Fri. Nov 22nd, 2024

പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ന​ത്തി​ന്​ ഫ​ണ്ട്​ ക​ണ്ടെ​ത്താ​ൻ പ്ര​വ​ർ​ത്ത​ക​രെ മാ​ത്രം ആ​ശ്ര​യി​ക്കു​മെ​ന്നാണ്​ ബി.​ജെ.​പി അ​ധ്യ​ക്ഷ​ൻ അ​മി​ത്​ ഷായുടെ പ്രസ്താവന. ​പ​ണ​ച്ചാ​ക്കു​ക​ളെ​യും, ബി​ൽ​ഡ​ർ​മാ​രെ​യും, ക​രാ​റു​കാ​രെ​യും, ക​ള്ള​പ്പ​ണ​ക്കാ​രെ​യും സ​മീ​പി​ക്കില്ലെന്നാണ് ദീ​ൻ​ദ​യാ​ൽ ഉ​പാ​ധ്യാ​യ​യു​ടെ 51ാം ച​ര​മ വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച പ​രി​പാ​ടി​യി​ൽ സം​സാ​രിച്ച് അ​ദ്ദേ​ഹം പറഞ്ഞത്. പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ന​ത്തി​നും, തെ​ര​ഞ്ഞെ​ടു​പ്പ്​ ചെ​ല​വി​നു​മു​ള്ള മു​ഴു​വ​ൻ ഫ​ണ്ടും, പ്ര​വ​ർ​ത്ത​ക​രി​ൽ​നി​ന്ന്​ ക​ണ്ടെ​ത്തു​മെ​ന്ന്​ പ​റ​യാ​ൻ പാ​ർ​ട്ടി അ​ധ്യ​ക്ഷ​ന്​ സാ​ധ്യ​മ​ല്ലെ​ന്ന് പറഞ്ഞ അ​മി​ത്​ ഷാ, തെ​ര​ഞ്ഞെ​ടു​പ്പ്​ ഫ​ണ്ട്​ ശു​ചീ​ക​ര​ണ​ത്തി​ന്​ ബി.​ജെ.​പി നേ​തൃ​ത്വം​ കൊ​ടു​ക്കും എന്നു കൂടി കൂട്ടിച്ചേര്‍ത്തു.

‘ന​മോ ആ​പ്​’ വ​ഴി രാ​ജ്യ​ത്തെ ഓരോ ബൂ​ത്തി​ലെ​യും ര​ണ്ടു പ്ര​വ​ർ​ത്ത​ക​ർ 1000 രൂ​പ സം​ഭാ​വ​ന ചെ​യ്യുമെന്നും പാ​ർ​ട്ടി​യെ ത​ങ്ങ​ൾ ച​ലി​പ്പി​ക്കു​മെ​ന്ന്​ അ​ഭി​മാ​ന​ത്തോ​ടെ പ​റ​യാ​ൻ പ്ര​വ​ർ​ത്ത​ക​ർ തയ്യാ​റാ​ക​ണ​മെ​ന്നുമാണ് അ​മി​ത് ​ഷാ പറഞ്ഞു നിര്‍ത്തിയത്. 2014 ല്‍ രാജ്യത്ത് അധികാരത്തില്‍ വരുന്നതിനു മുന്‍പ് തന്നെ കള്ളപ്പണക്കാരോട് സന്ധിയില്ലാതെ യുദ്ധം ചെയ്യുന്നു എന്നു പറയുന്നവരാണ് ബി.ജെ.പി യും അതിന്‍റെ നേതാക്കളും. 2016 നവംബർ 8 ചൊവ്വാഴ്ച അർധരാത്രി മുതൽ ഇന്ത്യയിൽ 1000, 500 രൂപയുടെ നോട്ടുകൾ അസാധുവാക്കി കേന്ദ്ര സർക്കാർ ഉത്തരവ് ഇറക്കുമ്പോഴും അതിനായി പറഞ്ഞ കാരണങ്ങളില്‍ ഒന്ന് കള്ളപ്പണമായിരുന്നു.

