ന്യൂഡല്‍ഹി:
അലിഗഡ് മുസ്ലീം സര്‍വകലാശാലയിലെ 12 വിദ്യാര്‍ത്ഥികള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി. ചൊവ്വാഴ്ച വൈകുന്നേരം റിപ്പബ്ലിക് ടി വി ചാനല്‍ പ്രവര്‍ത്തകരുമായുള്ള വാക്കേറ്റത്തെ തുടര്‍ന്നായിരുന്നു നടപടി. ബി.ജെ.പി- യുവമോര്‍ച്ച ജില്ലാ നേതാവ് മുകേഷ് ലോധിയുടെയും റിപ്പബ്ലിക് ടിവി റിപ്പോര്‍ട്ടറുടെയും പരാതിയിലാണ് പൊലീസ് കുറ്റം ചുമത്തിയത്.
സര്‍വകലാശാല യൂണിയന്‍ ചീഫ് അടക്കമുള്ള 12 പേര്‍ക്കെതിരെയാണ് കേസ്സെടുത്തത്. യൂണിയന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ എം.പി. അസദുദീന്‍ ഓവൈസി പങ്കെടുക്കുമെന്ന വിവരത്തെ തുടര്‍ന്ന് പ്രതിഷേധിക്കാനെത്തിയ എ.ബി.വി.പി പ്രവര്‍ത്തകരും പരിപാടി റിപ്പോര്‍ട്ടു ചെയ്യാനെത്തിയ റിപ്ലബിക്ക് ചാനല്‍ പ്രവര്‍ത്തകരും സംഘാടകരും തമ്മിലുണ്ടായ സംഘര്‍ഷത്തിന് മേലാണ് നടപടി.
ഓവൈസി വരുന്നതിനെതിരെ സർവകലാശാലയ്ക്കുള്ളിൽ എ.ബി.വി.പി നടത്തിയ പ്രതിഷേധ പരിപാടിയില്‍ മറ്റു വിദ്യാര്‍ഥികളുമായി നേരിയ സംഘര്‍ഷമുണ്ടായിരുന്നു. ഇതിനിടയില്‍ ഇവിടെയെത്തിയ ചാനലുകാരോട് അനുവാദം വാങ്ങിയിട്ടുണ്ടോ എന്ന് വിദ്യാര്‍ത്ഥികള്‍ ചോദിച്ചതും പ്രകോപനം സൃഷ്ടിച്ചു. ത്രീവവാദികളില്‍ നിന്ന് അനുവാദം വാങ്ങേണ്ടതില്ലെന്ന് റിപ്ലബിക്ക് ചാനലുകാര്‍ മറുപടി പറഞ്ഞതോടെ സംഭവം സംഘര്‍ഷത്തില്‍ കലാശിച്ചു.
എ.ബി.വി.പി പ്രവര്‍ത്തകന്‍ മുകേഷ് ലോധിയും റിപ്ലബിക് ചാനലുകാരും നല്‍കിയ പരാതി സ്വീകരിച്ചെങ്കിലും വിശദമായ അന്വേഷണത്തിനു ശേഷം മാത്രമേ നടപടിയുണ്ടാകൂ എന്ന് അധികൃതര്‍ പറഞ്ഞു.