Fri. Nov 22nd, 2024

കോഴിക്കോട്:

റെയില്‍വേ സ്‌റ്റേഷനുകളില്‍ സൗരോര്‍ജ്ജ പദ്ധതിയുമായി അധികൃതര്‍. ആദ്യഘട്ടമെന്ന നിലയില്‍ ദക്ഷിണ റെയില്‍വേയ്ക്കു കീഴിലുള്ള കോഴിക്കോട് റെയില്‍വേ സ്റ്റേഷനിൽ സോളാര്‍ പാനലുകള്‍ സ്ഥാപിച്ചു തുടങ്ങി. സ്റ്റേഷന്റെ ഒന്നാം പ്ലാറ്റ്‌ഫോമിന്റെ അലൂമിനിയം ഷീറ്റ് പാകിയ മേല്‍ക്കൂരയില്‍ ഇരുന്നൂറിലധികം സോളാര്‍ പാനലുകള്‍ നിലവില്‍ സ്ഥാപിച്ചിട്ടുണ്ട്.

ഫെബ്രുവരി 15 നകം 308 സോളാര്‍ പാനലുകള്‍ സ്ഥാപിച്ച് പദ്ധതി പ്രവര്‍ത്തനക്ഷമമാക്കും. ഇതോടെ നൂറു കിലോവാട്ട് പീക്ക് ശേഷിയുള്ള സൗരോര്‍ജ്ജ സ്രോതസ്സ് കോഴിക്കോട് റെയില്‍വേ സ്റ്റേഷന്റെ സ്വന്തമാവും. ഇതോടെ കെ.എസ്.ഇ.ബിയെ ആശ്രയിച്ചുള്ള ഊര്‍ജ്ജ ഉപഭോഗത്തില്‍ 13 ശതമാനത്തോളം കുറവു വരുത്താനാകും. അതുവഴി ഒരു മാസം വൈദ്യുതിചാര്‍ജ്ജിനത്തില്‍ നല്‍കുന്ന തുക ആറര ലക്ഷത്തില്‍ നിന്ന് അഞ്ചു ലക്ഷമാക്കി കുറയ്ക്കാനും റെയില്‍വേയ്ക്ക് സാധിക്കും.

സെന്‍ട്രല്‍ ഇലക്ട്രോണിക്‌സ് ലിമിറ്റഡ്, കേന്ദ്ര ശാസ്ത്രസാങ്കേതിക മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെ കേന്ദ്ര നവ, പുനരുപയോഗ ഊര്‍ജ്ജ മന്ത്രാലയമാണ് രാജ്യത്തെ എ വണ്‍, എ, ബി വിഭാഗങ്ങളിലുള്ള റെയില്‍വേ സ്റ്റേഷനുകളില്‍ സൗരോര്‍ജ്ജ പാനലുകള്‍ സ്ഥാപിക്കാനുള്ള പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. റെയില്‍വെ എനര്‍ജി മാനേജ്‌മെന്റ് കമ്പനി ലിമിറ്റഡാണ് മേല്‍നോട്ടം വഹിക്കുന്നത്.

സൈറ്റ് സര്‍വെ, മാതൃക, നിര്‍മ്മാണം, വിതരണം, പാനലുകള്‍ സ്ഥാപിക്കല്‍, പരിപാലനം എന്നിവയ്ക്കായി പ്രത്യേകം ടെണ്ടര്‍ ക്ഷണിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. റെയില്‍വേയ്ക്ക് ഒരു സാമ്പത്തിക ബാധ്യതയുമില്ലെന്നാണ് പദ്ധതിയുടെ പ്രധാന ആകര്‍ഷണം. 25 വര്‍ഷം കാലാവധി നല്‍കുന്ന ഉടമ്പടിയുടെ ഭാഗമായി സൗരോര്‍ജ്ജ സംവിധാനം സംബന്ധിച്ച നിര്‍മ്മാണ, സ്ഥാപന, പരിപാലന പ്രവൃത്തികളുടെ ചെലവ് കരാറുകാരാണ് വഹിക്കേണ്ടത്. സൗരോര്‍ജ്ജം വഴി ഉല്പാദിപ്പിക്കുന്ന വൈദ്യുതിയുടെ യൂണിറ്റ് ചാര്‍ജ്ജ് മാത്രമാണ് കരാറുകാര്‍ക്ക് ലഭ്യമാക്കുക. സൗരോര്‍ജ്ജ വൈദ്യുതിയ്ക്ക് കെ.എസ്.ഇ.ബിയുടെ താരിഫിനേക്കാള്‍ കുറഞ്ഞ നിരക്ക് അടച്ചാല്‍ മതിയെന്നത് റെയില്‍വേയെ സംബന്ധിച്ചിടത്തോളം ലാഭകരവുമാണ്.

പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുന്ന സൗരോര്‍ജ്ജ പ്ലാന്റ് സംവിധാനം പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനക്ഷമമാവുന്നതോടെ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനം ഊര്‍ജ്ജ സ്വയംപര്യാപ്തതയിലേക്ക് ചുവടുവെയ്ക്കും.

Leave a Reply

Your email address will not be published. Required fields are marked *