എന്നാല്‍ മോദി സര്‍ക്കാരിന്‍റെ നോട്ടുനിരോധനത്തെ ശക്തമായ പിന്തുണച്ച യുവനേതാവടക്കം അറസ്റ്റിലാകുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ബി.ജെ.പിയുടെ സേലം യൂത്ത് വിംഗ് സെക്രട്ടറിയായിരുന്ന അരുണില്‍ നിന്നും 20.55 ലക്ഷം രൂപയാണ് തമിഴ്‌നാട് പൊലീസ് പിടികൂടിയത്. നോട്ടുനിരോധനം പ്രഖ്യാപിച്ച് ഒരു മാസം തികയുന്നതിന് മുന്‍പ് രാജ്യത്ത് വിവിധയിടങ്ങളിലായി നടന്ന റെയിഡുകളില്‍ മുപ്പതോളം ബി.ജെ.പി പ്രവര്‍ത്തകര്‍ അറസ്റ്റിലായതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിവരങ്ങളെ ഉദ്ധരിച്ച് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കള്ളപ്പണവും കുരുക്കില്‍ വീണ ബിജെപി നേതൃത്വവും

നോട്ടുനിരോധനത്തിന്റെ പിറ്റേദിവസം തന്നെ 1 ലക്ഷം രൂപയുമായി രാജസ്ഥാനിലെ ബി.ജെ.പി നേതാവും ചബ്ര മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണുമായ ജിതേന്ദ്ര കുമാര്‍ സാഹുവിനെ അഴിമതി വിരുദ്ധസേന പിടികൂടിയിരുന്നു. നവംബര്‍ 18ന് മഹാരാഷ്ട്ര സഹകരണവകുപ്പ് മന്ത്രിയുടെ ഉടമസ്ഥതയിലുള്ള കാറില്‍ നിന്ന് 91.5 ലക്ഷം രൂപ പിടിച്ചെടുത്തു. നവംബര്‍ 9ന് ഗാസിയാബാദില്‍ നിന്ന് 3 കോടി രൂപയുമായി മറ്റൊരു ബി.ജെ.പി നേതാവും അറസ്റ്റിലായി. ബംഗാളില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായിരുന്ന മനീഷ് ശര്‍മ എന്നയാളില്‍ നിന്നും 33 ലക്ഷത്തിന്‍റെ പുതിയ 2000 രൂപയുടെ നോട്ടുകള്‍ പിടികൂടി.

പണം പിടിച്ചെടുത്തതിനു പുറമെ നോട്ടുനിരോധനത്തിനു മുമ്പ് ബീഹാറിലും ബംഗാളിലുമായി വന്‍തോതില്‍ ഭൂമി വാങ്ങിക്കൂട്ടിയെന്ന ആരോപണവും ബി.ജെ.പി ക്കെതിരെ ഉയര്‍ന്നിരുന്നു. ഇതു കൂടാതെ ഗുജറാത്തില്‍ 5000 കോടിയുടെ ബിറ്റ്‌കോയിന്‍ കള്ളപ്പണം ബി.ജെ.പി നേതാക്കള്‍ വെളുപ്പിക്കാന്‍ ഉപയോഗിച്ചുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ഗുജറാത്ത് സി.ഐ.ഡിയുടെ കണക്കുകളനുസരിച്ച് 5000 കോടിയുടെ അഴിമതി നടന്നെന്നാണ് കോണ്‍ഗ്രസ് വക്താവ് ശക്തിസിന്‍ഹ് ഗോഹില്‍ മാധ്യമങ്ങളോട് പറഞ്ഞത്.

നോട്ട് അസാധുവാക്കല്‍ മറയാക്കി ബി.ജെ.പി നേതാക്കളുടെ മക്കള്‍ കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണവും ഇടയ്ക്കുണ്ടായി. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവലിന്റെ മക്കള്‍ വിവേക് ദോവല്‍, ശൌര്യ ദോവല്‍ എന്നിവരുടെ കെമന്‍ ദ്വീപുമായുള്ള ബന്ധം ചൂണ്ടിക്കാട്ടിയാണ് ആരോപണം ഉയര്‍ന്നത്. 2017-18 വര്‍ഷം കെമന്‍ ദീപ് വഴി ഇന്ത്യയില്‍ നിക്ഷേപം നടത്തിയവരുടെ വിവരങ്ങള്‍ വെളിപ്പെടുത്തണമെന്നും കോണ്‍ഗ്രസ് ആര്‍.ബി.ഐയോട് ആവശ്യപ്പെട്ടിരുന്നു. 2011ലെ ബി.ജെ.പിയുടെ കള്ളപ്പണ-നികുതി തട്ടിപ്പുകാരെ കണ്ടെത്താനുള്ള സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് കോണ്‍ഗ്രസ് ആരോപണം ഉന്നയിച്ചത്.

