കെനിയ:
‘ബ്ലാക്ക് പാന്തർ’ എന്ന സൂപ്പർ ഹീറോ കഥാപാത്രവും ആ പേരിൽ വന്ന ഹോളിവുഡ് ചിത്രവും ലോക പ്രശസ്തമാണ്. എന്നാൽ ആ കഥാപാത്രത്തിന്റെയും സിനിമയുടെയും പേരിനെ സ്വാധീനിച്ച ബ്ലാക്ക് പാന്തർ (കരിം പുലി/ കറുത്ത പുള്ളിപുലി) എന്ന ആഫ്രിക്കൻ വനങ്ങളിൽ വസിക്കുന്ന യഥാർത്ഥ മൃഗത്തെ കാണാൻ സാധിക്കുക എന്നത് അത്യപൂർവ്വമായ കാര്യമാണ്. വിരളമായി മാത്രം കാണപ്പെടുന്ന അതിശയകരമായ ഈ വന്യജീവിയുടെ വളരെ കുറച്ച് ചിത്രങ്ങൾ മാത്രമേ നിലവിലുള്ളൂ.
അതേസമയം വിൽ ബുറാർഡ് ലൂക്കാസ് എന്ന വന്യജീവി ഫോട്ടോഗ്രാഫർ അപൂർവ്വമായ കറുത്ത പുള്ളിപ്പുലിയുടെ ദൃശ്യങ്ങൾ പകർത്തിയതായി ബി.ബി.സി കഴിഞ്ഞ ദിവസം റിപ്പോർട്ടു ചെയ്തിരുന്നു. 100 വർഷങ്ങൾക്കു ശേഷം ആദ്യമായാണ് ഒരാൾ ആഫ്രിക്കയിലെ കറുത്ത പുള്ളിപ്പുലിയെ (melanistic leopard) ക്യാമറയിൽ പകർത്തുന്നത് എന്നാണു പറയപ്പെടുന്നത്.
ബ്ലാക്ക് ലെപർഡ്, ബ്ലാക്ക് ജാഗ്വാർ എന്നീ പേരുകളിൽ അവ ജീവിക്കുന്ന പ്രദേശങ്ങൾക്ക് അനുസരിച്ച് അറിയപ്പെടുന്ന ബ്ലാക്ക് പാന്തറിനെ (കറുത്ത പുള്ളിപ്പുലിയെ) കെനിയയിലെ ലെയ്കിപ്പിയ വൈൽഡർനെസ്സ് ക്യാമ്പിൽ (Laikipia Wilderness Camp) കാണപ്പെട്ടതായുള്ള കിംവദന്തികൾ കേട്ടതിനെത്തുടർന്നാണ് വിൽ ബുറാർഡ് ലൂക്കാസ് അവിടേക്കു പോകുന്നത്.
വനത്തിലെ കുറ്റിച്ചെടികൾ വളരുന്ന പ്രദേശങ്ങളിലൂടെ സ്റ്റീവ് എന്ന ഒരു ഗൈഡിന്റെ സഹായത്തോടെ കറുത്ത പുള്ളിപ്പുലിയുടെ കാൽപ്പാടുകൾ പിന്തുടർന്ന വിൽ ബുറാർഡ് ലൂക്കാസ്, കാംട്രാപ്ഷൻസ് ക്യാമറ കെണി (Camtraptions camera traps-വന്യജീവി ഫോട്ടോഗ്രഫിക്കുള്ള വിദൂര നിയന്ത്രണ ക്യാമറകളും ക്യാമറ കെണികളും വികസിപ്പിക്കുന്നു കമ്പനിയാണ് കാംട്രാപ്ഷൻസ്) ഒരു നിശ്ചിത സ്ഥലത്തു ഒരുക്കി കറുത്ത പുള്ളിപ്പുലി വരുന്നതിനായി കാത്തിരുന്നു.
ക്യാമറക്കെണിയൊരുക്കി പുലിയെ കാത്തിരിക്കുന്നത് ശ്രമകരവും അത്യധികം ക്ഷമയും ആവശ്യമുള്ള ജോലിയാണ്. പുലിയുടെ കാൽപ്പാടുകളുടെ വിന്യാസം കണക്കുകൂട്ടി ഊഹത്തിന്റെ പുറത്താണ് ഈ കെണിയൊരുക്കുന്നത്. കെണിയൊരുക്കിയ ഇടത്തേക്ക് പുലി തിരിഞ്ഞു നോക്കാത്ത സാഹചര്യങ്ങളാണ് മിക്കപ്പോഴും ഉണ്ടാവാറുള്ളത്.
