Fri. Apr 26th, 2024
കോഴിക്കോട്:

സംസ്ഥാനത്ത് സിമന്റു കമ്പനികള്‍ വില കുറയ്ക്കാത്തതിലും, വില വര്‍ധനക്കെതിരെ നടപടി സ്വീകരിക്കാത്ത സര്‍ക്കാര്‍ നിലപാടിലും പ്രതിഷേധിച്ച് 27 ന് സംസ്ഥാന വ്യാപകമായി നിര്‍മ്മാണ ബന്ദ് നടത്തും. സിമന്റ് ഡീലേഴ്സ് വെല്‍ഫെയര്‍ അസോസിയേഷനുള്‍പ്പെടെ നിര്‍മ്മാണ വ്യാപാരമേഖലയിലെ 16 സംഘടനാ ഭാരവാഹികളുടെ സംയുക്ത യോഗത്തിലാണിക്കാര്യം തീരുമാനിച്ചത്.

സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും നിര്‍ത്തിവച്ചും സിമന്റ് കടകള്‍ അടച്ചിട്ടുമാണ് ബന്ദ് നടത്തുന്നതെന്ന് സംയുക്ത സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അന്നേദിവസം സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തും. നിര്‍മ്മാണ ബന്ദിന്റെ മുന്നോടിയായി 20 ന് സംസ്ഥാനത്തെ എല്ലാ കളക്ടറേറ്റുകളിലേക്കും പ്രതിഷേധമാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കും. പ്രതിഷേധ പരിപാടികള്‍ക്ക് ശേഷവും വില കുറച്ചിട്ടില്ലെങ്കില്‍ സിമന്റ് വില്‍പനയും സ്റ്റോക്കെടുപ്പും നിര്‍ത്തിവയ്ക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

കമ്പനികള്‍ വിലകുറയ്ക്കാത്തത് സാധാരണക്കാരെ ബാധിക്കുമ്പോഴും അടിയന്തരയോഗം വിളിച്ചുചേര്‍ക്കാന്‍ സര്‍ക്കാര്‍ ഇതുവരേയും തയ്യാറായിട്ടില്ല. പൊതുമേഖലാ സ്ഥാപനമായ മലബാര്‍ സിമന്റ്സിന്റെ വില പോലും കുറച്ചിട്ടില്ല. വില കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് കമ്പനികളുടെ അടിയന്തിരയോഗം സര്‍ക്കാര്‍ വിളിച്ചുചേര്‍ക്കമെന്നും, നിര്‍മ്മാണ വസ്തുക്കളുടെ വില നിയന്ത്രിക്കാന്‍ വില നിലവാര നിയന്ത്രണ സമിതി സംസ്ഥാനത്ത് രൂപീകരിക്കണമെന്നും വില വര്‍ധിപ്പിക്കുന്നതിനെതിരെ സര്‍ക്കാര്‍ കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയെ സമീപിക്കണമെന്നും സംയുക്ത സമിതി ഭാരവാഹികള്‍ പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ സിമന്റ് ഡീലേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി സിറാജുദ്ദീന്‍ ഇല്ലത്തൊടി, പ്രസിഡന്റ് ടോണി തോമസ്, ഗവ.കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് കണ്ണംപള്ളി തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *