Wed. Nov 6th, 2024

 

കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിന്റെ റിലീസിനെത്തുടർന്ന് കഴിഞ്ഞ ദിവസം ഒരു ടെലിവിഷൻ അഭിമുഖത്തിൽ തിരക്കഥാകൃത്ത് ശ്യാം പുഷ്ക്കരനോട് മാധ്യമപ്രവർത്തകൻ നികേഷ് കുമാർ ചോദിക്കുന്നുണ്ട്, സിനിമയിൽ, “എത്ര റിയലിസ്റ്റിക് ആവണം എന്നത് സംബന്ധിച്ച് ഒരു മെഷർമെന്റ് (അളവ്) ഉണ്ടോ?” എന്ന്. ഈ ചോദ്യം കേട്ടപ്പോൾ ഓർമ്മ വന്നത്, ശ്യാം പുഷ്ക്കരൻ, ദിലീഷ് പോത്തൻ എന്നിവർ ചേർന്ന് ഒരുക്കിയ ‘മഹേഷിന്റെ പ്രതികാരം’ എന്ന ചിത്രത്തിൽ ഉണ്ടെന്ന് പൊതുവെ പറയപ്പെടുന്ന റിയലിസം എന്നത്, കാട്ടിലെ മരം പൊഴിക്കുന്ന അപ്പൂപ്പൻതാടികളെ പെറുക്കിയെടുത്തു പ്ലാസ്റ്റിക് കൂടിലിട്ടു ടൌണിൽ കൊണ്ടുവന്ന് ഉയരത്തിൽ കയറിനിന്ന് പെൺകുട്ടി വരുമ്പോൾ ടൈമിംഗ് നോക്കി വിതറി ഫോട്ടോ എടുക്കുന്നതാണ് എന്ന് വിമർശകനായ സഞ്ജീവ് ശ്രീധരൻ നടത്തിയ നിരീക്ഷണമാണ്.

മലയാള മുഖ്യധാരാ സിനിമയിൽ ഈ അടുത്ത കാലത്ത് ഉണ്ടായിട്ടുള്ള പ്രകടമായ രണ്ട് മാറ്റങ്ങൾ എന്നത് പ്രൊഡക്ഷൻ സൗണ്ടിന്റെയും (സിങ്ക് സൗണ്ട്), ഡ്രോൺ ക്യാമറകളുടെയും ഉപയോഗം വ്യാപകമായി എന്നതാണ്. ഡ്രോൺ ക്യാമറകൾ പലപ്പോഴും അങ്ങനെ ഒരു സാങ്കേതികത ഉണ്ട് എന്നും, അതിന്റെ ചെലവു വഹിക്കാന്‍ മലയാള സിനിമക്ക് കഴിവുണ്ട് എന്നും കാണിക്കുന്നതിൽ ഉപരിയായി സൗന്ദര്യപരമായി ഏതെങ്കിലും സിനിമയിൽ ഉപയോഗിച്ചിരിക്കുന്നതു വിരളമായേ കണ്ടിട്ടുള്ളൂ.

പ്രൊഡക്ഷൻ സൗണ്ടിന്റെ ഉപയോഗം മുഖ്യധാരാ സിനിമയുടെ രസാനുഭവത്തെ വലിയതോതിൽ മാറ്റിയിട്ടുണ്ട് എന്നതിൽ തർക്കമില്ല. ഇതല്ലാതെ പുതുതലമുറ സിനിമകളുടെ ഭാവുകത്വത്തിലും രൂപത്തിലും (Form) കാതലായ മാറ്റങ്ങൾ ഉണ്ടാവുന്നുണ്ടോ എന്ന ചോദ്യത്തിനുള്ള ഉത്തരം, അതിപ്പോഴും കെ.ജി ജോർജിന്റെയും, പത്മരാജന്റെയും, ഭരതന്റെയും, സത്യൻ അന്തിക്കാടിന്റെയും ഭാവുകത്വത്തിൽ നിന്നും അധികം ഒന്നും മുന്നോട്ടു പോയിട്ടില്ല എന്നാണ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ മേൽ പറഞ്ഞ മുതിർന്ന സംവിധായകരുടെ ചിത്രങ്ങളുടെ/ഭാവുകത്വത്തിന്റെ പുതുക്കി പണിയൽ മാത്രമാണ് നിലവിൽ നടക്കുന്നത്. ഇത് പുതു ചിത്രങ്ങളുടെ രചയിതാക്കളും നിഷേധിക്കാൻ തരമില്ല.

