Mon. Dec 23rd, 2024
കൊല്‍ക്കത്ത:

ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് എം.എല്‍.എയുടെ കൊലപാതകത്തിനു പിന്നില്‍ വന്‍ രാഷ്ട്രീയ അജണ്ട ഉള്ളതായി സൂചന. കൊലപാതകം നടത്തിയത് ബി.ജെ.പിയാണെന്ന് തൃണമൂല്‍ ആരോപിച്ചതിനു പിന്നാലെ തൃണമൂല്‍ വിട്ട് ബിജെപിയിലെത്തിയ മുന്‍ റെയില്‍വേ മന്ത്രി മുകുള്‍ റോയിയെക്കെതിരെ പോലീസ് കേസെടുത്തു.

ബംഗാള്‍ സര്‍ക്കാരും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള തര്‍ക്കം രൂക്ഷമായ സമയത്താണ് തൃണമൂല്‍ എം.എല്‍.എ സത്യജിത്ത് ബിശ്വാസ് കൊല്ലപ്പെടുന്നത്. കൊലപാതകം നടത്തിയത് ബി.ജെ.പിയാണെന്ന തൃണമൂലിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്നായിരുന്നു ബി.ജെ.പിയുടെ പ്രതികരണം. എന്നാല്‍ സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം മുകുള്‍ റോയിയെ പ്രതി ചേര്‍ത്തതോടെ ബി.ജെ.പി. വെട്ടിലായി.

കൊലപാതകക്കേസില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് മുകുള്‍ റോയിയെയും പൊലീസ് കേസില്‍ പ്രതി ചേര്‍ത്തത്. കാര്‍ത്തിക്ക് മോണ്ടല്‍, സുജിത്ത് മോണ്ടല്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ഒരു പൊലീസ് ഉദ്യോഗസ്ഥനെ സസ്പെന്റ് ചെയ്യുകയും ചെയ്തിരുന്നു. ഏറെ വിവാദമായ ശാരദ ചിട്ടിഫണ്ട് കേസില്‍ മുകുള്‍ റോയിയും നേരത്തെ പ്രതിയായിരുന്നു.

എന്നാല്‍ കഴിഞ്ഞവര്‍ഷം ബി.ജെ.പിയില്‍ ചേര്‍ന്നതിനു പിന്നാലെ കേസിന്റെ അന്വേഷണം നിലച്ച അവസ്ഥയിലായി. മുഖ്യമന്ത്രി മമതാ ബാനര്‍ജി അടക്കമുള്ളവര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് കേന്ദ്രത്തിനെതിരേയും ബി.ജെ.പിക്കെതിരേയും വിമര്‍ശനമുന്നയിച്ചിരുന്നത്.

ശനിയാഴ്ച വൈകുന്നേരം ജയ്പാല്‍ ഭുല്‍ബാരിയിലെ സരസ്വതീപൂജയുടെ ഭാഗമായി നടന്ന പരിപാടിക്കിടെയാണ് നാദിയ ജില്ലയിലെ കൃഷ്ണ​ഗഞ്ച് മണ്ഡലത്തിലെ എംഎൽഎ സത്യജിത്ത് ബിശ്വാസ് അജ്ഞാതന്റെ വെടിയേറ്റ് മരിച്ചത്. പരിപാടി കാണുവാനായി സ്റ്റേ‌ജില്‍ ഇരിക്കുമ്പോഴാണ് അദ്ദേഹത്തിന് വെടിയേറ്റത്. കസേരയില്‍ ഇരിക്കുകയായിരുന്ന സത്യജിത്തിന്റെ പിന്നില്‍ നിന്നും ഒരാള്‍ വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് സംഭവത്തിലെ ദൃൿസാക്ഷി പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്.