ഖനിവ്യവസായിയും മുന്‍ മന്ത്രിയുമായ ജനാര്‍ദന റെഡ്ഡിക്കുവേണ്ടി നൂറുകോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണവും ഇടയ്ക്ക് ഉയര്‍ന്നു കേട്ടു. ബി.ജെ.പി നേതാവും മുന്‍ മന്ത്രിയുമായ ജനാര്‍ദ്ദന റെഡ്ഡിയുടെ മകളുടെ വിവാഹത്തിന് മുന്നോടിയായി 100 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചെന്നായിരുന്നു ആരോപണം.

പിന്നീടു കേട്ടത് കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസില്‍ മുന്‍ ബി.ജെ.പി എം.എല്‍.എ നളിന്‍ കൊട്ടാഡിയയുടെ അറസ്റ്റു വാര്‍ത്തയാണ്. ബിറ്റ്‌കോയിന്‍ വാങ്ങി ഒമ്പതു കോടി വെളുപ്പിച്ചുവെന്ന കേസിലാണ് ധാരിയില്‍ നിന്നുള്ള മുന്‍ ബി.ജെ.പി എം.എല്‍.എ നളിന്‍ കൊട്ടാഡിയയെ ഗുജറാത്ത് ക്രൈം ബ്രാഞ്ച് അറസ്റ്റു ചെയ്തത്. മഹാരാഷ്ട്രയിലെ ധൂലിയയില്‍ നിന്നാണ് എം.എല്‍.എ അറസ്റ്റിലായത്. അഹമ്മദാബാദ് സെഷന്‍സ് കോടതി പ്രതി കുറ്റക്കാരനെന്ന് കണ്ടത്തിയിരുന്നു.

9.95 കോടി രൂപയോളം വില വരുന്ന 119 ബിറ്റ് കോയിനുകളാണ് ഇയാള്‍ വെളുപ്പിക്കാന്‍ ശ്രമിച്ചത്. എം.എല്‍.എയോട് ഹാജരാകുവാന്‍ ആവശ്യപ്പെട്ട് നിരവധി തവണ നോട്ടീസ് അയച്ചെങ്കിലും പൊലീസിന് പിടികൊടുക്കാതെ മുങ്ങി നടക്കുകയായിരുന്നു. ഇതിനിടയിലാണ് ഇയാള്‍ അറസ്റ്റിലായത്. ബിറ്റ്സ് കോയിന്‍ ഇടപാടിലെ മുഖ്യ ഇടപാടുകാരന്‍ ശൈലേഷ് ഭട്ടിനെ തട്ടിക്കൊണ്ട് പോയ കേസിലെ പ്രധാന സൂത്രധാരനായ കൃതി പലാഡിയെ ചോദ്യം ചെയ്തതോടെയാണ് കൊട്ടാഡിയയുടെ പങ്കു വ്യക്തമായത്.

ബിജെപിയുടെ കള്ളപ്പണക്കരോടുള്ള അടുപ്പവും കോബ്ര പോസ്റ്റ്‌ വെളിപ്പെടുത്തലും

വീടുനിർമ്മാണത്തിന‌് വായ‌്പ നൽകുന്ന മുംബൈ ആസ്ഥാനമായ കമ്പനിയാണ‌് ഡി.എച്ച്.എഫ്.എൽ രാജ്യത്തെ പ്രമുഖ ഹൗസിംഗ് സ്ഥാപനമെന്ന് പ്രഖ്യാപിച്ച് മോഡി സര്‍ക്കാര്‍ അവാര്‍ഡ് നല്‍കിയ കമ്പനിയാണിത്. മോഡി സര്‍ക്കാരിന്റെ ഒത്താശയോടെ കമ്പനി 31,000 കോടിയുടെ ബാങ്ക് വായ്പ തട്ടിപ്പ് നടത്തിയതായാണ് കോബ്ര പോസ്റ്റ്‌ വെളിപ്പെടുത്തിയത്. തട്ടിപ്പ് കമ്പനിയായ  ബിജെപിക്ക് സംഭാവന ചെയ്തത് 19.5 കോടി രൂപയാണെന്നാണ് കോബ്ര പോസ്റ്റ്‌ ആരോപിക്കുന്നത്. രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിൽ നിന്നടക്കം 31,000 കോടി രൂപ  ഡി.എച്ച്.എഫ്.എൽ തട്ടിച്ചെന്നും കോബ്രാ പോസ്റ്റ‌് വെളിപ്പെടുത്തുന്നു.