മറ്റൊന്ന്, പിന്തുടർന്നത് കറുത്ത പുള്ളിപ്പുലിയുടെ കാൽപ്പാടുകൾ തന്നെയാണോ അതോ മറ്റു വല്ല പുലികളുടെയും കാൽപ്പാടുകളാണോ എന്നതിനെക്കുറിച്ച് ബുറാർഡ് ലൂക്കാസിനും സഹായിക്കും ഒരു ഉറപ്പുമില്ലായിരുന്നു.
കെണിയൊരുക്കി രണ്ടു രാത്രികൾ കാത്തിരുപ്പു തുടർന്നിട്ടും നിരാശയായിരുന്നു ഫലം. പ്രതീക്ഷകൾ എല്ലാം നഷ്ടപ്പെട്ട ബുറാർഡ് ലൂക്കാസ് കരിം പുലി പോയിട്ട് ഒരു സാധാരണ പുലിയെങ്കിലും വന്നിരുന്നെങ്കിൽ എന്ന അവസ്ഥയിലായി.
എന്നാൽ കാത്തിരിപ്പിന്റെ നാലാം രാത്രി ലൂക്കാസിന്റെ ഭാഗ്യം തെളിഞ്ഞു. ക്യാമറ കെണിയുടെ കണ്ണുകൾ ചിമ്മി കറുത്ത പുള്ളിപ്പുലിയുടെ ചിത്രങ്ങൾ ക്യാമറയുടെ സെൻസറിൽ പതിഞ്ഞു. ലൂക്കാസ് പകർത്തിയ കറുത്ത പുള്ളിപ്പുലി ആണായിരുന്നു, അതിന്റെ വലുപ്പത്തെ ആധാരമാക്കി ഏകദേശം രണ്ട് വയസ്സ് പ്രായവും കണക്കാക്കി.
ഈ പ്രദേശത്ത് കറുത്ത പുള്ളിപ്പുലികൾ ജീവിക്കുന്നുണ്ടെന്നതിനെ പറ്റി ധാരാളം കഥകൾ കേട്ടിട്ടുണ്ട് എന്നും, എന്നാൽ ഈ കഥകൾ സ്ഥിതീകരിക്കാൻ കഴിയുന്ന തരത്തിൽ ഗുണനിലവാരമുള്ള ചിത്രങ്ങൾ ഇതിനു മുൻപ് ലഭിച്ചിരുന്നില്ലെന്നും ലെയ്കിപ്പിയ കൗണ്ടിയിലെ (Laikipia County) പുള്ളിപ്പുലി സംരക്ഷണ പരിപാടിയുടെ ഗവേഷണത്തിന് നേതൃത്വം വഹിക്കുന്ന ഡോ.നികോളാസ് പിൽഫോൾഡ്, ബി.ബി.സി യോട് പറഞ്ഞു.
ആഫ്രിക്കയിൽ കറുത്ത പുള്ളിപ്പുലിയുടെ 100 വർഷങ്ങൾക്കിടയിൽ ആദ്യമായി സ്ഥിരീകരിക്കപ്പെട്ട ചിത്രങ്ങളാണ് ഇവ എന്നും. കറുത്ത പുള്ളിപ്പുലയുള്ള ആഫ്രിക്കയിലെ ഒരേയൊരു സ്ഥലമാണ് ഇതെന്നും പിൽഫോൾഡ് പറഞ്ഞു.
2013-ൽ കെനിയയുടെ ഡെയ്‌ലി നാഷൻ ദിനപത്രവും കറുത്ത പുള്ളിപ്പുലിയെ ചിത്രീകരിച്ചിട്ടുണ്ട്. എന്നാൽ ആ പുലിയെ കാട്ടുമൃഗം ആയി കണക്കാക്കാൻ സാധിക്കില്ലെന്നും അതിനെ അമേരിക്കയിൽ നിന്ന് കെനിയയിലേക്ക് കുഞ്ഞായിരുന്നപ്പോൾ കൊണ്ടുവന്നതാണെന്നും ഡോ. പിൽഫോൾഡ് പറഞ്ഞു.
കൂടുതൽ ചിത്രങ്ങൾ ലഭിക്കുന്നതിനായി ലൂക്കാസ് തന്റെ ക്യാമറകൾ കെനിയയിലെ പാർക്കിൽ കറുത്ത പുള്ളിപ്പുലിയെ കണ്ടെത്തിയ സ്ഥലത്തു തന്നെ വച്ചിരിക്കുകയാണ്. ഏതാനും ആഴ്ചകൾക്കുള്ളിൽ ചെന്ന് വീണ്ടും ചിത്രങ്ങൾ പതിഞ്ഞിട്ടുണ്ടോ എന്ന് പരിശോധിക്കും.