മധു സി നാരായണൻ സംവിധാനം ചെയ്ത ശ്യാം പുഷ്ക്കരൻ തിരക്കഥയെഴുതിയ ‘കുമ്പളങ്ങി നൈറ്റ്സ്’ കൊച്ചിയിലെ കുമ്പളങ്ങി എന്ന ദ്വീപ്-ഗ്രാമം പശ്ചാത്തലമാക്കി രണ്ടു കുടുംബങ്ങളുടെ കഥ പറയുന്ന ചിത്രമാണ്. അതിൽ ഒരു കുടുംബം പുറംപോക്കായ ഒരു തുരുത്തിൽ -കക്കൂസില്ലാത്ത, അടച്ചുറപ്പില്ലാത്ത, ചുമരു തേയ്ക്കാത്ത- കൊച്ചു വീട്ടിൽ താമസിക്കുന്ന ‘അനാഥരായ’ നാലു സഹോദരങ്ങളുടേതാണ്. സജി (സൗബിൻ ഷാഹിർ) ബോണി (ശ്രീനാഥ് ഭാസി) ബോബി (ഷൈൻ നിഗം) ഫ്രാങ്കി (മാത്യു തോമസ്) എന്നിവരാണ് ഈ സഹോദരങ്ങൾ. ഇളയവരായ ബോബിയും ഫ്രാങ്കിയും മൂത്ത സഹോദരനായ സജിയുടെ പിതാവും, മൂകനും ഡാൻസറുമായ ബോണിയുടെ മാതാവും തമ്മിലുള്ള വൈവാഹിക ബന്ധത്തിൽ പിറന്നവരാണ്. ‘തന്ത ഇല്ലാത്തവർ’ എന്ന വിളി നാട്ടുകാരിൽ നിന്നും കേൾക്കേണ്ടി വരുന്നവരാണിവർ നാലുപേരും.

ചിത്രത്തിലെ രണ്ടാമത്തെ കുടുംബം ബേബി മോൾ (അന്ന ബെൻ) അവളുടെ ചേച്ചി സിമ്മി (ഗ്രേസ് ആന്റണി) ഇരുവരുടെയും അമ്മ (അംബിക റാവു), സിമ്മിയുടെ ബാർബറായ ഭർത്താവ് ഷമ്മി (ഫഹദ് ഫാസിൽ) എന്നിവരുടേതാണ്. പിതാവ് മരിച്ചു പോയ ഈ കുടുംബത്തിൽ, വിവാഹശേഷം താമസമാക്കുന്ന ഷമ്മി മൂന്ന് സ്ത്രീകളുടെയും രക്ഷാകർതൃത്വം സ്വമേധയാ ഏറ്റെടുക്കുന്നു.

നാലു സഹോദരങ്ങളിൽ ഏറ്റവും ഇളയവനായ ഫ്രാങ്കി അവധിക്ക് കുമ്പളങ്ങിയിൽ വരുന്നിടത്താണ് കഥയുടെ ആരംഭം. കുമ്പളങ്ങിയിൽ നിന്നും ദൂരെ ഒരു സ്ഥലത്തു സ്കൂളിൽ സ്കോളർഷിപ്പോടു കൂടെ താമസിച്ചു പഠിക്കുകയാണ് ഫ്രാങ്കി. തന്റെ സ്കോളർഷിപ്പ് ഉപയോഗിച്ച് ഫ്രാങ്കി പിന്നീട് വീട്ടിൽ കക്കൂസ് പണിയുന്നുണ്ട്. സജി, ബോബി, ഫ്രാങ്കി എന്നിവരുടെ മരിച്ചുപോയ അപ്പൻ നെപ്പോളിയന്റെ ഓർമ്മ ദിവസം ഫ്രാങ്കി വീടൊരുക്കുകയും സഹോദരങ്ങൾക്ക് ഒരുമിച്ചിരുന്ന് കഴിയ്ക്കാനായി, ചോറുണ്ടാക്കി കായലിൽ നിന്നും മീൻ പിടിച്ച് കറിയുണ്ടാക്കി കാത്തിരിക്കുന്നു.

എന്നാൽ എവിടുന്നോ കയറിവരുന്ന ബോബി മേശപ്പുറത്ത് ഉണ്ടായിരുന്ന മദ്യം കുടിക്കുകയും ചോറും മീൻകറിയും ഒറ്റയ്ക്ക് വിളമ്പി തിന്നു തുടങ്ങുകയും ചെയ്യുന്നു. ഇതിനിടയിൽ ഉറക്കം കഴിഞ്ഞു വരുന്ന സജിയും മേശപ്പുറത്തു വച്ചിരുന്ന മദ്യമെടുത്തു കുടിക്കുന്നു. തുടർന്ന് സജിയും ബോബിയും ഒന്നും രണ്ടും പറഞ്ഞു വഴക്കിടുകയും ഇത് ചെറിയ രീതിയിലുള്ള കൈയ്യാംകളിയിൽ എത്തുകയും ചെയ്യുന്നു. അപ്പന്റെ ഓർമ്മ ദിവസം സഹോദരങ്ങൾ എല്ലാവരും ഒരുമിച്ചിരുന്ന് ഉണ്ണുക എന്ന ഫ്രാങ്കിയുടെ ആഗ്രഹം ഇതോടെ നടക്കാതെ പോവുന്നു.

