#ദിനസരികള് 667
ഹീരാ ബെന്‍. ഒരമ്മയാണ്. നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മ. ഇന്ത്യ ആയമ്മയെക്കുറിച്ച് ധാരാളം കേട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ ഹീരാ ബെന്‍ എന്ന പേര് നമ്മളില്‍ അപരിചിതത്വം തീരെ ഉണ്ടാക്കുന്നില്ലെന്നു തന്നെ പറയാം. എന്നാല്‍ ദാമോദർദാസ് മൂൽചന്ദ് മോദി എന്ന പേര് നമുക്ക് അത്രത്തോളം സുപരിചിതമല്ല. അത് മോദിയുടെ അച്ഛനാണ്. ഹീരാ ബെന്‍ എന്ന അമ്മയോളം ഈ അച്ഛന്‍ പ്രശസ്തനല്ല. കാരണം മോദി തന്റെ അച്ഛനെ അമ്മയെയെന്നതുപോലെ ‘വൈകാരിക പരിസരങ്ങളില്‍’ സ്ഥാപിച്ചു കണ്ടിട്ടില്ല. അതുകൊണ്ടു തന്നെ അമ്മയോട് മോദിക്കുള്ള സ്നേഹം മറ്റു ചില കാര്യങ്ങളെക്കുറിച്ച് നമ്മെ ചിന്തിപ്പിക്കുവാന്‍ പ്രേരിപ്പിക്കുന്നുണ്ട്.
എന്തുകൊണ്ടാണ് നരേന്ദ്ര ദാമോദര്‍ ദാസ് മോദി, അമ്മയെ ഇങ്ങനെ മുന്നില്‍ നിറുത്തുന്നതെന്ന ചോദ്യമാണ് നാം പരിഗണിക്കുക. അമ്മ ഭാരതീയര്‍ക്ക് അഭൌമികമായ ഒരടയാളമാണ്. മാതൃസങ്കല്പത്തോളം അവരുടെ ‘ആത്മാവിനെ’ ചെന്നു തൊട്ട മറ്റൊന്നില്ലെന്നു തന്നെ പറയാം. അതുകൊണ്ടാണ് നമുക്ക് ജന്മഭൂമി മാതൃഭൂമിയാകുന്നതും, ജനിക്കുമ്പോഴേ ലഭിക്കുന്ന ഭാഷ മാതൃഭാഷയാകുന്നതും. (മറ്റു ചിലരും നമ്മുടെ കൂടെയുണ്ടെന്ന് മറക്കുന്നില്ല. ജര്‍മന്‍കാര്‍ക്ക് പിതൃഭൂമിയാകുമ്പോള്‍ റഷ്യക്കാര്‍ക്ക് മാതൃഭൂമിയാണ്.)
നമ്മുടെ പ്രാര്‍ത്ഥനകളെ നോക്കുക. മാതാ പിതാ ഗുരു ദൈവം എന്നാണ്. സര്‍വ്വതിനും മുകളില്‍ മാതൃത്വത്തെ സ്ഥാപിച്ചെടുക്കുക എന്നൊരു ശീലം നമുക്ക് വൈദിക കാലത്തോളം പഴക്കമുള്ളതാണ്. ശിവനോടൊപ്പം ശക്തിയില്ലെങ്കില്‍ ശവമാണെന്നാണ് നാം ചിന്തിക്കുക. ആദിപരാശക്തിയെ എല്ലാത്തിനും മുകളില്‍ കൊണ്ടുവെച്ചില്ലെങ്കില്‍ നാം അസ്വസ്ഥരാകും. അത്രത്തോളും അമ്മ സങ്കല്പങ്ങളോട് ഇണങ്ങിച്ചേര്‍ന്നാണ് നാം പോകുന്നത്.
അമ്മയോട് നമുക്കുള്ള ഈ വികാരത്തെ ഇന്ത്യയിലെ മറ്റൊരു നേതാവും കൈകാര്യം ചെയ്തിട്ടില്ലാത്ത വിധത്തില്‍ മോദി വളരെ സമര്‍ത്ഥമായി ഉപയോഗിച്ചിരിക്കുന്നുവെന്നതാണ് അദ്ദേഹത്തിലെ കൌശലക്കാരനായ രാഷ്ട്രീയക്കാരനെ പുറത്തു കൊണ്ടുവരുന്നത്.
നമ്മുടെ രാജ്യത്ത് ഏറ്റവും വലിയ പ്രതിസന്ധി സൃഷ്ടിച്ച നോട്ടു നിരോധന കാലത്ത്, മോദിയുടെ അമ്മ, ക്യൂവില്‍ നിന്ന് പണം മാറിയെടുക്കുന്ന ചിത്രം നാം മറന്നിട്ടില്ലല്ലോ. തൊണ്ണൂറ്റിയാറു വയസ്സായ ആ അമ്മ വീല്‍ച്ചെയറിലെത്തി ക്യൂ നിന്നുകൊണ്ട് പണം മാറിയെടുക്കുന്നതിന്റെ ചിത്രങ്ങള്‍ നമ്മുടെ ദേശീയ മാദ്ധ്യമങ്ങള്‍ ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് അച്ചടിച്ചും പ്രക്ഷേപണം ചെയ്തും ജനങ്ങളിലേക്കെത്തിച്ചു. പ്രധാനമന്ത്രിയുടെ അമ്മയും സാധാരണക്കാരെപ്പോലെ ക്യൂ നിന്നുതന്നെയാണ് ഈ പ്രതിസന്ധി ഘട്ടത്തില്‍ രാജ്യത്തോടൊപ്പം ചേരുന്നതെന്നും, ഇവിടെ വലിയവരും ചെറിയവരുമില്ലെന്നും, അതുകൊണ്ടു കുറച്ചൊക്കെ യാതനകള്‍ സഹിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും മറ്റുമുള്ള ഗീര്‍വാണങ്ങള്‍ നാം കേട്ടു.
