്‍കണം എന്നായി ചട്ടം. 4,600-ലധികം കുടുംബങ്ങൾക്ക് ഈ നിലപാട് മാറ്റം കൊണ്ട് ധനസഹായം ലഭിക്കും. എന്നാല്‍ പാലക്കാട്‌ ജില്ലയില്‍ ഒലവക്കോട് താണാവ് രാജീവ് നഗറിലെ എ. ലക്ഷ്മണന്റെ വീട് പൂര്‍ണ്ണമായും തകര്‍ന്നിട്ടു മാസങ്ങള്‍ കഴിഞ്ഞിട്ടും സര്‍ക്കാര്‍ സഹായം ഒന്നും തന്നെ ഇത് വരെയും ലഭിച്ചിട്ടില്ല.

 

ഒറ്റ ദിവസം കൊണ്ട് മുണ്ടൂര്‍ മേഖലയില്‍ ലഭിച്ചത് 50.8 മില്ലിമീറ്റര്‍ മഴയായിരുന്നു. ഈ മഴയിലാണ് ലക്ഷ്മണന്റെ വീട് പൂര്‍ണ്ണമായും തകര്‍ന്നത്. രാത്രിയില്‍ കുത്തിയൊലിച്ച് എത്തിയ പ്രളയജലം വീടു തകര്‍ത്തിട്ടു മാസം ആറായിട്ടും സഹായം സഹായം ഒന്നും ലഭിച്ചില്ലെന്ന് ലക്ഷ്മണന്‍ പറയുന്നു. സഹായം വാഗ്ദാനം ചെയ്ത് സ്ഥലത്തെത്തിയ വില്ലേജ് ജീവനക്കാർ ഇപ്പോൾ തിരിഞ്ഞു നോക്കുന്നില്ല. ലൈഫ് മിഷൻ വീടിനുള്ള സാധ്യത പരിശോധിക്കാൻ നിർദേശിച്ച് കളക്ടർ ഒരുമാസം മുമ്പ് നിർദ്ദേശിച്ചിരുന്നെങ്കിലും നഗരസഭാ ഉദ്യോഗസ്ഥര്‍ നടപടിയൊന്നും എടുത്തില്ല.

സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായം എന്ന് കിട്ടുമെന്നറിയാതെ സർക്കാർ ഓഫീസുകൾ കയറിയിറങ്ങുന്നവരുടെ പ്രതിനിധിയാണ് രാജീവ് നഗറിലെ ലക്ഷ്മണനെന്ന 70കാരൻ. ഓഗസ്റ്റ്‌ 13-ന് വീട് തകർന്നശേഷം ഭാര്യയും മക്കളുമടങ്ങുന്ന കുടുംബവുമായി പുതുപ്പരിയാരത്ത് വാടകവീട്ടിലാണ് ലക്ഷ്മണന്റെ താമസം. താമസിക്കാൻ പറ്റാത്തവിധം തകർന്നവീട്ടിൽനിന്ന് ഒഴിയണമെന്ന് വില്ലേജോഫീസർ നിർബന്ധിച്ചതോടെയാണ് വീട് മാറിയതെന്നും ഇപ്പോൾ അഞ്ചുമാസത്തെ വാടക കുടിശ്ശികയാണെന്നും ലക്ഷ്മണന്‍ വോക്ക് മലയാളത്തോട് പറഞ്ഞു.

വീടിരുന്ന സ്ഥലം റെയിൽവേയുടെയും വനംവകുപ്പിന്റെയുമല്ലെന്നും പട്ടയം നൽകണമെന്നും 2013-ൽ മനുഷ്യാവകാശ കമ്മിഷൻ വിധിച്ചിരുന്നു. എന്നാല്‍ ഇത് വരെയും പട്ടയം ലഭിച്ചിട്ടില്ല. പട്ടയമില്ലെങ്കിലും വീടിന് തുകനൽകാൻ സർക്കാർ ഉത്തരവുണ്ട്. ഇതും അധികൃതർ പരിഗണിക്കുന്നില്ലെന്ന് ലക്ഷ്മണന്‍ പറയുന്നു. സഹായം ലഭിക്കാത്ത വിവരം ചൂണ്ടിക്കാട്ടി നവംബറിൽ കളക്ടർക്ക് പരാതി നൽകി. ഉടൻ വേണ്ട നടപടിയെടുത്ത് പരാതിക്കാരനെ വിവരമറിയിക്കണമെന്ന് നിർദ്ദേശിച്ച് ഡിസംബർ മൂന്നിന് പാലക്കാട് നഗരസഭാ സെക്രട്ടറിക്ക് കളക്ടർ കത്തുനൽകി. ഒരുമാസം കഴിഞ്ഞിട്ടും ആരും തിരിഞ്ഞുനോക്കാഞ്ഞതോടെ ഇക്കാര്യം കാണിച്ച് ആർ.ഡി.ഒ.യ്ക്ക് പരാതിനൽകാൻ ലക്ഷ്മണൻ വീണ്ടും കളക്ടറേറ്റിലെത്തി. പരാതി സ്വീകരിച്ച ആർ.ഡി.ഒ. നഗരസഭയിലെത്തി നടപടിയെന്തായി എന്ന് അന്വേഷിച്ചുവരാൻ നിർദേശിച്ചിരിക്കയാണ്.