അപ്പന്റെ മരണശേഷം, അമ്മ, വീടു വിട്ട് പോയ കുടുംബം ‘കുത്തഴിഞ്ഞതാണെന്ന്’ (Dysfunctional) ഈ രംഗത്തിലൂടെ സംവിധായകൻ സ്ഥാപിക്കുന്നു. ഹാസ്യമാണ് ഈ രംഗത്തിന്റെ പ്രധാന ഭാവം, ചിത്രത്തിലുടനീളം മിക്ക രംഗങ്ങളിലും ഉള്ള കൈയ്യടക്കമില്ലായ്മ ഈ രംഗം മുതൽ പ്രകടമാണ്. അതിനു പ്രധാനമായ രണ്ടു കാരണങ്ങൾ, ഒന്ന് നടീനടന്മാരുടെ അഭിനയം സ്വാഭാവികമാക്കാൻ ശ്രമിക്കുകയും എന്നാൽ ആ ശ്രമം മുഴച്ചു നിൽക്കുകയും, രണ്ട് സാമൂഹിക മാദ്ധ്യമങ്ങളിൽ സജീവമായി ഇടപെടുന്ന ‘പുരോഗമന/ നവീകരണവാദികളായ ‘ പ്രേക്ഷകർക്ക് ആസ്വദിക്കാൻ പാകത്തിനുള്ള സംഭാഷണങ്ങൾ നടീ നടന്മാരെ കൊണ്ട് പറയിപ്പിക്കുകയും ചെയ്യുന്നതാണ്.

അഭിനേതാക്കളെ ആശ്രയിച്ചാണ് (actor-driven) ഈ ചിത്രത്തിന്റെ ആഖ്യാനം മുന്നോട്ട് പോവുന്നത്. അതുകൊണ്ടു തന്നെ കഥാപാത്രങ്ങളുടെയും അവരുടെ മനോനിലയെയും അടിസ്ഥാനമാക്കി അവർ തമ്മിൽ വിനിമയം ചെയ്യാൻ ഉദ്ദേശിച്ചിട്ടുള്ള സംഭാഷണങ്ങളായിരിക്കും അനുയോജ്യം ആവുമായിരുന്നത്. എന്നാൽ ഇവിടെ സംഭാഷണങ്ങൾ പലപ്പോഴും ചിത്രം കാണുന്ന പ്രേക്ഷകരോടായി, അല്ലെങ്കിൽ അവരുടെ ഈ സംഭാഷണത്തോടുള്ള പ്രതികരണം എന്തായിരിക്കും, എന്ന ചിന്തയെ മുൻനിർത്തി ‌എഴുതിയിട്ടുള്ളവയാണ്.

കുമ്പളങ്ങി നൈറ്റ്സിൽ തിരക്കഥാകൃത്ത് ശ്യാം പുഷ്ക്കരൻ തന്റെ തന്നെ മുൻ ചിത്രത്തിലെ സംഭാഷണത്തെ പരാമർശിക്കുന്ന (Meta-reference) സംഭാഷണം തന്നെ ഒരു ഉദാഹരണം, ഇത് കല്ലുകടിയാവുന്നുണ്ട്. ചിത്രത്തിലെ ഒരു രംഗത്തിൽ മാത്രം വരുന്ന ദിലീഷ് പോത്തൻ ചെയ്ത പോലീസ് ഇൻസ്പെക്ടറിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ അയാൾ മുറിയുടെ മൂലയിൽ ഒരു ബെഞ്ചിലിരുന്ന് ഫോണിൽ മറ്റാരോടോ സംസാരിച്ച് കൊണ്ടിരിക്കുകയാണ്, പിന്നീട് ആ വിളി നിർത്തി സജിയുടെ പ്രശ്നത്തിൽ ഇടപെടുന്നു, ഇവിടെ ഈ കഥാപാത്രത്തിന്റെ ഇരിപ്പും ഫോൺ വിളിയും സ്വാഭാവികതയ്ക്കായുള്ള ശ്രമമാണ്. എന്നാൽ ഇതിന്റെ നിർവ്വഹണത്തിലും പ്രകടനത്തിലും കൃത്രിമത്വമാണ് മുന്നിട്ട് നിൽക്കുന്നത്.

ഷമ്മിയുടെ ബൈക്ക്, ഭാര്യവീട്ടിൽ കൊണ്ട് ഏൽപ്പിക്കാൻ ഷമ്മിയുടെ സഹപ്രവർത്തകൻ വരുന്ന രംഗത്തിൽ അദ്ദേഹത്തെ തിരിച്ച് തന്റെ സ്കൂട്ടറിൽ കൊണ്ടാക്കാം എന്ന് ബേബി മോൾ ഒന്നിൽ കൂടുതൽ തവണ നിർബന്ധിക്കുകയും അയാൾ അതു വേണ്ട എന്ന് ആവർത്തിച്ച് പറയുകയും ചെയ്യുന്നുണ്ട്. കഥാപാത്രങ്ങളുടെ ഇടയിലും അവരുടെ സംഭാഷണത്തിലും നിലനിൽക്കുന്ന പരുങ്ങൽ (awkwardness) പ്രകടമാക്കുകയും ഇതിലൂടെ ഹാസ്യം ധ്വനിപ്പിക്കുകയുമാണ് ഈ രംഗത്തിന്റെ/സംഭാഷണത്തിന്റെ ഒരു ലക്ഷ്യം. എന്നാൽ കയ്യടക്കമില്ലായ്മ ഈ രംഗത്തെ തന്നെയാണ് പരുങ്ങലിൽ (awkwardness) കൊണ്ടെത്തിക്കുന്നത്. ഇത്തരം awkward സംഭാഷണ രംഗങ്ങൾ അനുരാഗ് കശ്യപിന്റെ ചിത്രങ്ങളിൽ സ്ഥിരം കാണാറുണ്ട്. ‘ഗ്യാങ്സ് ഓഫ് വാസേപുർ 2’ ൽ (2012) സുൽത്താൻ ഖുറേഷിയെ കൊല്ലാൻ പോവുന്ന രംഗത്തിൽ ചക്കയെക്കുറിച്ചുള്ള സംഭാഷണം. ‘അഗ്ളി’യിൽ (2014) മകളെ കാണാതായത് പരാതിപ്പെടാൻ പോലീസ് സ്റ്റേഷനിൽ പോവുന്ന കഥാപാത്രങ്ങൾ, പോലീസുമായി സിനിമയെക്കുറിച്ചും മറ്റും നടത്തുന്ന സംഭാഷണം എന്നിവ ഉദാഹരണം.