മോദി തന്റെ അമ്മയെ വെച്ചു നടത്തിയ ഈ മുതലെടുപ്പിനെ ലോകമാദ്ധ്യമങ്ങള്‍ പോലും പരിഹാസത്തോടെയാണ് നേരിട്ടതെന്ന കാര്യം നാം മറക്കാതിരിക്കുക. എന്നാലും സംഘപരിവാരം മോദിയുടെ ഈ നാടകത്തെ വലിയ ആഘോഷമാക്കി തെരുവുകളിലേക്കെത്തിച്ചു.
ഇപ്പോള്‍ മറ്റൊരു പ്രതിസന്ധിയെ മോദി അഭിമുഖീകരിക്കുന്ന സന്ദര്‍ഭമാണ്. റഫാല്‍ അഴിമതിയില്‍ പങ്കില്ലെന്ന് മോദിയും കൂട്ടരും ആവര്‍ത്തിച്ചു പറയുന്നുണ്ടെങ്കിലും ഓരോ ദിവസവും ആരോപണത്തെ ബലപ്പെടുത്തുന്ന തെളിവുകള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നു. റഫാല്‍ വലിയ തോതില്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കുമെന്നു മറ്റാരെയുംകാള്‍ മോദിക്കെങ്കിലും തിരിച്ചറിവുണ്ട്.
അത്തരമൊരു സന്ദര്‍ഭത്തിലാണ് തന്നോട് അഴിമതി ചെയ്യരുതെന്ന് അമ്മ ആവശ്യപ്പെട്ടിട്ടുണ്ടെന്നും, ഒരു മകനെന്ന നിലയ്ക്ക് അമ്മയ്ക്കു കൊടുത്ത ആ വാക്ക് താന്‍ ജീവിതകാലം മുഴുവന്‍ പാലിക്കാന്‍ പ്രതിജ്ഞാബദ്ധനാണെന്നും മറ്റും മകനായ മോദിയുടെ പ്രസ്താവനകള്‍ നമുക്കിടയിലേക്ക് കടന്നു വരുന്നത്. അമ്മയെന്നെ സങ്കല്പത്തിന്റെ സ്വാധീനശേഷിയേയും വൈകാരികതയേയും മുന്നില്‍ നിറുത്തി ഭാരതത്തിലെ ജനങ്ങളെ കയ്യിലെടുക്കാനാണ് മോദി പരിശ്രമിക്കുന്നതെന്ന് മനസ്സിലാക്കാന്‍ അധികം ബുദ്ധിയൊന്നും ആവശ്യമില്ല.
അധികാരത്തിനു മുന്നില്‍ മോദിക്ക് മറ്റെല്ലാ മൂല്യങ്ങളും അപ്രസക്തമാണ്. മതങ്ങളിലും ദൈവങ്ങളിലുമുള്ള വിശ്വാസങ്ങളെ ചൂഷണം ചെയ്തുകൊണ്ടാണ് മോദി, പ്രധാനമന്ത്രി പദത്തിലേക്ക് എത്തിയത്. രണ്ടായിരത്തിപ്പതിനാലു വരെ അവിവാഹിതനാണെന്ന് സത്യപ്രസ്താവന നല്കിയ മോദിയാണ് പൊടുന്നനെ താന്‍ വിവാഹിതനാണെന്ന് മാറ്റിപ്പറഞ്ഞത്! വെറും നുണകള്‍ കൊണ്ടു കെട്ടിപ്പൊക്കിയ പൊയ്ക്കാലുകളിലാണ് ഈ അമ്പത്താറിഞ്ചു നെഞ്ചളവുകാരന്‍ നിലനിന്നു പോകുന്നത്. ഇപ്പോഴിതാ കുട്ടിക്കാലത്ത് മുതലകളോടൊപ്പം നീന്തിക്കളിച്ചവനാണെന്നൊക്കെ കല്ലുവെച്ച നുണ ഒരു മടിയും കൂടാതെ പ്രചരിപ്പിക്കപ്പെടുന്നു. ഇതൊക്കെ ശരിയെന്ന് ഏറ്റു പാടുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന അനുയായികളെന്ന വൈതാളിക വൃന്ദത്തിന് വസ്തുതകളെക്കുറിച്ച് വേവലാതികളൊന്നുമില്ല.
ജനങ്ങളെ തമ്മിലടിപ്പിച്ചും, വിഭജിച്ചും നേടിയെടുത്ത ആ കസേര നിലനിറുത്തിക്കൊണ്ടുപോകാന്‍, ഏതറ്റം വരേയും മോദി പരിശ്രമിക്കുമെന്നതിനുദാഹരണമാണ്, മോദി തന്റെ അമ്മയെ മുന്നില്‍ നിറുത്തി ജനതയ്ക്കു മുന്നിലാടുന്ന ഈ നാടകങ്ങള്‍. ഈ രാഷ്ട്രീയ കുടിലതയ്ക്കു മുന്നില്‍ സ്വന്തം അമ്മയെപ്പോലും കെട്ടിയെഴുന്നള്ളിച്ചു കൊണ്ടുവന്നു നിറുത്തുന്ന കൌശലത്തെ ഒരു ജനതയെന്ന നിലയില്‍ നാം തുറന്നു കാണിക്കുക തന്നെ വേണം.
മനോജ് പട്ടേട്ട്, വയനാട്ടുകാരന്‍, മാനന്തവാടി സ്വദേശി.