സത്യജിത്തിനെ കൊല്ലാന്‍ ഉപയോഗിച്ച തോക്കും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പിന്നില്‍ നിന്നാണ് സത്യജിത്തിന് വെടിയേറ്റത് എന്ന് പ്രാഥമിക അന്വേഷണത്തിലും വ്യക്തമാണ്. കൊലപാതകം ആസൂത്രിതമാണ് എന്നും പൊലീസ് സൂപ്രണ്ട് രൂപേഷ് കുമാര്‍ പറഞ്ഞു. അദ്ദേഹത്തിന്റെ അടുക്കല്‍ എത്തിയപ്പോഴേക്കും ചോരയില്‍ കുളിച്ച നിലയിലായിരുന്നെന്ന് ദൃൿസാക്ഷികളിലൊരാള്‍ പറഞ്ഞു.

ക്ലോസ്‌റേഞ്ചില്‍ മൂന്നു തവണയാണ് ബിശ്വാസിനെതിരെ വെടിയുതിര്‍ത്തത്. വെടിവെപ്പില്‍ ഗുരുതരമായി പരിക്കേറ്റ സത്യജിത് ബിശ്വാസിനെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബിശ്വാസിനു പുറമെ മന്ത്രിമാരായ രത്ന ഘോഷ്, നാദിയ യൂണിറ്റ് തൃണമൂല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് ഗൗരിശങ്കര്‍ ദത്ത എന്നിവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഇരുവരും സ്ഥലത്തു നിന്നു പോയി, മിനിറ്റുകള്‍ക്കകമാണ് സത്യബിശ്വാസിന് വെടിയേറ്റത്.

ബിശ്വാസിനെ വധിച്ചത് ബി.ജെ.പിയാണെന്ന് നാദിയ ജില്ലയിലെ തൃണമൂല്‍ പാര്‍ട്ടി നിരീക്ഷകന്‍ അനുഭ്രാത മൊണ്ടല്‍ ആരോപിച്ചു. സത്യം അറിയണമെന്നും, അതിനായി, പാര്‍ട്ടി ഏതറ്റം വരെ പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ആരോപണങ്ങളെ ബി.ജെ.പി സംസ്ഥാന നേതൃത്വം തള്ളി. തൃണമൂലിനകത്തെ പ്രശ്നങ്ങളുടെ ഇരയാണ് ബിശ്വാസെന്ന് ബംഗാള്‍ ജനറല്‍ സെക്രട്ടറി സത്യനാഥന്‍ ബസു പ്രതികരിച്ചു.

ബി.ജെ.പി നേതാവ് മുകള്‍ റോയിയാണ് കൊലപാതകത്തിനു പിന്നിലെന്ന് നാദിയ ജില്ലാ തൃണമൂല്‍ പ്രസിഡന്റ് ഗൗരിശങ്കര്‍ ദത്ത് ആരോപണം ഉന്നയിച്ചിരുന്നു. ബി.ജെ.പിയെപ്പോലെ രക്തദാഹിയായ ഒരു പാര്‍ട്ടിക്കു മാത്രമേ ഇത് ചെയ്യാനാകൂ എന്നാണ് പശ്ചിമബംഗാള്‍ വിദ്യാഭ്യാസ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയുടെ പ്രതികരണം.

നിലവില്‍ ബി.ജെ.പി നേതാവായ മുകുള്‍ റോയി ഒരുവര്‍ഷം മുന്‍പാണ് തൃണമൂല്‍ വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നത്. തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും നിരവധി നേതാക്കളെ ബി.ജെ.പിയിലേക്ക് നയിച്ചതില്‍ പ്രധാന പങ്കുവഹിച്ച നേതാവാണ് മുകുള്‍ റോയ്. മുകുള്‍ റോയിയെ കൊലപാതകക്കേസില്‍ പ്രതിചേര്‍ത്തതോടെ ബംഗാള്‍ സര്‍ക്കാരും ബി.ജെ.പിയും തമ്മിലുള്ള പുതിയ അങ്കത്തിന് തുടക്കമാവുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.

Leave a Reply

Your email address will not be published. Required fields are marked *