മാനന്തവാടി:
മാതാവിന്റെ സ്വത്തു തട്ടിയെടുത്ത് വീട്ടിൽനിന്ന് ഇറക്കിവിട്ട കേസിൽ, പ്രതിമാസം ആയിരം രൂപ ജീവനാംശം കൊടുക്കാൻ വിധിച്ച കോടതി ഉത്തരവു പാലിക്കാതിരുന്ന മകന്, ഒരു മാസത്തെ തടവ്. മേപ്പാടി കോട്ടപ്പടി വട്ടപ്പാറ വീട്ടിൽ പരേതനായ കറുകന്റെ മകൻ രാജുവിനെയാണ്, മാനന്തവാടി സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് ശിക്ഷിച്ചത്. കറുകന്റെ ഭാര്യ മാധവി നല്‍കിയ പരാതിയിലാണ്, 2018 ഏപ്രിൽ മുതൽ പ്രതിമാസം 1000 രൂപവീതം ജീവനാംശം നൽകാനും, മാതാവിനെ വീട്ടിൽ താമസിപ്പിക്കാനും മാർച്ച് 18-ന് കോടതി വിധിച്ചത്.
മുതിർന്ന പൗരന്മാരുടെയും മാതാപിതാക്കളുടെയും ക്ഷേമത്തിനു വേണ്ടിയുള്ള നിയമം 2007 പ്രകാരം സമർപ്പിക്കപ്പെട്ട കേസിലാണ്, മാനന്തവാടി സബ്‌ഡിവിഷണല്‍ മജിസ്‌ട്രേട്ടും മെയിന്റനന്‍സ് ട്രൈബ്യൂണല്‍ ചെയര്‍മാനുമായ മാനന്തവാടി സബ് കലക്ടര്‍ എന്‍.എസ്.കെ. ഉമേഷ് ശിക്ഷിച്ചത്.
എന്നാൽ പത്ത് മാസം പിന്നിട്ടിട്ടും ജീവനാംശം നൽകാത്തതിനെത്തുടർന്നാണ്, മകൻ രാജുവിനെ കോടതി ഒരു മാസത്തെ തടവിന് ശിക്ഷിച്ചത്. താനും ഭർത്താവും കൂടി സമ്പാദിച്ച വീടും സ്വത്തും, മകൻ രാജു, മരുമകൾ ശോഭ, സഹോദരിയുടെ മക്കളായ പ്രസാദ്, രവി എന്നിവർ ചേർന്ന് തട്ടിയെടുത്ത് വീട്ടിൽ നിന്നു പുറത്താക്കി എന്നായിരുന്നു മാധവി 2017-ൽ പരാതി നൽകിയത്.
തുടര്‍ന്ന് ആയിരം രൂപ മാസം ജീവനാംശം നല്‍കാനും വീട്ടില്‍ താമസിക്കുന്നതിന് സംരക്ഷണം ഉറപ്പ് വരുത്താനും കോടതി ഉത്തരവിട്ടു. എന്നാല്‍ മകനും മരുമകളും ഇതിനു തയ്യാറായില്ലെന്നു കാണിച്ച്, മാധവി വീണ്ടും മെയിന്റനന്‍സ് ട്രൈബ്യൂണല്‍ ആന്‍ഡ് സബ് ഡിവിഷണല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു. കോടതി പലതവണ സമന്‍സ് അയച്ചിട്ടും രാജു കോടതിയില്‍ ഹാജരായില്ല. ഇതേത്തുടര്‍ന്ന് കോടതി വാറണ്ട് പുറപ്പെടുവിക്കുകയും, മേപ്പാടി പൊലീസ് രാജുവിനെ ഇന്നലെ കോടതിയില്‍ ഹാജരാക്കുകയുമായിരുന്നു. രാജുവിനെ മാനന്തവാടി ജില്ലാ ജയിലിലേക്കു മാറ്റി.