Mon. Dec 23rd, 2024
പയ്യന്നൂര്‍:

സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്ത യുവതിയെ മര്‍ദ്ദിച്ച് അവശയാക്കി ബന്ധുക്കള്‍. പോലീസ് അതിക്രമങ്ങൾക്കെതിരായ വിദ്യാർത്ഥി യുവജന കൂട്ടായ്മയിലെ അംഗവും കോഴിക്കോട് മീഞ്ചന്ത ആര്‍ട്സ് ആന്‍ഡ്‌ സയന്‍സ് കോളേജിലെ ബി എ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയുമായ വടകര സ്വദേശി ശ്വേത മോഹനാണ് സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്ത ‘കുറ്റ’ത്തിന് ക്രൂര മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നത്.

കഴിഞ്ഞ മാസം 25 നാണ് തേജസ് ന്യൂസ് സബ് എഡിറ്ററും പൊതു പ്രവര്‍ത്തകനുമായ അഭിലാഷ് പടച്ചേരിയും ശ്വേതയും തമ്മിലുള്ള വിവാഹം സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തത്. വിവാഹം ശ്വേതയുടെ വീട്ടിലറിഞ്ഞതോടെ വീട്ടുകാര്‍ ശ്വേതയെ തടങ്കലിലാക്കുകയായിരുന്നു. വീട്ടുകാരുടെ ഭീഷണിക്കും മര്‍ദ്ദനത്തിനുമൊടുവില്‍ കുടുംബക്കാരോടൊപ്പം വിവാഹം പിന്‍വലിക്കാന്‍ ശ്വേത പയ്യന്നൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ എത്തിയിരുന്നു.

എന്നാല്‍ തന്നെ ബലം പ്രയോഗിച്ചാണ് പിന്മാറാന്‍ നിര്‍ബന്ധിക്കുന്നതെന്ന ശ്വേതയുടെ വെളിപ്പെടുത്തലിനൊടുവില്‍ പയ്യന്നൂര്‍ പോലിസ് എത്തുകയും ശ്വേതയെ ക്രൂരമായി മര്‍ദ്ദിച്ച വീട്ടുകാരുടെ ഒപ്പം പോവാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. കൂടാതെ, അഭിലാഷ് മാവോവാദി ആണെന്നും ഒളിവിലാണെന്നുമുള്ള തരത്തില്‍ പ്രാദേശിക പത്രങ്ങള്‍ക്ക് പോലീസ് വിവരം നല്‍കുകയും ചെയ്തതായി അഭിലാഷ് വോക്ക് മലയാളത്തോട് പറഞ്ഞു.

രജിസ്‌ട്രേഷൻ തിയ്യതി മുതൽ മുപ്പതു ദിവസം ഇരുവർക്കും മാറി ചിന്തിക്കാനുള്ള സമയം സ്പെഷ്യൽ മാരേജ് ആക്ടിൽ പറയുന്നുണ്ട്. ഇതു പ്രകാരം അനുവദിച്ചിട്ടുള്ള കാലാവധി തീരുന്നതിന് മുൻപ് തന്നെ വീട്ടുകാരുടെ നേതൃത്വത്തിൽ ശ്വേതയെ മർദ്ദിച്ചവശയാക്കുകയും വിസമ്മത പത്രത്തിൽ നിർബന്ധിച്ച് ഒപ്പ്‌ വെപ്പിക്കുകയുമുണ്ടായെന്ന് രജിസ്ട്രാർ മുമ്പാകെ ഹാജരാക്കിയപ്പോൾ ശ്വേത തുറന്ന് പറഞ്ഞു. ഇതിൽ പ്രകോപിതരായ വീട്ടുകാർ രജിസ്ട്രാർ ഓഫീസിൽ വെച്ച് ശ്വേതയെ വീണ്ടും മർദ്ദിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ നേരത്തെ ഫേസ്ബുക്കില്‍ അഭിലാഷ് പോസ്റ്റിട്ടുവെന്നും പോലീസ് പ്രചരിപ്പിച്ചതായി അഭിലാഷ് പറയുന്നു. ശ്വേതയെ അന്യായമായി വീട്ടു തടങ്കലില്‍ വെച്ചിരിക്കുകയാണെന്നും മോചനം ലഭിക്കാന്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്തതായും അഭിലാഷ് വോക്ക് മലയാളത്തോട് പറഞ്ഞു. അതേസമയം, ശ്വേത മോഹനെ മര്‍ദ്ദിച്ച വീട്ടുകാരുടെ നടപടിക്കു കൂട്ടു നിന്ന പയ്യന്നൂര്‍ പോലീസിന്‍റെ നടപടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്.

സംഭവസ്ഥലത്ത് ഉണ്ടായിരുന്ന നാട്ടുകാര്‍ ബഹളം വെയ്ക്കുകയും പോലീസിൽ അറിയിക്കുകയും ചെയ്തതിനെ തുടർന്ന് സ്ഥലത്തെത്തിയ പയ്യന്നൂർ പോലീസ് ഇവരെ സ്റ്റേഷനിലേക്ക് മാറ്റി. പൊതു സ്ഥലത്ത് വെച്ച് ശ്വേതയെ മർദ്ദിച്ച വീട്ടുകാർക്കെതിരെ നടപടി സ്വീകരിക്കാതെ ശ്വേതയ്ക്ക് സംരക്ഷണം നൽകാതെ പോലീസ് അവരെ വീട്ടുകാരുടെ കൂടെ നിർബന്ധിച്ച് പറഞ്ഞയക്കുകയാണുണ്ടായത്.

പോലീസ് അതിക്രമങ്ങൾക്ക് എതിരെ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന വിദ്യാർത്ഥി യുവജന കൂട്ടായ്മയുടെ സംസ്ഥാന കമ്മറ്റി അംഗങ്ങൾ ആണ് ശ്വേതയും അഭിലാഷും. ദീർഘനാളായി പ്രണയത്തിലായിരുന്ന അഭിലാഷും ശ്വേതയും ഒരുമിച്ച് ജീവിക്കാൻ എടുത്ത തീരുമാനത്തിനൊപ്പം മുഴുവൻ മതേതര ജനാധിപത്യ വിശ്വാസികളും നിലകൊള്ളണമെന്ന് സംഭവത്തില്‍ പ്രതിഷേധമറിയിച്ച് പൊലീസ് അതിക്രമങ്ങള്‍ക്കെതിരെ വിദ്യാര്‍ത്ഥി യുവജന കൂട്ടായ്മ പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *