കാലിഫോർണിയ:
അബദ്ധവശാൽ അയച്ചുപോയ, അഥവാ അയയ്ക്കേണ്ടായിരുന്നു എന്നു തോന്നുന്ന സന്ദേശങ്ങൾ മെസ്സഞ്ചറിൽ നിന്നും തിരിച്ചെടുക്കാനുള്ള പദ്ധതി, ഫേസ്ബുക്ക്, ഉപയോക്താക്കൾക്കായി ഏർപ്പെടുത്തി.
നീക്കം ചെയ്യേണ്ടുന്ന സന്ദേശത്തിൽ കുറച്ചുനേരം അമർത്തിപ്പിടിക്കുകയും, അതിനു ശേഷം നീക്കം ചെയ്യുക (Remove) എന്നത് തിരഞ്ഞെടുക്കുകയും, പിന്നീട് എല്ലാവരിൽ നിന്നും നീക്കം ചെയ്യുക (Remove for everyone) എന്നത് തിരഞ്ഞെടുക്കുകയുമാണ് വേണ്ടത്. ഒരു സന്ദേശം നീക്കം ചെയ്താൽ ‘നിങ്ങൾ ഒരു സന്ദേശം നീക്കം ചെയ്തിരിക്കുന്നു’ എന്ന അറിയിപ്പ് വരികയും ചെയ്യും.
സന്ദേശം അയച്ച് പത്തു മിനുട്ടുകൾക്കുള്ളിൽ മാത്രമാണ് ഇങ്ങനെ അത് നീക്കം ചെയ്യാൻ സാധിക്കുക.
ആപ്പിൾ, ആൻഡ്രോയ്‌ഡ് സോഫ്റ്റ്‌വെയറിലെ പുതിയ വിഭാഗത്തിൽപ്പെടുന്ന മൊബൈൽ ഉപകരണങ്ങളിൽ ഈ പുതിയ പദ്ധതി നടപ്പിലാക്കാൻ കഴിയും.
വാട്‌സാപ്പിലും ഈയൊരു സൌകര്യം മുമ്പ് നടപ്പിലാക്കിയിട്ടുണ്ട്.