എസ‌്ബിഐ അടക്കമുള്ള ബാങ്കുകളിൽനിന്ന‌്  വായ‌്പയിലൂടെ പൊതുപണം വിവിധ കടലാസുകമ്പനികൾക്ക‌് വകമാറ്റി. ഡി.എച്ച്.എഫ്.എൽ പ്രൊമോട്ടർമാർ നിയന്ത്രിക്കുന്ന കടലാസുകമ്പനികളിലൂടെ ബി.ജെ.പിക്ക‌് 19.5 കോടി രൂപ സംഭാവന നൽകി. കൂടാതെ, ഗുജറാത്ത‌്, കർണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക‌ു മുന്നോടിയായി കമ്പനികൾക്ക‌് വൻതോതിൽ പണം നൽകിയാതായാണ് ഡൽഹിയില്‍ നടന്ന വാർത്താ സമ്മേളനത്തില്‍ കോബ്രപോസ്റ്റ‌് ചീഫ‌് എഡിറ്റർ അനിരുദ്ധ ബഹാൽ ആരോപണമുന്നയിച്ചത‌്.

കഴിഞ്ഞ മൂന്നുവർഷത്തിനിടെയാണ‌് ഇടപാടുകൾ. ചേരി വികസന പദ്ധതികളുടെയടക്കം പേരിലാണ‌് പണം കൈമാറിയത‌്. ഗുജറാത്തിലെ കമ്പനികൾക്ക‌് 1160 കോടി രൂപയാണ‌് കൈമാറിയത‌്. സംസ്ഥാനങ്ങളിലെ മുനിസിപ്പൽ കോർപ്പറേഷനുകളുടെയടക്കം പദ്ധതികൾ നടത്തുന്ന കമ്പനികൾക്കാണ‌് പണം കൈമാറിയത‌്. ഇവർ ഏറ്റെടുത്ത മിക്ക പദ്ധതികളും മുടങ്ങി. രാഷ്ട്രീയ പാർട്ടികൾക്ക‌് സംഭാവന നൽകുന്നതിനുള്ള നിബന്ധന മറികടന്നാണ‌് മൂന്ന‌് കമ്പനി ബി.ജെ.പിക്ക‌് 20 കോടി രൂപ നൽകിയത‌്.

എസ‌്.ബി.ഐയിൽനിന്ന‌് 11,000 കോടിയും ബാങ്ക‌് ഓഫ‌് ബറോഡയിൽനിന്ന‌് 4000 കോടിയും ഡി.എച്ച്.എഫ്.എൽ വായ‌്പയെടുത്തിട്ടുണ്ട‌്. പൊതു–-സ്വകാര്യ–-വിദേശ ബാങ്കുകളിൽനിന്നായി 36,963 കോടിയാണ‌് വായ‌്പ. പൊതുജനങ്ങളിൽനിന്നും നാഷണൽ ഹൗസിംഗ് ബോർഡിൽനിന്നും ഇവർ പണം സമാഹരിച്ചിട്ടുണ്ടെന്നും കോബ്രപോസ്റ്റ‌് വെളിപ്പെടുത്തലില്‍ പറയുന്നുണ്ട്.

