Thu. Jan 23rd, 2025
ന്യൂഡൽഹി:

ഇന്ത്യ, 2030 ആകുമ്പോഴേക്കും ലോകത്തെ രണ്ടാമത്തെ സാമ്പത്തിക ശക്തിയാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗ്രേറ്റര്‍ നോയ്‌ഡയില്‍ പെട്രോടെക് പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുമ്പോൾ ആയിരുന്നു മോദിയുടെ ഈ പ്രഖ്യാപനം. വേൾഡ് ബാങ്കും ഐ.എം.എഫും ഉദ്ധരിച്ചുകൊണ്ടാണ് മോദി ഇത് പറഞ്ഞിരിക്കുന്നത്. മുൻപ് ഇത്തരം സാമ്പത്തിക സ്ഥാപനങ്ങൾ നടത്തിയിട്ടുള്ള പ്രവചനങ്ങളും യഥാർത്ഥത്തിൽ സംഭവിച്ചതിന്റെയും ഒരു താരതമ്യ പഠനം നടത്തിയാൽ ബി.ജെ.പി അനുകൂല മാദ്ധ്യമങ്ങൾ ഇപ്പോൾ ആഘോഷിക്കുന്ന ഈ പ്രവചനത്തിൽ സന്തോഷിക്കാൻ വകയൊന്നുമില്ലെന്നു കാണാം.

2030 ൽ ഇന്ത്യ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറുമെന്ന് കേന്ദ്ര സാമ്പത്തികകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്രഗാർഗ് 2018 ജൂലൈ മാസം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയുടെ പ്ലാറ്റിനം ജൂബിലി സമ്മേളനത്തില്‍ പറഞ്ഞിരുന്നു. അന്ന് അദ്ദേഹം ഉദ്ധരിച്ചത് മറ്റൊരു ബ്രിട്ടീഷ് ധനകാര്യ സ്ഥാപനമായ എച്ച്.എസ്.ബി. സിയുടെ പ്രവചനമായിരുന്നു. പ്രത്യേകിച്ചൊന്നും സംഭവിക്കാതെ വെറും ആറു മാസം കൊണ്ടാണ് അന്നു പറഞ്ഞ മൂന്നാം സ്ഥാനം രണ്ടാമതെത്തി നിൽക്കുന്നത്.

ലണ്ടന്‍ ആസ്ഥാനമായുളള സെന്റര്‍ ഫോര്‍ ഇക്കോണമിക്‌സ് ആന്‍ഡ് ബിസിനസ് റിസര്‍ച്ച് കണ്‍സള്‍ട്ടന്‍സി എന്ന സ്ഥാപനം 2018 ല്‍ ഇന്ത്യ ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയാകുമെന്ന് പ്രവചിച്ചിരുന്നു. പക്ഷെ 2019 ലും നമ്മൾ ആറാം സ്ഥാനത്തു തന്നെ നിൽക്കുകയാണ്.

അന്താരാഷ്ട്ര നാണ്യനിധിയും, ഇന്ത്യയുടെ വളർച്ചാനിരക്ക് ഉയരുമെന്ന് പ്രവചിക്കുന്നുണ്ട്. പക്ഷെ പലപ്പോഴും പ്രവചനങ്ങളും യാഥാർത്ഥ്യങ്ങളും തമ്മിൽ പൊരുത്തപ്പെടാറില്ല എന്ന് കണക്കുകൾ പറയുന്നു.