കറുത്ത പുലിയുടെ കൂടുതൽ ചിത്രങ്ങൾ ലഭിക്കാനുള്ള സമയം കുറഞ്ഞുവരുകയുമാണ്, കാരണം ഇപ്പോൾ ചിത്രങ്ങളിൽ പതിഞ്ഞ പുലിയുടെ അതേ പ്രായത്തിലാണ് അവയെ മറ്റ് ശക്തരായ വലിയ ആൺ പുലികൾ തന്റെ സ്വന്തം പ്രദേശം കണ്ടെത്തുന്നതിന് അതിർത്തിയിൽ നിന്നും പുറത്താക്കുക.
മെലാനിസം (melanism) എന്ന് വിളിക്കുന്നു ജൈവ പ്രക്രിയ മൂലമാണ് കറുത്ത പുള്ളിപുലികൾക്ക് ആ നിറം ലഭിക്കുന്നത്. വീട്ടിൽ വളർത്തുന്ന പൂച്ചകൾക്കും പൂച്ച വർഗ്ഗത്തിലെ മറ്റ് മൃഗങ്ങൾക്കും കറുപ്പ് നിറം ലഭിക്കുന്നതും ഇതേ പ്രക്രിയ മൂലമാണ്. ശരീരം വെളുത്ത നിറത്തിലാകുന്ന ആൽബിനോ (albino) എന്ന പ്രക്രിയയുടെ നേർ വിപരീത അവസ്ഥയാണിത്.
ബ്ലാക്ക് പാന്തർ അടിസ്ഥാനപരമായി മെലാനിസ്റ്റിക് (melanistic) ആയ പുള്ളിപ്പുലിയാണ്. ആഫ്രിക്കയിലും ഏഷ്യയിലും ഉള്ള ഇത്തരം കറുത്ത പുള്ളിപ്പുലികളെ ബ്ലാക്ക് ലെപർഡ് എന്നാണ് വിളിക്കാറ്. തെക്കേ അമേരിക്കയിൽ ബ്ളാക്ക് ജാഗ്വാർ എന്നും.ബ്ലാക്ക് പാന്തർ എന്നത് അതിനാൽ തന്നെ ഒരു അയഞ്ഞ പദമാണ്.
ലൂക്കാസിന്റെ ക്യാമറയിൽ സാധാരണ നിറത്തിലുള്ള ഒരു ആൺ പുള്ളിപുലിയുടെ ചിത്രവും പതിഞ്ഞിരുന്നു ഇത് കറുത്ത പുള്ളിപ്പുലിയുടെ അച്ഛനാവാനാണ് സാധ്യത. കറുത്ത പുള്ളിപ്പുലകൾ ജനിക്കുന്നതിന് കറുപ്പ് നിറത്തിലുള്ള പുള്ളിപ്പുലികൾ തന്നെ ഇണ ചേരണമെന്ന് നിർബന്ധമില്ല. എന്നാൽ മാതാപിതാക്കൾ ഇരുവരിലും മെലാനിസത്തിന്റെ ജീൻ ഉണ്ടായിരിക്കണം.
കിഴക്കൻ ആഫ്രിക്കയിൽ എത്ര പുള്ളിപ്പുലികൾ ഉണ്ടെന്ന് തിട്ടപ്പെടുത്തുക ബുദ്ധിമുട്ടുള്ള കാര്യാമാണ് അതിനേക്കാൾ കഠിനമാണ് കറുത്ത പുള്ളിപ്പുലികളുടെ എണ്ണം കണ്ടെത്തുക എന്നത്. ഈ ജീവികളുടെ രഹസ്യ സ്വഭാവം തന്നെയാണ് ഇതിന് കാരണം.മൊത്തം പുള്ളിപ്പുലികളുടെ സംഖ്യയുടെ ഒരു ചെറിയ ശതമാനം മാത്രമായിരിക്കും കറുപ്പ് നിറത്തിലുള്ളവ. കിഴക്കൻ ആഫ്രിക്കയിൽ വിരലിലെണ്ണാവുന്ന അത്ര കറുത്ത പുള്ളിപ്പുലികളെ ഉണ്ടാവാൻ സാധ്യതയുള്ളൂ എന്ന് ചുരുക്കം.