കൊച്ചി:
നടിയെ ആക്രമിച്ച കേസിന്റെ വിചാരണ എറണാകുളത്തിനു പുറത്തുള്ള ജില്ലയിലേക്ക് മാറ്റണമെന്നും വിചാരണക്കായി വനിതാ ജഡ്ജി വേണമെന്നും ഉള്ള നടിയുടെ ഹർജിയാണ് കോടതി ഇന്ന് പരിഗണിക്കുന്നത്.
ഇതേ സമയം വിചാരണ മറ്റു ജില്ലയിലേക്ക് മാറ്റുന്നത് അഭിഭാഷകര്‍ക്കും സാക്ഷികള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കും. വിചാരണയെ ഇതു ബാധിക്കുമെന്നും വിചാരണ നീട്ടാനും പ്രതികള്‍ക്ക് അനാവശ്യബുദ്ധിമുട്ട് ഉണ്ടാക്കാനുമാണ് നടിയുടെ ശ്രമമെന്നും സുനിയുടെ അപേക്ഷയില്‍ പറയുന്നു. ജയിലിലായതിനാല്‍ സുനിക്ക് മറ്റു ജില്ലകളില്‍ കേസ് നടത്താന്‍ വരുമാനമില്ലെന്നും അഭിഭാഷകന്‍ അപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്. സുനിയുടെ അപേക്ഷയും നടിയുടെ ഹർജിയും കോടതി ഇന്നു പരിഗണിക്കും.
നേരത്തെ തന്നെ വനിതാ ജഡ്ജിക്കായി അപേക്ഷിച്ചിരുന്നെങ്കിലും തൃശൂര്‍, എറണാകുളം ജില്ലകളില്‍ ഒഴിവുള്ള വനിതാ ജഡ്ജിയെ കണ്ടെത്താനായിരുന്നില്ല. ഇതേത്തുടർന്നാണ് പാലക്കാട് ജില്ലയിലെ വനിതാ ജഡ്ജിമാരെ പരിഗണിക്കാന്‍ തീരുമാനിച്ചത്. വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്നത് തന്റെ അവകാശമാണെന്ന് നടി കോടതിയില്‍ നല്‍കിയ ഹർജിയില്‍ പറയുന്നുണ്ട്. പുട്ടുസ്വാമി കേസില്‍ 2017 ലെ വിധിയും കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെത്തുടര്‍ന്നാണ് വനിതാ ജഡ്ജിമാരുടെ ലഭ്യത പരിശോധിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചത്.