നെയ്‌വേലി:
സന്തോഷ് ട്രോഫിയില്‍ നിര്‍ണായക മത്സരത്തില്‍ സര്‍വീസസിനോടു തോറ്റ് നിലവിലെ ചാമ്പ്യന്മാരായ കേരളം പുറത്ത്. കഴിഞ്ഞ തവണ ബംഗാളില്‍ നിന്നു കിരീടവും ഉയര്‍ത്തി വന്ന കേരളം ഇത്തവണ ഫൈനല്‍ റൗണ്ട് പോലും കാണാതെയാണ് മടങ്ങുന്നത്. ഇന്നു നടന്ന യോഗ്യതാ റൗണ്ടിലെ അവസാന മത്സരത്തില്‍ സര്‍വീസസിനോട് തോറ്റതോടെയാണ് കേരളം പുറത്തായത്. ആദ്യ രണ്ടു മത്സരങ്ങളില്‍ സമനില വഴങ്ങിയപ്പോള്‍ത്തന്നെ കേരളത്തിന്റെ പ്രതീക്ഷകള്‍ മങ്ങിയിരുന്നു. ഗ്രൂപ്പിലെ മറ്റു ഫലങ്ങള്‍ കേരളത്തെ തുണച്ചതോടെയാണ് തുടരാനായത്.
കളിയുടെ മൂന്നാം മിനിറ്റില്‍ ഒരു ഗോള്‍ നേടാനുള്ള ശ്രമം മാത്രം ആണ് കേരളത്തിന് ഈ മത്സരത്തില്‍ ഓര്‍ത്തു വയ്ക്കാന്‍ ഉള്ളത്. രണ്ടാം പകുതിയില്‍ മികച്ച മത്സരം പുറത്തെടുത്ത സര്‍വീസസ് കേരളത്തെ മറുപടിയില്ലാത്ത ഒരു ഗോളിനു പരാജയപ്പെടുത്തുകയായിരുന്നു. മൂന്ന് മത്സരങ്ങളില്‍ നിന്നും ഒരു ഗോള്‍ പോലും നേടാതെയാണ് ചാമ്പ്യന്മാരുടെ മടക്കം.
ഇന്ന് രാവിലെ കേരളത്തിന്റെ ഗ്രൂപ്പില്‍ നടന്ന മത്സരത്തില്‍ പോണ്ടിച്ചേരി തെലുങ്കാനയെ സമനിലയില്‍ പിടിച്ചതോടെ കേരളത്തിന്റെ ഫൈനല്‍ റൗണ്ട് പ്രതീക്ഷ സജീവമായിരുന്നു. ഇന്ന് സര്‍വീസസിനെ നേരിടുമ്പോള്‍ ഒരു 2 ഗോള്‍ വിജയം മാത്രം മതിയായിരുന്നു കേരളത്തിന് ഫൈനല്‍ റൗണ്ടില്‍ എത്താന്‍. എന്നാല്‍ അതില്‍ വിജയം കാണാന്‍ കേരളത്തിനായില്ല.
എതിരില്ലാത്ത ഒരു ഗോളിന്റെ പരാജയം സര്‍വീസസിന്റെ കയ്യില്‍ നിന്ന് വാങ്ങാനുള്ള കളിയേ കേരളം കളിച്ചുള്ളൂ. രണ്ടാം പകുതിയില്‍ ആയിരുന്നു സര്‍വീസസിന്റെ വിജയ ഗോള്‍ പിറന്നത്. ഗോളിനു പിറകെ കേരളത്തിന്റെ അലക്സ് സജി ചുവപ്പു കണ്ടത് കളിയില്‍ കേരളത്തിനു തിരിച്ചുവരാനുള്ള സാധ്യതയും ഇല്ലാതെയാക്കി.
ആറു പോയന്റോടെ സര്‍വീസസ് ആണ് കേരളത്തിന്റെ ഗ്രൂപ്പില്‍ നിന്ന് ഫൈനല്‍ റൗണ്ടില്‍ കടന്നത്. 5 പോയന്റുമായി തെലുങ്കാന രണ്ടാമതും എത്തി. പോണ്ടിച്ചേരിക്കും കേരളത്തിനും 2 പോയന്റു മാത്രമെ ഉള്ളൂ. വിജയം പോയിട്ട് ഒരു ഗോള്‍ വരെ കേരളത്തിന് അടിക്കാന്‍ കഴിഞ്ഞില്ല എന്നത് കേരളത്തിന്റെ സ്ഥിതി കൂടുതല്‍ ദയനീയമാക്കി.