കണ്ണൂര്‍:
അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെതിരേ സി.ബി.ഐ കൊലക്കുറ്റം ചുമത്തി. ക്രിമിനല്‍ ഗൂഢാലോചന, കൊലക്കുറ്റം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് സി.ബി.ഐ തലശ്ശേരി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്.
മുൻപ്, ലോക്കല്‍ പോലീസ് അന്വേഷിച്ചപ്പോള്‍, കൊലപാതകം നടക്കുമെന്ന് അറിഞ്ഞിട്ടും തടയാന്‍ ശ്രമിച്ചില്ലെന്ന നിസ്സാര വകുപ്പാണ് ചുമത്തിയിരുന്നത്. കേസ് സി.ബി.ഐ അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുകയാണ്. 2012 ഫെബ്രുവരി 20 നാണ് ഷുക്കൂര്‍ കൊല്ലപ്പെട്ടത്. സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ ഉള്‍പ്പെടെയുള്ളവര്‍ സഞ്ചരിച്ച വാഹനം മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞ് ആക്രമിച്ചതിനു പ്രതികാരമായി ഷുക്കൂറിനെ വധിച്ചതാണെന്നാണ് കേസ്.
ഷുക്കൂറിനൊപ്പം കൂടെയുണ്ടായിരുന്ന സക്കരിയ്യയ്ക്ക് ഗുരുതരമായി വെട്ടേല്‍ക്കുകയും ചെയ്തിരുന്നു. കേസില്‍ സി പി എം നേതാവ് എം വി ഗോവിന്ദന്റെ മകന്‍ ശ്യാംജിത്ത്, തളിപ്പറമ്പ് നഗരസഭ മുന്‍ ചെയര്‍മാനും ഏരിയാ കമ്മിറ്റി അംഗവുമായ വാടി രവിയുടെ മകന്‍ ബിജുമോന്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ പ്രതികളായ കേസില്‍ 32ാം പ്രതിയാണ് പി. ജയരാജന്‍.