ജോസഫ് തണ്ണിക്കോട്ട് (72), വെള്ളത്തൂവൽ ഗ്രാമപഞ്ചായത്ത്

https://youtu.be/zvHrZVHU2Uc

ഉരുൾപൊട്ടലിൽ തകർന്ന ഇപ്പോഴും മണ്ണും ചെളിയും മാറ്റാത്ത വീടിന്‍റെ ഇടിഞ്ഞുവീഴാറായ ചുമരിൽ “ദുരന്തത്താൽ 8 മുറികൾ തകർന്ന വീട് കൈക്കൂലി കൊടുക്കാത്തതിനാൽ ഒരു സഹായവും കിട്ടിയില്ല, പണമുണ്ടാക്കാൻ വൃക്ക വിൽപനക്ക്” എന്ന് കരികൊണ്ടെഴുതി കാത്തിരിക്കുകയാണ് ഇടുക്കി ജില്ലയിലെ വെള്ളത്തൂവൽ ഗ്രാമപഞ്ചായത്ത് നിവാസിയായ ജോസഫ്. ജോസഫ്‌ ചേട്ടനും ഭാര്യ ആലീസും വീടിനോടുചേർന്നുള്ള മുറികൾ വാടകക്ക് കൊടുത്താണ് ഉപജീവനം നടത്തികൊണ്ടിരിന്നതു. ആഗസ്റ്റ് 15 ലെ ഉരുൾപൊട്ടലിൽ വീടു നശിച്ച ഇവര്‍ അധികൃതരുടെ സഹായം പ്രതീക്ഷിച്ച് കാത്തിരിക്കാന്‍ തുടങ്ങിയിട്ട് ആറു മാസം തികയുന്നു. പ്രാഥമികമായി ലഭിക്കേണ്ട 10000 രൂപപോലും തനിക്ക് കിട്ടിയില്ലെന്ന് ജോസഫ് പറയുന്നു.

ദുരന്തമുണ്ടായി അധികം കഴിയാതെ അധികൃതര്‍ വന്നു പോയി എങ്കിലും കൈകൂലിയുടെയും സ്വാധീനത്തിന്റെയും ഫലമായി അനര്‍ഹാരായവര്‍ക്ക് സര്‍ക്കാര്‍ സഹായം ലഭിച്ചെന്നു ജോസഫ് പറയുന്നു. അതെ സമയം സാമ്പത്തികമായും അല്ലാതെയും യാതൊരു സഹായവും ലഭിക്കാതെ പലരും ആത്മഹത്യയുടെ വക്കില്‍ ആണെന്ന് അദ്ദേഹം പറയുന്നു.

https://youtu.be/A8FHOhWCEl8

ദുരന്തത്തിന്‍റെ ഭീകരത ഏറ്റവും കൂടുതല്‍ ഏറ്റുവാങ്ങുകയും എന്നാല്‍ അതിജീവനത്തിന്‍റെ കാര്യത്തില്‍ ഏറ്റവും പിന്നിലുമുള്ള ജില്ലയാണ് ഇടുക്കി. കേരളം പ്രളയം എന്നവാക്ക് ആവർത്തിച്ചു പറഞ്ഞുകൊണ്ടാണ് ഉരുൾപൊട്ടലെന്നതിനെ ഇടംലഭിക്കാതെപോകുന്നത് മറ്റു ജില്ലകളിൽ വെള്ളംകയറിയ വീടുകൾക്കു ലഭിക്കുന്ന യാതൊരുപരിഗണയും ഉരുൾപൊട്ടലിൽ തകർന്ന വീടുകൾക്കും കൃഷിസ്ഥലത്തിനും ലഭ്യമായിട്ടില്ല. വാസയോഗ്യമല്ലാത്ത തകർന്ന വീടുകളിൽ ജീവിക്കുന്ന നൂറുകണക്കിന് കുടുംബങ്ങളാണ് ഇപ്പോഴും ഇടുക്കിലുള്ളത്.