ചിത്രത്തിലെ ശ്രദ്ധേയമായ ഒരു കഥാപാത്രം മൂത്ത സഹോദരനായ സജിയുടേതാണ്. സജി എന്ന കഥാപാത്രത്തിന്റെ പരിണാമം കൂടിയാണ് കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമ. മുരുകൻ (രമേശ് തിലക്) എന്ന തമിഴ്‌നാട് സ്വദേശിയുടെ വരുമാനത്തെ ആശ്രയിച്ചാണ് സജി ജീവിക്കുന്നത്. പണ്ട് മുരുകനെ ആവശ്യ ഘട്ടത്തിൽ സഹായിച്ചു എന്ന കടപ്പാടിന്റെ പേര് പറഞ്ഞാണ് സജി മുരുകന്റെ അധ്വാനത്തിന്റെ പങ്ക് പറ്റുന്നത്. സഹോദരങ്ങളോട് വഴക്കിടുന്ന സജിയെ, മുരുകനും തള്ളിപറയുന്നതോടെ, സജി മാനസികമായി തകരുകയും, തുടർന്നെടുക്കുന്ന തീരുമാനത്തിന്റെ പ്രത്യാഘതങ്ങളെ സജി എങ്ങനെ നേരിടുന്നു എന്നതുമാണ് ചിത്രത്തെ ഒരുഘട്ടത്തിൽ മുന്നോട്ട് നയിക്കുന്നത്.

ചിത്രത്തിൽ പ്രണയത്തിലാവുന്ന ബോബിയും ബേബി മോളും വിവാഹിതരാവാൻ തീരുമാനിക്കുകയും, ഈ ആഗ്രഹം നിറവേറ്റാൻ ബേബി മോളുടെ രക്ഷാകർത്തൃത്വം ഏറ്റെടുത്തിട്ടുള്ള ഷമ്മിയോട് സജി വഴി ബോബി ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട് ഒരു രംഗത്തിൽ. ഷമ്മിയുടെ ബാർബർ ഷാപ്പിൽ വച്ചുള്ള ഈ രംഗത്തിൽ പുറമ്പോക്കിൽ ജീവിക്കുന്ന ബോബിയുടെ കുടുംബ പശ്ചാത്തലവും തൊഴിലില്ലായ്മയും കാരണമായി പറഞ്ഞു ഷമ്മി വിവാഹത്തെ എതിർക്കുന്നു. അവഹേളിക്കപ്പെട്ട സജിയും ബോബിയും പോയതിനു ശേഷം അവരുടെ വീട് ‘തീട്ടപ്പറമ്പിന്’ അടുത്തല്ലേ എന്ന് നേരത്തെ സൂചിപ്പിച്ച സഹപ്രവർത്തകന്റെ തമാശയ്ക്ക് അയാൾക്ക്‌ നേരെ തമാശരൂപേണ ചിരിച്ചുകൊണ്ട് ചീപ്പ് എറിഞ്ഞു പ്രതികരിക്കുന്ന ഫഹദിന്റെ അഭിനയവും മിതത്വമില്ലാത്തതിനാൽ മുഴച്ചുനിൽക്കുന്ന സന്ദർഭങ്ങൾക്ക് ഒരു ഉദാഹരണമാണ്.

മറ്റൊരു അവസരത്തിൽ ഒരു വിവാഹച്ചടങ്ങിൽ വച്ചും സജി വീണ്ടും ബോബിയുടേയും ബേബി മോളുടെയും വിവാഹക്കാര്യം ഷമ്മിയോട്‌ പറയുന്നുണ്ടെങ്കിലും ഷമ്മി ശക്തമായിത്തന്നെ അതിനെ എതിർക്കുന്നു. ഷമ്മിയെ അനുസരിച്ചു ജീവിക്കുന്ന സിമ്മിക്കും അവരുടെ അമ്മയ്ക്കും ഷമ്മിയെ എതിർക്കാൻ പറ്റാത്ത അവസ്ഥയാണുള്ളത്. ജോലി ഇല്ല എന്ന പ്രശ്നം പരിഹരിക്കാൻ ബോബി മത്സ്യസംസ്‌കരണ ശാലയിൽ ജോലി ചെയ്തു തുടങ്ങുന്നുണ്ടെങ്കിലും ബോബിക്ക് ഇത് അധികനാൾ തുടരാൻ തന്റേതായ കാരണങ്ങളാൽ കഴിയുന്നില്ല. ഷമ്മിയുടെ സമ്മതത്തോടെ കല്യാണം നടക്കില്ല എന്ന് മനസ്സിലാക്കുന്ന ബേബി മോളും ബോബിയും എതിർപ്പിനെ മറികടന്ന് ജീവിക്കാൻ തീരുമാന എടുക്കുന്നിടത്ത് വീണ്ടും സംഘർഷങ്ങൾ ഉണ്ടാവുന്നു.