കടലാസ‌് കമ്പനികൾക്ക‌് ഈടുള്ളതും ഈടില്ലാത്തതുമായ വായ‌്പകളിലൂടെ വൻ തുകയാണ‌് നൽകിയത‌്.   ഡിഎച്ച‌്എഫ‌്എല്ലിന്റെ മുഖ്യ ഓഹരി ഉടമകളായ കപിൽ വാധ്‌വാൻ, അരുണ വാധ്‌വാൻ, ധീരജ‌് വാധ്‌വാൻ എന്നിവരുമായി ബന്ധപ്പെട്ട കമ്പനികളാണിവ. ഈ പണം നിയമങ്ങൾ മറികടന്ന‌് ഇന്ത്യയിലും വിദേശത്തും ഓഹരികളും വസ‌്തുവകകളും വാങ്ങുന്നതിന‌് ഉപയോഗിച്ചു. വയമ്പ എന്ന ശ്രീലങ്കൻ ക്രിക്കറ്റ‌് ടീം വാങ്ങിയതടക്കം ബ്രിട്ടൻ, ദുബായ‌്, മൗറീഷ്യസ‌് തുടങ്ങിയ രാജ്യങ്ങളിലാണ‌് പണം നിക്ഷേപിച്ചത‌്.

ആര്‍ബിഐ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് നല്‍കിയ കണക്കുകള്‍ പ്രകാരം ഡി.എച്ച്.എഫ്.എല്ലിന്റെ മൊത്തം ആസ്തി 8,795 കോടി രൂപയാണ്. എന്നാല്‍ വിവിധ ധനകാര്യസ്ഥാപനങ്ങളില്‍ നിന്നായി 96,880 കോടി രൂപയുടെ വായ്പയാണ് ഡി.എച്ച്.എഫ്.എൽ എടുത്തത്. ഗുജറാത്ത്, കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ വാധ്‌വാൻ പേരിലുള്ള കടലാസ് കമ്പനിയുടെ അക്കൗണ്ടില്‍ നിന്നും 19.5 കോടി രൂപ ഇരുസംസ്ഥാനങ്ങളിലേയും ബിജെപി നേതാക്കള്‍ക്ക് നല്‍കിയിരുന്നു.

ആര്‍ കെ ഡബ്ല്യു ഡെവലപ്പേഴ്‌സ്, സ്‌കില്‍ റിയല്‍ട്ടേഴ്‌സ്, ദര്‍ശന്‍ ഡെവലപ്പേഴ്‌സ് എന്നീ കമ്പനികളാണ് പണം നല്‍കിയതെന്നും ഈ കമ്പനികളെല്ലാം വാധ്‌വാൻ കുടുംബവുമായി ബന്ധപ്പെട്ടവയാണെന്നും കോബ്രപോസ്റ്റ്‌ വ്യക്തമാക്കുന്നു. ആയിരം കോടി രൂപയാണ് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വാധ്‌വാൻ കുടുംബം പ്രമോട്ടര്‍മാരായ കടലാസ് കമ്പനികളുടെ അക്കൗണ്ടുകളിലേയ്ക്ക് മാറ്റിയത്.

നാല്‍പ്പതോളം കടലാസ് കമ്പനികള്‍ രൂപീകരിച്ചാണ് കോടികളുടെ വായ്പാ തട്ടിപ്പ് ഡി.എച്ച്.എഫ്.എൽ നടത്തിയത്. ഇതില്‍ ഭൂരിഭാഗം കമ്പനികളുടേയും മൂലധനം ഒരു ലക്ഷം രൂപ മാത്രമാണ്. ഈ കമ്പനികള്‍ക്കാണ് വേണ്ടത്ര ഈടുകള്‍ സ്വീകരിക്കാതെ കോടികളുടെ വായ്പ അനുവദിച്ചത്. വായ്പാപണം ബ്രിട്ടന്‍, മൗറീഷ്യസ്, ദുബായ്, ശ്രീലങ്ക ഉള്‍പ്പടെയുള്ള വിദേശരാജ്യങ്ങളില്‍ വാധ്‌വാൻ കുടംബം നിക്ഷേപിച്ചു. വിദേശ വിനിമയ ചട്ടങ്ങള്‍ ലംഘിച്ചാണ് വിദേശ നിക്ഷേപം നടത്തിയത്.

കോടികളുടെ സാമ്പത്തിക തട്ടിപ്പും കേന്ദ്ര സര്‍ക്കാര്‍ നടപടിയും

വജ്രവ്യാപാരി നീരവ് മോദി, മെഹുല്‍ ചോക്‌സി, കിംഗ്‌ഫിഷര്‍ ഉടമ വിജയ് മല്യ, ജതിന്‍ മേത്ത അടക്കമുള്ളവര്‍ കോടികള്‍ വായ്പ എടുത്ത ശേഷം തിരിച്ചടയ്ക്കാതെ വിദേശത്തേക്ക് മുങ്ങിയ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ചില നീക്കങ്ങള്‍ നടത്തി എന്നത് വസ്തുതയാണ്. സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിടുന്നവരുടെ ആസ്തികള്‍ കണ്ടുകെട്ടാന്‍ വ്യവസ്ഥചെയ്യുന്ന ഓര്‍ഡിനന്‍സിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് അടക്കമുള്ളവയുടെ പശ്ചാത്തലത്തിലാണ് ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്.

