അനില്‍ അംബാനിയുടെ റിലയന്‍സ് കമ്യൂണിക്കേഷന്‍സ് പാപ്പര്‍ അപേക്ഷ നല്‍കിയതിന് പിന്നാലെ വൊഡാഫോൺ-ഐഡിയയും സാമ്പത്തിക പ്രതിസന്ധിയുടെ വക്കിൽ. മുകേഷ് അംബാനിയുടെ ജിയോയുടെ വരവോടെ ആരംഭിച്ച താരിഫ് യുദ്ധത്തിൽ പിടിച്ചു നിൽക്കാൻ ബിർളയുടെ ഐഡിയ സെല്ലുലാര്‍ വൊഡാഫോണുമായി ലയിച്ചിരുന്നു. പക്ഷെ വരുമാനത്തിലുള്ള കുറവും വൻ നഷ്ടങ്ങളും കാരണം പ്രതിസന്ധിയിലാണ് വൊഡാഫോൺ-ഐഡിയ.
സെപ്റ്റംബർ പാദത്തിൽ 4,973 കോടി രൂപയുടെ നഷ്ടമാണ് കമ്പനി റിപ്പോർട്ട് ചെയ്തത്.
ഇതിനിടെ 9,500 കോടി രൂപയുടെ സ്പെക്ട്രം ചാർജ് പേയ്‌മെന്റിന് കൂടുതൽ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വൊഡാഫോൺ-ഐഡിയ ചെയർമാൻ കുമാർമംഗലം ബിർള പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയിരുന്നു.
അതോടൊപ്പം കൂനിന്മേൽ കുരു എന്ന പോലെ അന്താരാഷ്ട്ര റേറ്റിംഗ് ഏജൻസിയായ മൂഡീസ് എയർടെല്ലിന്റെ ക്രെഡിറ്റ് റേറ്റിംഗ് ‘ജങ്ക്’ സ്റ്റാറ്റസിലേക്ക് തരം താഴ്ത്തി. ലാഭത്തെച്ചൊല്ലിയുള്ള അവ്യക്തതയും ഉയർന്ന കടവും പണലഭ്യതയിലുള്ള കുറവും ചൂണ്ടിക്കാണിച്ചാണ് കമ്പനിയുടെ റേറ്റിംഗ് കുറച്ചത്. ഇനി റേറ്റിംഗ് ഉടനെയൊന്നും തിരിച്ചു കയറാൻ സാധ്യതയില്ലെന്നാണ് സൂചന. ഇതോടെ വിദേശത്തു നിന്നോ ബാങ്കുകളിൽ നിന്നോ കടം ലഭിക്കുന്നത് കമ്പനിക്കു എളുപ്പമാകില്ല.
ഇനി പുതുതായി വരുന്ന 5G സ്പെക്ട്രത്തിലാണ് വൊഡാഫോൺ-ഐഡിയ പിടിച്ചുകയറാൻ ഒരു പ്രതീക്ഷ വെച്ചിരിക്കുന്നത്.
അതോടൊപ്പം ഉയർന്ന ഇറക്കുമതി തീരുവയും, ലൈസൻസ് ഫീസും കുറച്ചു മൊത്തം എട്ടുകോടി കടമുള്ള ഇന്ത്യൻ ടെലികോം വ്യവസായത്തെ രക്ഷിക്കാൻ കേന്ദ്ര സർക്കാരിന് മുന്നിൽ സമ്മർദ്ദം ശക്തമാക്കിയിരിക്കുകയാണ് കമ്പനികൾ.