ഫഹദ് ഫാസിൽ ചെയ്ത ഷമ്മിയുടെ കഥാപാത്രം തുടക്കത്തിൽ പലപ്പോഴും ഭരതൻ സംവിധാനം ചെയ്ത ‘പാളങ്ങൾ’ (1981)ലെ ഭരത് ഗോപിയുടെ വാസു മേനോൻ എന്ന കഥാപാത്രത്തെ അനുസ്മരിപ്പിക്കുന്നുണ്ട്.

കുമ്പളങ്ങിയിലെ ബേബി മോളുടെയും സിമ്മിയുടെയും ചേച്ചി-അനിയത്തി ദ്വന്തവും പാളങ്ങളിലെ ചേച്ചിയും അനിയത്തിയുമായ ഗീതയേയും ഉഷയെയും ഓർമ്മിപ്പിക്കുന്നുണ്ട്.

ചിത്രത്തിലെ ഫഹദ് ഫാസിലിന്റെ അവസാന രംഗങ്ങളിലെ അഭിനയം പലപ്പോഴും ‘ദി ഷൈനിങ്’ (1980) എന്ന സ്റ്റാൻലി കുബ്രിക്കിന്റെ ഹോളിവുഡ് ചിത്രത്തിലെ ജാക്ക് നിക്കോൾസൺ ചെയ്ത കഥാപാത്രത്തിന്റെ വികലാനുകരണമായി മാറുകയും ചെയ്യുന്നുണ്ട്.

ഷൈനിങ്ങിൽ ജാക്ക് നിക്കോൾസന്റെ കഥാപാത്രം വാതിലിൽ മഴുകൊണ്ട് വെട്ടി പൊളിക്കുന്ന ദൃശ്യത്തിന് സമാനമായ ഒരു ഷോട്ടും കുമ്പളങ്ങിയിലുണ്ട്, കുമ്പളങ്ങിയിൽ മഴുവിന് പകരം ചുറ്റികയാണ് ഉപയോഗിക്കുന്നത് എന്ന വ്യത്യാസം മാത്രം (ഹോളിവുഡിൽ ക്ലിഷേ ആയ ഈ ഷോട്ട് ‘ദി ഫാന്റം ക്യാരേജ്’ (1921), ‘മദർ ഇന്ത്യ’ (1957) തുടങ്ങിയ ചിത്രങ്ങളിലും കാണാവുന്നതാണ്).

തന്റെ കട്ടി മീശ കണ്ണാടിയിൽ നോക്കി മിനുക്കി ‘റെയ്മണ്ട് ദി കമ്പ്ലീറ്റ് മാൻ’ എന്ന് ഷമ്മി പറയുന്ന ഒരു രംഗമുണ്ട് ചിത്രത്തിന്റെ തുടക്കത്തിൽ. പിന്നീട് പലപ്പോഴും കൃത്യമായി വെട്ടിയൊതുക്കിയ തന്റെ മീശയുടെ രൂപം സ്വയം ആസ്വദിക്കുന്നുണ്ട് ഷമ്മി. ആത്മാരാധനയും പുരുഷമേധാവിത്തവും ആണ് ഈ കഥാപാത്രത്തിന്റെ സവിശേഷത എന്ന് സംവിധായകൻ ഇതിലൂടെ വ്യക്തമാക്കുന്നു. ചിത്രത്തിന്റെ ഒടുക്കം മനോരോഗം (psychotic) പ്രകടമാക്കുന്ന, അക്രമാസക്തനാവുന്ന ഫഹദ് ഫാസിലിന്റെ കഥാപാത്രം ‘ഷമ്മി ഹീറോ ആണ്’ എന്നു പറയുന്നുണ്ട്. ഈ അവസരത്തിലും ഇയാളുടെ ഹൈപ്പർ മാസ്ക്യലൻ (Hyper Masculine) സ്വഭാവത്തിന് ഊന്നൽ നൽകാൻ സംവിധായകൻ ശ്രമിക്കുന്നു.

മൂന്ന് സ്ത്രീകളടങ്ങുന്ന വീടിന്റെ കുടുംബനാഥനാവുന്ന ഷമ്മി എന്ന കഥാപാത്രത്തിന്റെ മനോരോഗവും അക്രമാസക്തിയും വഴി പുരുഷമേധാവിത്തത്തെ വിമർശിക്കുവാനാണ് സംവിധായകനും തിരക്കഥാകൃത്തും ശ്രമിക്കുന്നത്. എന്നാൽ ഷമ്മി എന്ന കഥാപാത്രത്തെയും അദ്ദേഹത്തിന്റെ മനോരോഗത്തെയും ഉപയോഗിച്ചുകൊണ്ടുള്ള സാമൂഹിക-രാഷ്ട്രീയ വിമർശനം (socio-political commentary) സിനിമയിൽ ഒരു ഏച്ചുകെട്ടലായി തുടക്കം മുതൽ ഒടുക്കം വരെ നിലനിൽക്കുന്നു.

