യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോൾ പ്രീക്വാർട്ടർ ആദ്യപാദത്തിൽ സ്പാനിഷ് ക്ലബ്ബ് റയൽ മാഡ്രിഡിനും ഇംഗ്ലീഷ് ക്ലബ്ബ് ടോട്ടനത്തിനും ജയം. റയൽ 2–1ന് ഡച്ച് ക്ലബ് അയാക്സ് ആംസ്റ്റർഡാമിനെയും ടോട്ടനം 3–0ന് ജർമ്മൻ ക്ലബ് ബോറൂസിയ ഡോർട്മുണ്ടിനെയും കീഴടക്കി.
റയൽ മാഡ്രിഡ് ഡച്ച് ടീം അയാക്‌സ് ആംസ്റ്റർഡാമിനോട് കഷ്ടിച്ചു രക്ഷപ്പെടുകയായിരുന്നു. ആദ്യ പകുതിയുടെ അവസാനം ടഗ്ലിഫിക്കോയിലൂടെ അയാക്‌സ് മുന്നിലെത്തിയതാണ്. എന്നാല്‍ വീഡിയോ അസിസ്റ്റന്റ് റഫറി സിസ്റ്റത്തിലെ ആ ഗോള്‍ ഓഫ്‌സൈഡ് ആണെന്ന് കണ്ടെത്തി. ഇതോടെ ഗോള്‍ നിഷേധിക്കുകയായിരുന്നു. 60-ാം മിനിറ്റില്‍ കരീം ബെന്‍സെമയിലൂടെ റയല്‍ ആദ്യ ഗോൾ നേടി.
15 മിനിറ്റിന് ശേഷം മൊറോക്കന്‍ സൂപ്പര്‍ സ്റ്റാര്‍ ഹക്കീം സീയെച്ച് ഗോൾ മടക്കി അയാക്സിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടു വന്നു. പക്ഷെ കളി തീരാൻ 3 മിനിറ്റുള്ളപ്പോൾ ഡാനി കാർവഹാളിന്റെ ക്രോസിൽനിന്ന് മാർക്കോ അസ്സെൻസിയോ റയലിന്റെ വിജയഗോൾ നേടുകയായിരുന്നു.
ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന മറ്റൊരു മത്സരത്തിൽ, ജര്‍മ്മന്‍, കരുത്തരായ ബൊറൂസിയ ഡോട്ട്മുണ്ടിനെ ടോട്ടനം മൂന്നു ഗോളിന് തോൽപ്പിച്ചു. ഡിഫൻഡർ യാൻ വെർടോംഗന്റെ മികവിലാണ് ഇംഗ്ലീഷ് ക്ലബ് ടോട്ടനം ജർമ്മൻ ക്ലബ്ബിനെ തറപറ്റിച്ചത്. സണ്‍ ഹ്യൂങ് മിന്‍, വെര്‍ട്ടോഗന്‍, ഫെര്‍ണാണ്ടോ ലോറന്റെ എന്നിവരാണ് ടോട്ടനത്തിന്റെ ഗോള്‍ സ്‌കോറര്‍മാര്‍.