തട്ടിപ്പ് നടത്തി രാജ്യംവിടുന്നവരെ തിരിച്ചെത്തിക്കുകയും നിയമ നടപടികള്‍ക്ക് വിധേയരാക്കുകയുമാണ് ലക്ഷ്യം. സാമ്പത്തികത്തട്ടിപ്പു നടത്തി രാജ്യം വിട്ട വ്യവസായി വിജയ് മല്യയാണ് ഓഗസ്റ്റിൽ നിലവിൽ വന്ന ഫ്യുജിറ്റീവ് ഇക്കണോമിക് ഒഫൻഡേഴ്സ് (എഫ്ഇഒ) നിയമപ്രകാരം ആദ്യം നടപടിക്ക് വിധേയനായത്. നൂറു കോടി രൂപയോ അതിനു മുകളിലോ സാമ്പത്തിക തട്ടിപ്പു നടത്തി രാജ്യം വിട്ട് പോകുന്നവരാണു ഫ്യുജിറ്റീവ് ഇക്കണോമിക് ഒഫന്‍ഡേഴ്‌സ് നിയമത്തിന്റെ പരിധിയില്‍ വരിക. ഇങ്ങനെ രാജ്യം വിട്ട് പോയവരുടെ സ്വത്തുക്കള്‍ മുഴുവന്‍ കണ്ടുകെട്ടാന്‍ ബില്ലില്‍ വ്യവസ്ഥയുണ്ട്.

ഇന്ത്യയില്‍ മാത്രമല്ല ഇവരുടെ വിദേശത്തുള്ള ആസ്തികളും കണ്ടുകെട്ടും. ഇതിനായി വിവിധ രാജ്യങ്ങളുമായി കരാറുണ്ടാക്കും. ഈ നിയമ പ്രകാരമാണ് വിജയ് മല്യയെ മുംബൈയിലെ പ്രത്യേക കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. കണ്ടുകെട്ടുന്ന ഭൂമി വില്‍ക്കുന്നതിന് അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കാനും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിട്ട് പോകുന്നവരെ ഫ്യുജിറ്റീവ് ഇക്കണോമിക് ഒഫന്‍ഡര്‍ ആയി പ്രഖ്യാപിക്കാന്‍ പ്രത്യേക കോടതികളോട് ആവശ്യപ്പെടാനും നിയമത്തില്‍ വ്യവസ്ഥയുണ്ട്.

സാമ്പത്തിക തട്ടിപ്പ് കേസുകളിൽ കുറ്റവാളികൾക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ആറ് ആഴ്ചയ്ക്കകം മറുപടി നൽകിയില്ലെങ്കിൽ കടന്നു കളഞ്ഞ കുറ്റവാളികളായി കണക്കാക്കിയുള്ള നടപടികളായിരിക്കും ഇത്തരക്കാർക്കെതിരെ സ്വീകരിക്കുക. രാജ്യത്തെ ആസ്തികൾക്ക് പുറമേ അഡ്മിനിസ്ട്രേറ്ററെ നിയമിച്ച് വിദേശത്തുള്ള സ്വത്തുക്കളും ബിനാമി സ്വത്തുക്കളും കണ്ടുകെട്ടാന്‍ അധികാരമുണ്ടായിരിക്കും.

