ന്യൂഡല്‍ഹി:
സാമ്പത്തികത്തട്ടിപ്പുകേസില്‍ പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവും വ്യവസായിയുമായ റോബര്‍ട്ട് വാദ്ര എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) മുന്‍പാകെ ചോദ്യം ചെയ്യലിന് ഹാജരായി. ദല്‍ഹിയിലെ ജാംനഗറിലുള്ള ഓഫീസിലാണ് റോബര്‍ട്ട് വാദ്ര ചോദ്യം ചെയ്യലിന് ഹാജരായത്. പ്രിയങ്ക ഗാന്ധിയും വാദ്രയ്ക്കൊപ്പമുണ്ടായിരുന്നു. വാദ്രയെ വീണ്ടും ചോദ്യം ചെയ്യാന്‍ ഇടയുണ്ടെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം.
നേരത്തെ വാദ്രയെ ചോദ്യം ചെയ്യലിന് ഹാജരാക്കിയ ശേഷമാണ് പ്രിയങ്ക ഗാന്ധി എഐസിസി ജനറൽ സെക്രട്ടറിയായി ചുമതലയേറ്റത്. ആദ്യ ഘട്ടത്തില്‍ ആറു മണിക്കൂറോളം റോബർട്ട് വാദ്രയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത്. ലണ്ടനിലെ 1.9 മില്ല്യണ്‍ പൌണ്ടിന്റെ ആസ്തിയെക്കുറിച്ചാണ് ഉദ്യോഗസ്ഥര്‍ ചോദ്യങ്ങള്‍ ഉന്നയിച്ചത്. എന്നാല്‍ ലണ്ടനില്‍ അത്തരത്തില്‍ ആസ്തിയില്ലെന്നായിരുന്നു വാദ്ര നല്‍കിയ മറുപടി.
സഞ്ജയ് ഭണ്ഡാരിയുമായും, ബന്ധുവായി സുമിത് ചദ്ധയുമായും, ബന്ധമില്ലെന്നും വാദ്ര ചോദ്യം ചെയ്യലില്‍ വ്യക്തമാക്കി. കേസിലെ സുപ്രധാന കണ്ണിയും, വദ്രയുടെ ഉടമസ്ഥതയിലുള്ള സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റിയിലെ ജോലിക്കാരനുമായ മനോജ് അറോറയെ സംബന്ധിച്ചും, വാദ്രയോട് ഉദ്യോഗസ്ഥര്‍ ആരാഞ്ഞു.
അറോറക്ക്, വാദ്രയുടെ ലണ്ടനിലെ ആസ്തിയെക്കുറിച്ചുള്ള പല വിശദാംശങ്ങളും അറിയാമെന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ വാദം. അറോറ തന്റെ പഴയ ജോലിക്കാരനാണെന്ന് സമ്മതിച്ചെങ്കിലും മെയില്‍ ഇടപാടുകള്‍ നടന്നിട്ടില്ലെന്നും വാദ്ര നിലപാടെടുത്തു.
ഇതുമായി ബന്ധപ്പെട്ട് വാദ്രയ്‌ക്കൊപ്പം നില്‍ക്കുമെന്ന് പ്രിയങ്ക പറഞ്ഞു. വിദേശത്തെ അനധികൃത സ്വത്തു സമ്പാദന കേസുമായി ബന്ധപ്പെട്ടാണ് ഇ.ഡി വാദ്രയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്. കഴിഞ്ഞയാഴ്ച ദല്‍ഹി കോടതി വാദ്രയ്ക്ക് ഫെബ്രുവരി 16 വരെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ചോദ്യം ചെയ്യലിനായി എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിനു മുമ്പാകെ ഹാജരാവാനും നിര്‍ദേശിച്ചിരുന്നു.
മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തനിക്കെതിരെ രാഷ്ട്രീയപ്രേരിതമായാണ് കേസെടുത്തതെന്നാണ് വാദ്രയുടെ വാദം. അതേസമയം, വദ്രയെ ചോദ്യം ചെയ്യലിനു വിളിപ്പിച്ചതോടെ കോണ്‍ഗ്രസിനെതിരെയുള്ള ആക്രമണം ബി.ജെ.പി കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ബിജെപി സർക്കാർ അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നുവെന്ന് കോൺഗ്രസ് ആരോപിച്ചു.
ലണ്ടനിൽ ബ്രയൻസ്റ്റൺ സ്‍ക്വയറിൽ വസ്തു വാങ്ങിയതുമായി ബന്ധപ്പെട്ട കേസിലാണ് വാദ്രയെ ചോദ്യം ചെയ്യുന്നത്. റോബർട്ട് വാദ്രക്ക് നേരത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. താൻ ഭർത്താവിനൊപ്പം തന്നെയാണ് നിലകൊള്ളുന്നതെന്ന് പ്രിയങ്ക ഗാന്ധി വ്യക്തമാക്കി. ചോദ്യം ചെയ്യലിന് ഭർത്താവിനൊപ്പം പോയത് ഇതേ സന്ദേശമാണു നൽകുന്നതെന്നും പ്രിയങ്ക ഗാന്ധി ഒരു ദേശീയ മാദ്ധ്യമത്തോട് പ്രതികരിച്ചു. രാഷ്ട്രീയ പകപോക്കലാണ് വാദ്രയുടെ കേസിനു പിന്നിലെന്നും പ്രിയങ്ക പ്രതികരിച്ചു.
റോബര്‍ട്ട് വാദ്രയക്ക് ലണ്ടനില്‍ നിരവധി വസ്തു വകകളുണ്ടെന്നും 6 ഫ്‌ളാറ്റുകളുമുണ്ടെന്നുമാണ് എന്‍ഫോഴ്‌സ്‌മെന്റ് കോടതിയെ അറിയിച്ചത്. ബിക്കാനീറില്‍ 69 ഏക്കര്‍ ഭൂമി വ്യാജ പവര്‍ ഓഫ് അറ്റോര്‍ണി ഉപയോഗിച്ച് തട്ടിയെടുത്തു എന്ന കേസിലും വാദ്രക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്. ഈ കേസില്‍ വാദ്രയുടെ കൂട്ടാളികളെ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തിരുന്നു.