ന്യൂഡൽഹി:
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാശ്മീര്‍ സന്ദര്‍ശന വീഡിയോയെ പരിഹസിച്ച് ട്വിറ്ററില്‍ നിരവധിപേര്‍ രംഗത്ത്. സന്ദര്‍ശനവേളയില്‍ മോദി ജനങ്ങളെ കൈവീശിക്കാണിക്കുന്ന വീഡിയോ ബി ജെ പി കാശ്മീര്‍ ഘടകം ട്വിറ്ററില്‍ പോസ്റ്റു ചെയ്തിരുന്നു. ആളില്ലാത്ത സ്ഥലത്തേക്കു നോക്കി കൈവീശിക്കാണിക്കുന്ന മോദിയുടെ വീഡിയോ ആണ് ഇപ്പോൾ തരംഗം ആയിരിക്കുന്നത്.
കഴിഞ്ഞ ഞായറാഴ്ചയാണ് കനത്ത സുരക്ഷാ അകമ്പടിയോടെ പ്രധാനമന്ത്രി മോദി കാശ്മീര്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ശ്രീനഗറിലെത്തിയത്. സന്ദര്‍ശനത്തിന്റെ ഭാഗമായി മൊബൈല്‍ സേവനങ്ങളും, ഇന്റര്‍നെറ്റും നിരോധിച്ചിരുന്നു. ജമ്മു, ശ്രീനഗര്‍, ലേ തുടങ്ങി പ്രദേശങ്ങള്‍ മോദി സന്ദര്‍ശിക്കുകയും ഒട്ടേറെ വികസന പദ്ധതികളുടെ ഉദ്ഘാടനം നടത്തുകയും ചെയ്തു.
ശ്രീനഗര്‍ സന്ദര്‍ശനത്തിനിടെയാണ് അദ്ദേഹം പ്രശസ്തമായ ദാല്‍ തടാകത്തില്‍ ഇറങ്ങിയത്. ദാല്‍ തടാകത്തിലൂടെ പോകുമ്പോള്‍ മോദി കൈവീശി അഭിവാദ്യം ചെയ്യുന്നതാണ് വീഡിയോ. എന്നാല്‍ മോദിയെ അല്ലാതെ വേറെ ആരെയും വീഡിയോയില്‍ കാണുന്നില്ല. മാത്രമല്ല, മോദി എത്തുന്ന സ്ഥലത്തേക്ക് ജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. ആ ഭാഗത്ത് ജനങ്ങള്‍ ഇല്ലാത്ത പ്രദേശമാണെന്നും കാശ്മീരികൾ പറയുന്നു. പ്രധാനമന്ത്രിയുടെ കാശ്മീര്‍ സന്ദര്‍ശനം ആഘോഷമാക്കാനുളള തന്ത്രം പാളിയത് ബി ജെ പിയ്ക്കൊരു തിരിച്ചടിയാണ്.