മുംബൈ:
പ്രശസ്ത ഹിന്ദി- മറാത്താ സംവിധായകനും അഭിനേതാവും ചിത്രകാരനുമായ അമോൽ പലേക്കറിന്റെ പ്രസംഗത്തിൽ ഇടപെട്ട് നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്‌സിന്റെ (എൻ.ജി.എം.എ.) ക്യൂറേറ്ററും ഡയറക്ടറും.
ഫെബ്രുവരി എട്ട് വെള്ളിയാഴ്ച മുംബൈ നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്‌സിന്റെ, ഇൻസൈഡ് ദി എംപ്റ്റി ബോക്സ് എന്ന എക്സിബിഷന്റെ ഉദ്ഘാടന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രശസ്ത ചിത്രകാരൻ പ്രഭാകർ ബർവെയുടെ അനുസ്മരണവുമായി ബന്ധപ്പെട്ടാണ് പരിപാടി സംഘടിപ്പിച്ചത്. എൻ.ജി.എം. എയുടെ പ്രവർത്തനങ്ങളെ വിമർശിച്ചു സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് പരിപാടിയുടെ ക്യൂറേറ്ററും പ്രശസ്ത ആർട്ടിസ്റ്റുമായ സുഹാസ് ബഹുലികരും ഇപ്പോഴത്തെ ഡയറക്ടർ അനിത രൂപവതാരവും ഇടപെടുകയും വിഷയത്തിലൂന്നി സംസാരിക്കാൻ ആവശ്യപ്പെടുകയും ചെയ്തത്.
പ്രസംഗത്തിന്റെ തുടക്കത്തിൽ പ്രഭാകർ ബർവേ കലാലോകത്തിനു ചെയ്ത സംഭാവനകൾ അമൂല്യമാണെന്നും, മനുഷ്യന്റെ ഉപബോധ തലങ്ങളെ ആഴത്തിൽ സ്പർശിക്കാൻ കഴിയുന്നവയാണെന്നും, പലേക്കർ അഭിപ്രായപ്പെട്ടു. തനിക്ക് അദ്ദേഹവുമായുണ്ടായ പൂർവ്വകാല അനുഭവങ്ങളും, അദ്ദേഹത്തിന്റെ ചിത്രങ്ങൾ തന്റെ ജീവിതത്തെയും, ചിത്രങ്ങളെയും എത്രമാത്രം സ്വാധീനിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അന്തരിച്ചിട്ട് 25 വർഷം കഴിഞ്ഞെങ്കിലും ആദ്യമായിട്ടാണ് എൻ.ജി.എം എ, ബർവെയ്ക്ക് ആദരസൂചകമായി ഒരു എക്സിബിഷൻ സംഘടിപ്പിക്കുന്നത്.
കഴിഞ്ഞ ഒക്ടോബർ വരെ എൻ.ജി.എം.എയ്ക്ക് പ്രാദേശിക ചിത്രകാരന്മാരെ ഉൾപ്പെടുത്തിയുള്ള ഉപദേശക സമിതികൾ ഉണ്ടായിരുന്നു. എന്നാൽ 2018 ഒക്ടോബർ 25 നു മൂന്നു വർഷത്തെ കാലാവധി അവസാനിക്കുകയും, ഉപദേശകസമിതി പിരിച്ചു വിടുകയും ചെയ്യപ്പെട്ടു. മുംബൈയിലേയും ബംഗളൂരുവിലേയും ആർട്ട് ഗ്യാലറികളുടെ
പൂർണ്ണ ഉത്തരവാദിത്തം കേന്ദ്ര സർക്കാരിന്റെ സാംസ്കാരിക വകുപ്പ് ഏറ്റെടുക്കുകയും ചെയ്തു. അതുവരെയും, നടത്തേണ്ടിയിരുന്ന എക്സിബിഷനുകളെ സംബന്ധിച്ചുള്ള തീരുമാനങ്ങൾ എടുത്തുകൊണ്ടിരുന്നത് ഉപദേശകസമിതികൾ ആയിരുന്നു. എന്നാൽ ഇതിനു ശേഷം പൂർണ്ണമായും കേന്ദ്ര സർക്കാരിന്റെ കീഴിലായി. ഈ എക്സിബിഷൻ ഉപദേശകസമിതിയുടെ തീരുമാനപ്രകാരമുള്ള അവസാനത്തേത് ആണെന്നും, ബ്യൂറോക്രാറ്റുകളുടെ സദാചാര കണ്ണുകൾ ഇനിയുള്ള പ്രദർശനങ്ങളെ ബാധിക്കാൻ ഇടയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