കഴിഞ്ഞ 27 വർഷത്തെ കണക്കെടുത്താൽ ഐ എം എഫ്, വർഷത്തിൽ രണ്ടു തവണ നടത്തുന്ന സാമ്പത്തിക സർവേയിൽ ശരാശരി അഞ്ചു രാജ്യങ്ങളിലാണ് സാമ്പത്തിക മാന്ദ്യത്തിനുള്ള സാധ്യത പറയാറുള്ളത്. പക്ഷെ ശരാശരി 26 രാജ്യങ്ങളിലെങ്കിലും സാമ്പത്തിക മാന്ദ്യം സംഭവിക്കാറുണ്ട്. 2009 ൽ ഐ.എം.എഫിന്റെ പ്രവചനം അമ്പേ പാളിപ്പോയിട്ടുമുണ്ട്. ലോകമെങ്ങും സാമ്പത്തിക മാന്ദ്യം പിടിപെട്ട ആ വർഷം വെറും ഏഴു രാജ്യങ്ങളിൽ മാത്രമാണ് ഐ.എം.എഫ് മാന്ദ്യം പ്രവചിച്ചിരുന്നത്. പക്ഷെ 91 രാജ്യങ്ങളാണ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പു കുത്തിയത്.

അമേരിക്കയിലും ജപ്പാനിലും സാമ്പത്തിക വളർച്ച നേടുമെന്നായിരുന്നു 2009 ൽ, ഐ.എം.എഫിന്റെ റിപ്പോർട്ട്. പക്ഷെ ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ അമേരിക്കയിൽ 3 ശതമാനവും ജപ്പാനിൽ 5.4 ശതമാനവും ഇടിവാണ് വളർച്ച നിരക്കിൽ സംഭവിച്ചത്. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഏറ്റവും മോശം വളർച്ചാനിരക്കായിരുന്നു ആ വർഷം രേഖപ്പെടുത്തിയത്.

2010 ൽ മാത്രമാണ് 27 വർഷം കാലയളവിൽ ഐ.എം.എഫ് പ്രവചനം കുറച്ചെങ്കിലും കൃത്യമായത്.

അതായത്, ഓരോ രാജ്യങ്ങളിലെയും രാഷ്ട്രീയ സ്ഥിരത, യുദ്ധങ്ങൾ മുതൽ പ്രകൃതി ദുരന്തങ്ങൾ വരെ ഇത്തരം പ്രവചനങ്ങളുടെ ഫലത്തെ അപ്രതീക്ഷിതമായി അട്ടിമറിക്കാനുള്ള സാധ്യത എപ്പോഴും നിലനിൽക്കുന്നു. അതുകൊണ്ടു ഇത്തരം പ്രവചനങ്ങളുടെ ചുവടുപിടിച്ചു ചില മാദ്ധ്യമങ്ങള്‍ പെരുപ്പിച്ചു കാണിക്കുന്ന സ്ഥിതിവിവരകണക്കുകള്‍ എല്ലാം വിശ്വസിക്കാന്‍ പ്രയാസമാണെന്നതാണ് വസ്തുത. പ്രത്യേകിച്ച് തിരഞ്ഞെടുപ്പ് കാലങ്ങളിൽ രാഷ്ട്രീയ പാർട്ടികൾ വൻ പ്രചാരണായുധമായി ഇത്തരം റിപ്പോർട്ടുകൾ ഉപയോഗിക്കുമ്പോൾ അതിൽ കൃത്രിമത്വം കലരാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

പ്രതീക്ഷ നല്‍കുന്ന കണക്കുകള്‍ അവതരിപ്പിക്കുകയും, യാഥാര്‍ത്ഥ്യം മറ്റൊന്നാവുകയും ചെയ്‌താൽ സാമ്പത്തിക രംഗത്തു വൻ പരാജയങ്ങൾ സംഭവിച്ചേക്കാം. മാദ്ധ്യമ റിപ്പോര്‍ട്ടുകള്‍ വായിച്ച് ഇന്ത്യ വളരുന്നുവെന്ന് കരുതുകയും ജനങ്ങളെ നേരില്‍ക്കണ്ടു കാര്യങ്ങള്‍ മനസിലാക്കുമ്പോള്‍ വലിയ പൊരുത്തക്കേടുകള്‍ കാണുകയും ചെയ്യുന്നത് ദൗർഭാഗ്യകര്യമായ സ്ഥിതിവിശേഷമാണ്.

Leave a Reply

Your email address will not be published. Required fields are marked *