50 കോടി രൂപയും അതിനു മുകളിലോട്ടും ബാങ്കുകളില്‍ നിന്ന് വായ്പ എടുക്കുന്നതിന് പാസ്‌പോര്‍ട്ട് നിര്‍ബന്ധമാക്കിയതാണ് കേന്ദ്ര സര്‍ക്കാറിന്‍റെ മറ്റൊരു നടപടി. വന്‍ തുകകള്‍ വായ്പ എടുത്ത ശേഷം വിദേശത്തേക്ക് മുങ്ങുന്നത് തടയുകയെന്ന ലക്ഷ്യത്തോടു കൂടിയാണ് സര്‍ക്കാരിന്‍റെ നടപടി. സാമ്പത്തിക തട്ടിപ്പു നടത്തി രാജ്യം വിടുന്നവരുടെ ആസ്തി കണ്ടുകെട്ടാനുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയതിന് പിന്നാലെയാണ് പാസ്‌പോര്‍ട്ട് നിര്‍ബന്ധമാക്കി സര്‍ക്കാരിന്റെ നടപടി വന്നത്.

പാസ്‌പോര്‍ട്ട് രേഖകള്‍ ഇല്ലാത്തതിനാല്‍ തട്ടിപ്പ് നടത്തിയ ശേഷം വിദേശത്തേക്ക് കടക്കുന്നവര്‍ക്കെതിരെ സമയബന്ധിത നടപടി സ്വീകരിക്കാന്‍ ബാങ്കുകള്‍ക്ക് കഴിഞ്ഞിരുന്നില്ല. പാസ്‌പോര്‍ട്ട് വിവരങ്ങള്‍ കൈവശമുണ്ടെങ്കില്‍ സമയബന്ധിതമായി നടപടികള്‍ എടുക്കാന്‍ ഇതിലൂടെ കഴിയുമെന്നാണ് സാമ്പത്തിക സെക്രട്ടറി രാജീവ് കുമാര്‍ ട്വിറ്ററിലൂടെ അറിയിച്ചത്.

ബാങ്കിംഗ് സംവിധാനം ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായി 50 കോടിക്ക് മുകളിലുള്ള എല്ലാ നിഷ്ക്രിയ അക്കൗണ്ടുകളും പരിശോധിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്ര ധനകാര്യ മന്ത്രാലയം പൊതുമേഖലാ ബാങ്കുകളോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ക്രമക്കേടു കണ്ടെത്തിയാല്‍ ആ കേസ് സിബിഐക്ക് കൈമാറും. 250 കോടിക്ക് മുകളില്‍ വായ്പ എടുക്കുന്നവരെ നിരീക്ഷിക്കാനും കേന്ദ്രം നിര്‍ദ്ദേശിച്ചിരുന്നു.

ബാങ്കുകളിലെ ഓഡിറ്റിംഗ് സുതാര്യമാക്കുന്നതിനു വേണ്ടി നാഷണൽ ഫിനാൻഷ്യൽ‍ റിപ്പോർട്ടിംഗ് അതോറിറ്റിക്ക് രൂപം നൽകുന്നത് ഉള്‍പ്പെടെ ഉള്ള നടപടികളും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ചാർട്ടേർഡ് അക്കൗണ്ടന്റുമാരുടേയും ഓഡിറ്റർമാരുടെയും മേൽനോട്ടവും നിയന്ത്രണവുമാണ് ലക്‌ഷ്യം.

30,000 കോടിയോളം രൂപയുടെ ബാങ്ക് തട്ടിപ്പ് നടത്തി വജ്രവ്യാപാരി നീരവ് മോദിയും ബന്ധു മെഹുല്‍ ചോക്‌സിയും രാജ്യം വിട്ട സംഭവം കടുത്ത വിമര്‍ശനത്തിനു വഴിവച്ചിരുന്നു. വിവിധ ബാങ്കുകള്‍ നല്‍കിയ കോടികളുടെ വായ്പ തിരിച്ചടയ്ക്കാതെ മദ്യരാജാവ് വിജയ് മല്യ രാജ്യംവിട്ടതും പ്രതിഷേധത്തിന് ഇടയാക്കി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് തടയാനാണ് നീക്കം.

11,300 കോടി രൂപയുടെ തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദിയുടെ 1217 കോടി രൂപയോളം വരുന്ന ആസ്തി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നേരത്തെ തന്നെ കണ്ടുകെട്ടിയിരുന്നു. പ‍ഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 6,100 കോടി രൂപയുടെ തട്ടിപ്പ് നടത്തി രാജ്യം വിട്ട മെഹുൽ ചോക്സിയുടെ 41 വസ്തുവകകളാണ് തട്ടിപ്പ് കേസ് പുറത്തുവന്നതിനു പിന്നാലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്.

Leave a Reply

Your email address will not be published. Required fields are marked *