എൻ.ജി.എം.എയുടെ പുതിയ ബ്രാഞ്ചുകൾ കൊൽക്കത്തയിലും നോർത്ത് ഈസ്റ്റ് മേഖലയിലും ആരംഭിക്കാൻ പോകുന്നുവെന്ന വാർത്ത പ്രതീക്ഷാനിർഭരമാണെങ്കിലും 2018 നവംബർ 13 നു വന്ന തീരുമാനം ഒരു ദുരന്തമാണെന്ന് അദ്ദേഹം ആരോപിച്ചു. ഈ തീരുമാനപ്രകാരം ഇനി മുതൽ എൻ. ജി.എം.എ യുടെ സ്വന്തം അല്ലാത്ത എല്ലാ ചിത്രങ്ങളുടെയും പ്രദർശനത്തിനായി എൻ.ജി.എം.എയുടെ ആറിലൊന്നു സ്ഥലം മാത്രമേ അനുവദിക്കുകയുള്ളൂ. ചിത്രലോകത്തെ അതികായകന്മാരുടെ പുതിയ ചിത്രങ്ങൾക്കു പോലും ഈ സ്ഥലം മാത്രമാണോ അനുവദിക്കുക എന്നതാണ് പലേക്കറിന്റെ പ്രസക്തമായ ചോദ്യം.
ഇത്തരം സംഭവങ്ങളെക്കുറിച്ച് സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് ക്യൂറേറ്റർ ഇടപെടുകയും ബർവെയുടെ സംഭാവനകളെക്കുറിച്ചു മാത്രം സംസാരിക്കാൻ ആവശ്യപ്പെടുകയും ചെയ്തത്. പ്രസംഗം നിർത്താൻ ആവശ്യപ്പെടുന്നതുവഴി നിങ്ങൾ എന്റെ പ്രസംഗം സെൻസർ ചെയ്യുകയാണെന്ന് അദ്ദേഹം പറയുകയും, പ്രശസ്ത എഴുത്തുകാരി നയൻതാര സെഹ്‌ഗാളിന് ഈ അടുത്തുണ്ടായ ദുരനുഭവം ഇവിടെയും ആവർത്തിക്കുകയാണെന്നും, അദ്ദേഹം കൂട്ടിച്ചേർക്കുകയും ചെയ്തു. ബിജെപി മന്ത്രിയെ പാട്രൺ സ്ഥാനത്തുനിന്നും നഷ്ടപ്പെടുമെന്നു ഭയന്ന് മറാത്താ സാഹിത്യ സമ്മേളനത്തിൽ നിന്ന് നയൻതാര സെഹ്‌ഗാളിനെ ഒഴിവാക്കിയത് വൻ ചർച്ചകൾക്ക് വഴി വെച്ചിരുന്നു.
മുൻകൂട്ടി എഴുതി തയ്യാറാക്കിയ പ്രസംഗം പൂർത്തീകരിക്കാൻ സമ്മതിക്കാതെ എൻ.ജി.എം.എ യുടെ നടപടിയിൽ പ്രതിഷേധിച്ച് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചു. സദസ്സിലുണ്ടായിരുന്ന പ്രശസ്ത ചിത്രകാരന്മാരുടെയും വിദ്യാർത്ഥികളുടെയും സംഘം ഇദ്ദേഹത്തിന് ഐക്യദാർഢ്യ സൂചകമായി കയ്യടിച്ചു.
വിമർശനങ്ങളെപ്പോലും ഉൾക്കൊള്ളാൻ കഴിയാത്തത്ര അസഹിഷ്ണുതയാണ് ഈ നാട്ടിൽ ഇന്ന് ഉയർന്നു വരുന്നതെന്നും, അഭിപ്രായ സ്വാതന്ത്ര്യത്തിനോ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനോ വിലങ്ങു തടിയാവുന്ന ഇത്തരം പ്രവർത്തികൾ അനുവദിച്ചുകൊടുക്കാൻ കഴിയില്ലെന്നും പലരും സാമൂഹികമാദ്ധ്യമങ്ങളിൽ കുറിച്ചു.