ഫഹദ് ഫാസിൽ എന്ന നടന്റെ കച്ചവട സാധ്യതകൾ ഉപയോഗപ്പെടുത്താൻ അദ്ദേഹത്തെ ഈ കഥാപാത്രത്തിൽ പ്രതിഷ്ഠിക്കുക വഴി സാധ്യമാവുന്നുണ്ട്. എങ്കിലും അദ്ദേഹത്തിന്റെ ‘താരപരിവേഷം’ (stardom) സിനിമയുടെ രചിയിതാക്കൾക്ക് കഥാപാത്രത്തിന്റെ അവതരണത്തിൽ ഭാരമാവുകയാണു ചെയ്തിട്ടുള്ളത്. ഇത് ഈ കഥാപാത്രത്തിന്റെ അതിഭാവുകത്വം നിറഞ്ഞ, നിയന്ത്രണമില്ലാത്ത/മിതത്വമില്ലാത്ത, അവതരണത്തിൽ സപഷ്ടമാവുന്നുണ്ട്. വിചിത്രമായ ചിരി, നോട്ടം എന്നിവയെല്ലാം കഥാപാത്രത്തിനു നൽകാൻ ഫഹദ് ശ്രമിക്കുന്നുണ്ടെങ്കിലും ഇത് അരോചകമാവുന്നുണ്ട്. ഈ ചിരിയും നോട്ടവും തന്റെ മുൻ സിനിമകളിൽ പരീക്ഷിച്ച് വിജയിച്ച ‘ട്രേഡ് മാർക്ക്’ എന്ന നിലയിൽ ഫഹദ്, ഫഹദിനെത്തന്നെ അനുകരിക്കുന്നതു പോലൊരു പ്രതീതിയാണ് സൃഷ്ടിക്കപ്പെടുന്നത്.

സിനിമയുടെ ഒടുക്കം സൈക്കോട്ടിക് ആവാനിരിക്കുന്ന ഒരു കഥാപാത്രത്തിന്റെ പ്രകടനം ‘ഓവർ’ ആവുന്നതിൽ തെറ്റില്ലല്ലോ എന്ന വാദം ഉണ്ടാവാം, എന്നാൽ ‘ഓവർ’ ആയിരിക്കുന്നതിലും മിതത്വം പാലിക്കുക എന്നതാണ് ക്യാമറക്കു മുന്നിലെ അഭിനയത്തിന് അഭികാമ്യം.

മാനസികരോഗത്തിലേക്കും, അക്രമണോത്സുകതയിലേക്കും കഥാപാത്രം വഴുതുന്നതിനു മുൻപായി വീട്ടു ചുമരിന്റെ ഒരു കോണിൽ പോയി പാത്തു നിൽക്കുന്ന പ്രവണത, കഥാപാത്രത്തിനുണ്ടെന്ന വിശദാംശം താല്പര്യമുണർത്തുന്ന ഒന്നായിരുന്നു. അതുപോലെ തന്നെ രസകരമായിരുന്നു ഷമ്മിയുടെ വസ്ത്രാലങ്കാരം. അത് കഥാപാത്രത്തിന്റെ സ്വഭാവത്തിന് ഇണങ്ങുന്നതായിരുന്നു. പ്രത്യേകിച്ച്, ബോബിയുടെ സുഹൃത്ത് പ്രശാന്തന്റെ കല്യാണരാത്രി ഷമ്മി ഇടുന്ന ഷർട്ട്.

ബോബിയുടെയും ബേബി മോളുടെയും, കല്ല്യാണത്തിനുള്ള തടസ്സങ്ങൾ നീങ്ങാനും, തങ്ങൾ താമസിക്കുന്ന ഇടം ഒരു ‘കുടുംബമാക്കാനും,’ നാട്ടുകാർക്കിടയിലുള്ള ചീത്തപ്പേര് മാറ്റാനും, ഫ്രാങ്കി മറ്റു സഹോദരങ്ങൾക്ക് മുന്നിൽ ഒരു നിർദ്ദേശം വയ്ക്കുന്നു. അപ്പന്റെ മരണത്തിന് ശേഷം വീടു വിട്ടുപോയ തന്റെയും ബോണി, ബോബി, എന്നിവരുടെയും അമ്മയെ തിരികെ വിളിച്ചു കൊണ്ടുവരാം എന്ന നിര്‍ദ്ദേശമാണ് അത്. എന്നാൽ ഇതിനായുള്ള നാലുപേരുടെയും ശ്രമം, പ്രാർത്ഥനാകേന്ദ്രത്തിൽ കഴിയുന്ന അമ്മ തിരികെ വരാൻ കൂട്ടാക്കാത്തതിനെത്തുടർന്നു വിഫലമാവുന്നു.

