Fri. Apr 19th, 2024

ഇന്ത്യയുടെ 40-ാമത് വാര്‍ത്താവിതരണ ഉപഗ്രഹമായ ജി സാറ്റ്-31 വിജയകരമായി വിക്ഷേപിച്ചു. ഫ്രഞ്ച് ഗയാനയിലെ കൗറു സ്‌പെയ്‌സ് സ്റ്റേഷനിൽ നിന്നും ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2.30 നായിരുന്നു വിക്ഷേപണം. യൂറോപ്യൻ സ്‌പെയ്‌സ് ഏജൻസിയുടെ ഏരിയൻ 5 റോക്കറ്റിന്റെ സഹായത്താലാണ് വിക്ഷേപണം നടത്തിയത്. ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിലെത്തിയതായി ഐ എസ് ആര്‍ ഒ അറിയിച്ചു.

ഇന്ത്യയ്ക്കു ചുറ്റുമുള്ള സമുദ്രപരിധിയിൽ വാർത്താവിനിമയം ശക്തിപ്പെടുത്താനാണ് ജിസാറ്റ്-31 കൊണ്ട് ലക്ഷ്യമിടുന്നത്. ഇതോടെ ബംഗാൾ ഉൾക്കടൽ, ഇന്ത്യൻ മഹാസമുദ്രം, അറബിക്കടൽ തുടങ്ങിയ സമുദ്ര മേഖലകളിൽ വാർത്താവിനിമയ സൗകര്യം തടസ്സമില്ലാതെ ലഭ്യമാകും. കഴിഞ്ഞ വർഷം വീശിയടിച്ച ഓഖി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിലാണ് ഐ എസ് ആര്‍ ഒ ഈ വാർത്താവിനിമയ ഉപഗ്രഹം നിർമ്മിച്ചത്. നിലവിൽ ഇന്ത്യൻ സമുദ്രപരിധിയിൽ ആവശ്യത്തിനുള്ള വാർത്താവിനിമയ ഉപാധികളില്ല.

15 വർഷം ആയുസ്സ് കണക്കാക്കിയിരിക്കുന്ന ജി സാറ്റ്-31 ന്റെ ഭാരം 2536 കിലോയാണ്.
ആഴക്കടൽ വാർത്താവിനിമയത്തിനു പുറമെ ഡിജിറ്റൽ സാറ്റലൈറ്റ് ന്യൂസ് സർവീസ്, വി സാറ്റ് നെറ്റ്‌വർക്ക്, ടെലിവിഷൻ ചാനൽ അപ്പ് ലോഡിങ്, ഡി ടി എച്ച് ടി വി ചാനൽ എന്നീ സർവ്വീസുകൾക്കും ജിസാറ്റ്-31 ന്റെ സേവനം പ്രയോജനപ്പെടുത്തും.

2007 ൽ ഇന്ത്യ വിക്ഷേപിച്ച ഇൻസാറ്റ് 4CR ഉപഗ്രഹത്തിന്റെ കാലാവധി തീരുന്നതിനാൽ അതിന്റെ ജോലികളും ജിസാറ്റ്-31 ഏറ്റെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *