ദുബായ്:
ലോക കേരള സഭയുടെ പശ്ചിമേഷ്യ മേഖലാ സമ്മേളനം, ദുബായി ഇത്തിസലാത്ത് അക്കാദമിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ, സ്പീക്കർ സ്പീക്കർ ശ്രീരാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
വിദേശ ജോലി തേടുന്ന സ്ത്രീകളുടെ സുരക്ഷിതത്വത്തിന് നോര്‍ക്കാ റൂട്‌സിനു കീഴില്‍ വനിത എന്‍.ആര്‍.ഐ സെല്‍ രൂപവത്കരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്‌ഘാടന സമ്മേളനത്തിൽ പ്രഖ്യാപിച്ചു.
കേരളത്തിലെ വിമാനത്താവളങ്ങളില്‍ വനിതകള്‍ക്കായി മൈഗ്രേഷന്‍ ഫെലിസിറ്റേഷന്‍ കേന്ദ്രങ്ങളും, പാസ്‌പോര്‍ട്ട് ഓഫീസുകളുമായി ബന്ധപ്പെട്ട് പ്രീ എംബാര്‍ക്കേഷന്‍- ഓറിയന്റേഷന്‍ സെന്ററുകളും ആരംഭിക്കും. ഇതോടെ വിദേശത്തു തനിച്ചു ജോലി ചെയ്യുന്ന സ്ത്രീകളുടെ പ്രശ്നങ്ങൾക്ക് ഒരു പരിധി വരെ പരിഹാരം ഉണ്ടാകുമെന്നു അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
പ്രവാസികളുടെ സഹായത്തോടെ എന്‍.ആര്‍.ഐ കണ്‍സ്ട്രക്ഷന്‍ കമ്പനി രൂപവത്കരിക്കും. കേരളത്തിനായി ഒരു എന്‍.ആര്‍.ഐ ബാങ്ക് തുടങ്ങുന്നതിന്റെ പ്രായോഗികതയും ചര്‍ച്ച ചെയ്യും. ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റ്, നോര്‍ക്ക സൗജന്യമായി നടത്തും. നോര്‍ക്ക റൂട്‌സിന്റെ അംഗത്വകാര്‍ഡുള്ളവര്‍ക്ക് ടിക്കറ്റ് നിരക്കില്‍ ഇളവുകള്‍ ലഭ്യമാക്കാന്‍ വിവിധ വിമാന കമ്പനികളുമായി ചർച്ച പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘പ്രവാസ കേരളം-ഒരു മധ്യപൂർവേഷ്യൻ അനുഭവം’ എന്ന വിഷയത്തിൽ സാഹിത്യകാരനായ ബെന്യാമിനും പ്രഭാഷണം നടത്തി. തുടര്‍ന്നു നടന്ന പൊതു ചര്‍ച്ചയില്‍ പ്രവാസികള്‍ നേരിടുന്ന നിരവധി പ്രശ്നങ്ങള്‍ പ്രതിനിധികള്‍ അവതരിപ്പിച്ചു.
ചീഫ് സെക്രട്ടറി ടോം ജോസ് മേഖലാ സമ്മേളനത്തിന്റെ പ്രഖ്യാപനം നിര്‍വഹിച്ചു. ഇന്ത്യന്‍ അംബാസഡര്‍ നവദീപ് സിംഗ് സൂരി, കെ.സി.ജോസഫ് എം.എല്‍.എ, എം.എ യൂസഫലി, രവി പിള്ള, ഡോ.ആസാദ് മൂപ്പന്‍, നടി ആശാ ശരത് തുടങ്ങി പ്രമുഖർ രണ്ടു ദിവസം നീളുന്ന സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.
ശനിയാഴ്ച രാവിലെ പ്രവാസി പ്രശ്നങ്ങൾ പഠിക്കാൻ പ്രമുഖ പ്രവാസികളെ ഉൾപ്പെടുത്തി രൂപവത്കരിച്ച ഏഴ് സ്റ്റാൻറിങ് കമ്മിറ്റികളുടെ ശുപാർശകൾ സമ്മേളനം ചർച്ച ചെയ്യും. വൈകീട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ സമാപന പ്രസംഗം നടത്തും. കഴിഞ്ഞ വർഷമാണ് ലോക കേരള സഭ നിലവിൽ വന്നത്.