സിനിമയിലെ ആദ്യ രംഗങ്ങളിൽ ഒന്നിൽ, സഹോദരങ്ങളുടെ വീട്ടിലെ ചുമരിൽ തൂക്കിയിട്ടിരിക്കുന്ന കന്യാമറിയത്തിന്റെ ചിത്രം കാണിക്കുന്നുണ്ട്, പിന്നീട് സജി മനപ്പൂർവ്വമല്ലെങ്കിലും കാരണക്കാരനാവുന്ന മുരുകന്റെ അപകടമരണത്തിനു ശേഷം, അദ്ദേഹത്തിന്റെ വിധവയായ ഭാര്യ സതിയേയും (ഷീല രാജ്‌കുമാർ) ദിവസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞിനെയും കൂട്ടി സജി വള്ളത്തിൽ വരുന്ന രംഗത്തിൽ. വള്ളത്തിനു മുന്നിൽ ഇരിക്കുന്ന അമ്മക്കും മടിയിലുള്ള കുഞ്ഞിനും കന്യാമറിയത്തിന്റെയും ഉണ്ണിയേശുവിന്റെയും പരിവേഷം വസ്ത്രാലങ്കാരത്തിലൂടെയും (അമ്മ നീല മാക്സിയും വെള്ള ഷാളും അണിഞ്ഞിരിക്കുന്നു) ചിത്രീകരണത്തിലൂടെയും നൽകുന്നുണ്ട് സംവിധായകൻ. അതുവരെ അച്ചടക്കമില്ലാതിരുന്ന നാലു സഹോദരങ്ങളുടെ ജീവിതത്തിൽ ‘അമ്മ’ എന്ന സാന്നിധ്യമുണ്ടായിരുന്നത് കന്യാമറിയത്തിന്റെ രൂപത്തിൽ ചുമരിൽ മാത്രമാണ്. ആ വീട്ടിൽ കന്യാമറിയത്തെ പോലൊരു സ്ത്രീ സാന്നിധ്യം ഉണ്ടാവുമ്പോൾ അതു കുടുംബമായി മാറുന്നു എന്ന മഹത്വവത്ക്കരണം ഈ ദൃശ്യത്തിലൂടെ നടക്കുന്നു. സജിയാൽ ഏറ്റെടുക്കപ്പെടുന്ന മരിച്ചുപോയ മുരുകന്റെ വിധവയുടെ പേര് ‘സതി’ എന്നതാണെന്നും ഇതുമായി കൂട്ടിവായിക്കാവുന്നതാണ്.

ബേബി മോളും കുടുംബവും നടത്തുന്ന ഹോം സ്റ്റേയിൽ താമസമാക്കാൻ വരുന്ന ആഫ്രോ-അമേരിക്കൻ യുവതി നൈലായും (ജാസ്മിൻ മെറ്റിവേയർ) ബോണിയും പ്രണയത്തിലാവുകയും, പിന്നീട് ഷമ്മിയുടെ ഒളിഞ്ഞുനോട്ട മനോഭാവവും പിന്തിരിപ്പൻ ചിന്താഗതിയും വെളിവാക്കുന്ന ഒരു രംഗത്തിൽ നൈലായെയും ബോണിയെയും ഷമ്മി ഹോം സ്റ്റേയിൽ നിന്നും പുറത്താക്കുകയും ചെയ്യുന്നു. തുടർന്ന് ബോണി നൈലായെയും കൂട്ടി തുരുത്തിലെ വീട്ടിൽ തന്റെ സഹോദരങ്ങളുടെ കൂടെ താമസമാക്കുന്നുണ്ട്.

സിനിമയുടെ അന്ത്യത്തിൽ ബോബിയും ബേബിമോളും കൂടെ തുരുത്തിലെ വീട്ടിലെത്തുന്നതോടെ സ്ത്രീകളുടെ സാന്നിധ്യം എണ്ണത്തിൽ കൂടുകയും ഇവരുടെ വരവ് പ്രമാണിച്ച് അതുവരെ അലസജീവിതം നയിച്ചിരുന്ന സജിയുൾപ്പെടെയുള്ള സഹോദരങ്ങൾക്ക്, ഉത്തരവാദിത്ത ബോധമുണ്ടാവുകയും, സ്വയം തൊഴിലിൽ ഏർപ്പെടുകയും എല്ലാവരും ചേർന്നുള്ള ‘കുടുംബം’ സ്ഥാപിതമാവുകയും ചെയ്യുന്നു. ഈ കുടുംബ സങ്കല്പവുമായി ഷമ്മിയുടെ പുരുഷമേധാവിത്തത്തിൽ നിലനിന്നിരുന്ന കുടുംബത്തിന്റെ തകർച്ചയെ താരതമ്യപ്പെടുത്തി ‘പുരോഗമന സന്ദേശം,’ സിനിമയുടെ രചയിതാക്കൾ ഉറപ്പാക്കുന്നു. മുരുകന്റെ, തമിഴ് സ്വദേശിയായ ഭാര്യയും ആഫ്രോ-അമേരിക്കൻ യുവതിയും, സജിയുടെയും സഹോദരങ്ങളുടെയും കുടുംബത്തോടു ചേരുന്നു എന്നതിലൂടെ ദേശ-ഭാഷയ്ക്ക് അതീതമായ ഒരു ‘ആദര്‍ശ കുടുംബം’ (ideal family) എന്ന സന്ദേശവും ചിത്രം പറഞ്ഞു വയ്ക്കുന്നു.