അടിമാലി കുടകല്ല് ആദിവാസി സെറ്റില്‍മെന്‍റ്

കേരളത്തെ നടുക്കിയ പ്രളയത്തില്‍ ഒറ്റപ്പെട്ടു പോയ പ്രദേശങ്ങളില്‍ ഒന്നാണ് ഇടുക്കി ജില്ലയിലെ അടിമാലി കുടകല്ല് കോളനി. ഏകദേശം ആറു വീടുകള്‍ പൂര്‍ണ്ണമായും പതിനഞ്ചോളം വീടുകള്‍ ഭാഗികമായും ഈ പ്രദേശത്ത് തകര്‍ന്നു. ഏകദേശം അറുപത് കുടുംബങ്ങളാണ് കോളനിയിലുള്ളത്. ഉരുള്‍പൊട്ടല്‍ കാരണം ഇവരുടെ ഉപജീവന മാര്‍ഗമായ കൃഷിക്ക് നാശം സംഭവിച്ചു. മറ്റു പ്രദേശങ്ങളില്‍ നിന്ന് അകന്ന് മാറിയുള്ള കോളനി ആയത് കാരണം കോളനിയോട് ചേര്‍ന്ന കമ്യുണിറ്റി ഹാളില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന കോളനി നിവാസികള്‍ ഒരു മാസത്തോളം തിങ്ങി പാര്‍ക്കേണ്ടി വന്നു. എന്നാല്‍ പ്രളയത്തില്‍ വീട് തകര്‍ന്നവര്‍ക്കോ കൃഷി നശിച്ചവര്‍ക്കോ ഇത് വരെയും യാതൊരു ആനുകൂല്യങ്ങളും ലഭിച്ചില്ലെന്ന് പ്രദേശവാസിയായ ശിവരാമന്‍ വോക്ക് മലയാളത്തോട് പറഞ്ഞു.

രാജേന്ദ്രന്‍ നായര്‍, താഴെടത്ത് വടക്കേതില്‍ വീട്, ചെറുതന, ഹരിപ്പാട്, ആലപ്പുഴ

പ്രളയ സമയത്ത് ആന്‍ജിയോപ്ലാസ്റ്റി ചികിത്സയുടെ ഭാഗമായി എറണാകുളം ലിസി ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് ചെറുതനയില്‍ താഴെടത്ത് വടക്കേതില്‍ വീട്ടില്‍ രാജേന്ദ്രന്‍ നായര്‍. വീട് നില്‍ക്കുന്ന പ്രദേശങ്ങള്‍ വെള്ളം കേരിയിരിക്കുകയാണെന്നും രോഗിയായ ഭര്‍ത്താവിനെ കൊണ്ട് വീട്ടിലേക്ക് പോവരുതെന്ന ഡോക്ടറുടെ നിര്‍ദേശപ്രകാരമാണ് ആശുപത്രി വിട്ട ശേഷം ബന്ധു വീട്ടിലേക്ക് പോയതെന്നും രാജേന്ദ്രന്‍റെ ഭാര്യ രമ വോക്ക് മലയാളത്തോട് പറഞ്ഞു. വീട് പലസ്ഥലത്തും വിണ്ടു കീറിയ ഇവര്‍ക്ക് ഇത് വരെ അര്‍ഹതപ്പെട്ട യാതൊരു ആനുകൂല്യവും ലഭിച്ചിട്ടില്ല.

സുജാത സുനില്‍, വാണിയെപുരക്കല്‍, നെടുമുടി

ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിൽ ആലപ്പുഴ നഗരത്തിൽനിന്നും 13 കിലോമീറ്റർ കിഴക്കുമാറിയാണ് നെടുമുടി സ്ഥിതിചെയ്യുന്നത്. ഇവിടെ വാണിയെപുരക്കല്‍ സുജാത സുനിലിന്‍റെ വീട് പ്രളയത്തില്‍ പൂര്‍ണ്ണമായും തകര്‍ന്നു. എന്നാല്‍ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവരുടെ സര്‍ക്കാര്‍ പട്ടികയില്‍ അവരുടെ പേരില്ല. പാടത്തിന്‍റെ നടുവിലായി രണ്ട് മുറിയുള്ള വീട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്. ഈ വീടാണ് പ്രളയത്തില്‍ നിലംപരിശായത്. ഭര്‍ത്താവ് മരിച്ച സുജാതയും മൂന്ന് മക്കളുമാണ് ഇവ്ടെ താമസിക്കുന്നത്. ഇപ്പോള്‍ നാട്ടുകാര്‍ മുന്‍കയ്യെടുത്ത് ഒരു ഷെഡ്‌ കെട്ടി അതിനടുത്താണ് താമസം. അധികൃതര്‍ പലരും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് വന്നെങ്കിലും ഇവരെ പ്രളയത്തില്‍ നഷ്ടം സംഭവിച്ചവരുടെ പട്ടികയില്‍ ഇത് വരെയും ഇവരുടെ പേര് വന്നിട്ടില്ലെന്ന് സുജാത പറയുന്നു.

ഈ ഭാഗത്ത് വെള്ളം കയറാനുള്ള കാരണം പുഴയുടെ തീരത്തോട് ചേര്‍ന്ന പ്രദേശം ആയതും സംരക്ഷണ ഭിത്തി ഇല്ലാത്തതും ആണെന്ന് പൊതു പ്രവര്‍ത്തകയായ മംഗലത്ത് സുശീല വോക്ക് മലയാളത്തോട് പറഞ്ഞു. നിരവധി വീടുകള്‍ക്ക് പ്രദേശത്ത് നാശനഷ്ടം സംഭവിച്ചു. സുശീലയുടെ വീട്ടില്‍ തന്നെ നൂറ്റി മുപ്പത്തി അഞ്ചോളം കോഴികള്‍ ചത്ത് പൊങ്ങുകയും വീട്ടിലെ ഫര്‍ണിച്ചറുകള്‍ ഉള്‍പ്പടെ ഉള്ള വസ്തുവകകള്‍ക്ക് നാശം സംഭവിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *