Fri. Nov 22nd, 2024

കൊച്ചി: സംവിധായകന്‍ ആഷിഖ് അബുവിന്റെ വൈറസ് എന്ന ചിത്രത്തിന്റെ റിലീസിന് സ്റ്റേ. സിനിമയുടെ പ്രദര്‍ശനവും മൊഴിമാറ്റവും നിര്‍ത്തി വയ്ക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. നിപ രോഗബാധയെ കേരളം നേരിട്ടതിനെക്കുറിച്ച്‌ ആഷിഖ് അബുവും സംഘവും ചെയ്യുന്ന വൈറസിന് എറണാകുളം സെഷന്‍സ് കോടതിയാണ് സ്റ്റേ ഏര്‍പ്പെടുത്തിയത്. ചിത്രത്തിന്റെ പേരും കഥയും മോഷ്ടിച്ചതാണെന്ന് ആരോപിച്ച് സംവിധായകന്‍ ഉദയ് അനന്തന്‍ നല്‍കിയ ഹരജിയിലാണ് കോടതിയുടെ നടപടി.

വൈറസ് എന്ന പേരില്‍ താന്‍ ഒരു ഡ്രാമ നിര്‍മ്മിച്ചിരുന്നതായും അതാണ് ആഷിഖ് അബു സിനിമയാക്കിയതെന്നുമാണ് ഹരജിക്കാരന്റെ ആരോപണം. ഈ ഡ്രാമയുടെ പകർപ്പവകാശം തനിക്കു മാത്രമാണെന്നും, താൻ സിനിമ നിർമ്മിക്കാനുദ്ദേശിച്ചിരിക്കെയാണ് സമാനമായ സിനിമ ചിത്രീകരണം ആരംഭിച്ചതെന്നുമാണ് ഹരജിയിൽ പറയുന്നത്. ഹരജിക്കാരനു വേണ്ടി അഡ്വ.രാജേഷ് സുബ്രഹ്മണ്യൻ ഹാജരായി.

ജനുവരി ആദ്യവാരമാണ് സിനിമയുടെ ചിത്രീകരണം കോഴിക്കോട്ട് തുടങ്ങിയത്. വന്‍ താരനിര അണിനിരക്കുന്ന ചിത്രം വിഷു റിലീസായി ഏപ്രില്‍ 11 ന് തീയേറ്ററുകളിലെത്തുമെന്ന് പ്രഖ്യാപിച്ചിരിക്കെയാണ് സ്റ്റേ വന്നത്. ഒ പി എം പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം രാജീവ് രവിയാണ്.

‘കെഎല്‍ 10 പത്തി’ന്റെ സംവിധായകനും ‘സുഡാനി ഫ്രം നൈജീരിയ’യുടെ സഹരചയിതാവുമായ മുഹ്സിന്‍ പരാരി, അമല്‍ നീരദ് ചിത്രം വരത്തന്റെ രചന നിര്‍വ്വഹിച്ച സുഹാസ് ഷര്‍ഫു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ രചിച്ചത്.

കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ്, രേവതി, റഹ്മാന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, പാര്‍വ്വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, ആസിഫ് അലി, ഇന്ദ്രന്‍സ്, സൗബിന്‍ ഷാഹിര്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, രമ്യ നമ്പീശന്‍, ശ്രീനാഥ് ഭാസി, മഡോണ സെബാസ്റ്റിയന്‍, ജോജു ജോര്‍ജ്ജ്, ദിലീഷ് പോത്തന്‍, ഷറഫുദ്ദീന്‍, സെന്തില്‍ കൃഷ്ണന്‍ തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. യുവ സംഗീത സംവിധായകനായ സുഷിന്‍ ശ്യാമാണ് സംഗീതസംവിധാനം. എഡിറ്റിംഗ് സൈജു ശ്രീധരന്‍.

നിപയുടെ പശ്ചാത്തലത്തിൽ നേരത്തെ സംവിധായകൻ ജയരാജും സിനിമ എടുക്കാൻ തീരുമാനിച്ചിരുന്നു. രൗദ്രം എന്നായിരുന്നു ചിത്രത്തിന് പേര് നൽകിയത്. എന്നാൽ നിപയുടെ പശ്ചാത്തലത്തിൽ ആഷിഖ് അബു സിനിമ എടുക്കുന്നു എന്ന് അറിഞ്ഞതോടെ ജയരാജ് തന്റെ പ്രോജക്ട് ഉപേക്ഷിച്ചു.

Leave a Reply

Your email address will not be published. Required fields are marked *