ചിത്രത്തിന്റെ ഒരു ഘട്ടത്തിൽ, മനോനിലയിൽ അസ്വസ്ഥത അനുഭവപ്പെടുന്ന സജി മനഃശാസ്ത്രജ്ഞനെ കാണുകയും, തന്റെ വിഷമങ്ങൾ എല്ലാം പറഞ്ഞു മനഃശാസ്ത്രജ്ഞനെ കെട്ടിപ്പിടിച്ചു പൊട്ടിക്കരയുകയും ചെയ്യുന്ന ഒരു രംഗമുണ്ട്. സജി എന്ന കഥാപാത്രത്തോടും അദ്ദേഹത്തിന്റെ വിഷമാവസ്ഥയോടും പ്രേക്ഷകർക്ക് അനുകമ്പ തോന്നുന്ന ഒരു രംഗമാണിത്. ഇതേപോലെ ചിത്രത്തിലെ മറ്റൊരു മനോരോഗിയായ ഷമ്മിക്കും, ചികിത്സയും സാന്ത്വനവും നൽകുന്ന അല്ലെങ്കിൽ ആവശ്യമുണ്ടെന്ന് പ്രകടമാക്കുന്നൊരു രംഗമുണ്ടായിരുന്നെങ്കിൽ ഒരുപക്ഷെ പ്രേക്ഷകർക്ക് അയാളോടും അനുകമ്പ തോന്നിയേനെ.

മലയാള സിനിമയിൽ നിലവിൽ പ്രവർത്തിക്കുന്ന ഭൂരിപക്ഷം തിരക്കഥാകൃത്തുക്കളെ അപേക്ഷിച്ച് സിനിമയിലെ സീനുകൾ തമ്മിലുള്ള യുക്തിക്ക് പ്രാധാന്യം നൽകി എഴുതാൻ ശ്രമിക്കുന്ന (‘മഹേഷിന്റെ പ്രതികാരം’ മുതൽ) തിരക്കഥാകൃത്താണ് ശ്യാം പുഷ്ക്കരൻ. കേരളത്തിലെ മുഖ്യധാരാ ഇടതുപക്ഷ ഫെമിനിസ്റ്റ് ചിന്താഗതി ഉൾപ്പെടെയുള്ള പുരോഗമന ആശയങ്ങളെ അടിസ്ഥനപ്പെടുത്തി ‘രാഷ്ട്രീയ ശരികൾ’ക്ക് ഊന്നൽ നൽകാനുള്ള ബോധപൂർവ്വമായ ശ്രമം ശ്യാം പുഷ്ക്കരൻ തന്റെ ‘കുമ്പളങ്ങി നൈറ്റ്സ്’ ഉൾപ്പെടെയുള്ള തിരക്കഥകളിൽ നടത്താറുണ്ട് . വളരെയേറെ പ്രശംസ ഈ ഒരു കാരണത്താൽ അദ്ദേഹത്തിന് ആസ്വാദകരിൽ നിന്നും നിരൂപകരിൽ നിന്നും ലഭിക്കുന്നുമുണ്ട്.

ഇതോടൊപ്പം ചേർത്തുവായിക്കാവുന്ന മറ്റൊരു കാര്യം, കുറച്ചുകാലമായി ഏറെ വിമർശന വിധേയമായിട്ടുള്ള സത്യൻ അന്തിക്കാട് ചിത്രങ്ങളിലെ ‘സന്ദേശങ്ങൾ’ അല്ലെങ്കിൽ അദ്ദേഹം തന്റെ ചിത്രങ്ങളിലൂടെ നൽകുന്ന സാരോപദേശങ്ങളാണ്. ഒന്നു നിരീക്ഷിച്ചാൽ മനസ്സിലാക്കാവുന്ന കാര്യം എന്തെന്നാൽ ശ്യാം പുഷ്‌ക്കരനും സത്യൻ അന്തിക്കാടിൽ ആരോപിക്കപ്പെടുന്ന അതേ ‘സന്ദേശം നല്കലാണ്’ തന്റെ ഏറെ പ്രശംസിക്കപ്പെട്ട തിരക്കഥകളിലൂടെ ചെയ്തു വരുന്നത് എന്നുള്ളതാണ്. സിനിമയിലൂടെ നൽകുന്ന സാമൂഹിക സന്ദേശങ്ങൾ/പാഠങ്ങൾ ജനപ്രിയമാണോ എന്നതിലാണ് അതിന്റെ സ്വീകാര്യതയുടെ തോത് കിടക്കുന്നത്. സത്യൻ അന്തിക്കാടിന്റെ സന്ദേശങ്ങൾ ഒരുകാലത്തു ജനപ്രിയമായിരുന്നു അപ്പോൾ അവ സ്വീകരിക്കപ്പെട്ടു. നിലവിൽ ശ്യാം പുഷ്ക്കരന്റെ സന്ദേശങ്ങൾക്കാണ് മുഖ്യധാരാ ബുദ്ധിജീവികൾക്കിടയിൽ പ്രിയം. അതിനാൽ തന്നെ അവ സ്വീകരിക്കപ്പെടുന്നു. അതൊരു കൊടുക്കൽ വാങ്ങലാണ്.

എന്തായാലും ‘സന്ദേശം നൽകലും’ ‘രാഷ്ട്രീയ ശരികൾ’ പറഞ്ഞുവയ്ക്കലുമാണോ സിനിമയുടെ ലക്ഷ്യം എന്ന പ്രായാധിക്യമുള്ള ചോദ്യം/വിഷയം മലയാളി മുഖ്യധാരാ ഇടതുപക്ഷ ബുദ്ധിജീവികൾക്ക് കുമ്പളങ്ങി നൈറ്റ്സിന്റെ വെളിച്ചത്തിൽ ചിന്തിക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *