പാലക്കാട്:
സംസ്ഥാന സർക്കാരിന്റെ ആശ്രിത നിയമന പദ്ധതി പ്രകാരം ഒന്നര വർഷം മുൻപ് നൽകിയ അപേക്ഷയിൽ ആരോഗ്യ വകുപ്പ് അനാസ്ഥ തുടരുന്നതായി ആക്ഷേപം. പാലക്കാട് ജില്ലയിലെ വാണിയംകുളം കണ്ണത്തു പറമ്പിൽ സതീഷ് കുമാറിന്‍റെ മകൾ ശിൽപ, ആശ്രിത നിയമനത്തിനായി നല്‍കിയ അപേക്ഷയിലാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ അനാസ്ഥ തുടരുന്നത്.
ലക്കിടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഹെൽത്ത് ഇൻസ്പെക്ടറായിരുന്ന പിതാവ് സതീഷ് കുമാർ 2017 ജൂൺ മാസം 12 ന് സർവ്വീസിലിരിക്കെ മരണപ്പെട്ടതിനെ തുടർന്നാണ് ശിൽപ ആശ്രിത നിയമനത്തിനായി അപേക്ഷ നൽകിയത്. ലക്കിടി പ്രാഥമിക ആരോഗ്യ കേന്ദ്രം വഴി സമർപ്പിച്ച അപേക്ഷ പാലക്കാട് ഡി.എം.ഒ ഓഫീസിൽ ഒരു വർഷത്തിലധികമായി നിശ്ചലാവസ്ഥയിലാണെന്നും, തനിക്കു ശേഷം വന്ന ചില അപേക്ഷകൾ നിയമന നടപടികൾക്കായി സർക്കാരിലേക്ക് അയച്ചെങ്കിലും തന്റെ കുടുംബത്തോടുള്ള അനാസ്ഥ തുടരുകയാണെന്നും, ശിൽപയുടെ മാതാവ് റിജി ആരോഗ്യവകുപ്പ് മന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നു.
ദീർഘകാലം ചികിത്സയിലായിരുന്ന സതീഷ് കുമാറിന്‍റെ മരണത്തോടെ കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. കുടുംബത്തോളം സഹപ്രവർത്തകരുമായി അടുപ്പം പുലർത്തിയിരുന്ന സതീഷ് കുമാറിന്റെ സാമ്പത്തിക സ്ഥിതി മറ്റാരേക്കാളും നന്നായി അറിയാവുന്നവർ തന്നെ മകളുടെ നിയമനവുമായി ബന്ധപ്പെട്ട് കാണിക്കുന്ന അനാസ്ഥയിൽ കടുത്ത മനോവേദനയുണ്ടെന്ന് സതീഷ് കുമാറിന്‍റെ ഭാര്യ റിജി മാദ്ധ്യമങ്ങളോടു പറഞ്ഞു.
തനിക്കു ലഭിക്കേണ്ട പെന്‍ഷന്‍ തുക 19 മാസങ്ങള്‍ക്കു ശേഷമാണ് ലഭിച്ചതെന്നും ക്ഷാമ ബത്ത ഇതുവരെ ലഭിച്ചില്ലെന്നും അവര്‍ ആരോഗ്യവകുപ്പ് മന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. പരാതിയുമായി ആരോഗ്യവകുപ്പ് അധികൃതരെ സമീപിച്ച സമയത്ത് തങ്ങളെ പുച്ഛത്തോടെയാണ് ഉദ്യോഗസ്ഥര്‍ നേരിട്ടതെന്ന് റിജിയുടെ സഹോദരന്‍ ബോബി വോക്ക് മലയാളത്തോട് പറഞ്ഞു.