Fri. Jan 10th, 2025

കണ്ണൂര്‍:

രണ്ടു വയസ്സുകാരി നിയ മോള്‍ ലോകത്തെ കേട്ട് തുടങ്ങിയതേയുള്ളൂ. ആ ശബ്ദം ആസ്വദിച്ച് തീരും മുമ്പേ നിയയോട് വീണ്ടും ക്രൂരത. ജന്മനാ കേള്‍വിശക്തിയില്ലാത്ത നിയക്ക് നാലു മാസം മുമ്പാണ് കേള്‍വിശക്തി കിട്ടുന്നത്. ഇതിനായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും കോക്ലിയാര്‍ ഇംപ്ലാന്റ് ശസ്ത്രക്രിയ ചെയ്യ്തിരുന്നു. ഇതിനു ശേഷം ശബ്ദങ്ങള്‍ തിരിച്ചറിയാനും സംസാരിക്കാനും നിയ പഠിച്ചുതുടങ്ങിയിട്ടേ ഉള്ളൂ.

സ്പീച്ച് തെറാപ്പിക്കായി ആഴ്ചയില്‍ മൂന്നുതവണയാണ് നിയ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തുന്നത്. കഴിഞ്ഞ സ്പീച്ച് തെറാപ്പിക്കായി പോകുമ്പോൾ ശനിയാഴ്ച ചെന്നൈ എഗ്‌മൂർ ട്രെയിനിലെ ലേഡീസ് കമ്പാര്‍ട്ടുമെന്റിൽ നിന്ന് കോക്ലിയാര്‍ ഇംപ്ലാന്റിന്റെ സ്പീച്ച് പ്രോസസര്‍ നഷ്ടപ്പെടുകയായിരുന്നു. സ്വര്‍ണ്ണമോ വിലപിടിപ്പുള്ള മറ്റെന്തെങ്കിലുമോ ആണെന്നു കരുതി ആരോ ബാഗ് തട്ടിയെടുക്കുകയായിരുന്നു. എന്നാല്‍ അതിലുണ്ടായിരുന്നത് നിയയുടെ ഹിയറിംഗ് എയ്‌ഡായിരുന്നു. ഇതില്ലെങ്കില്‍ നിയമോള്‍ക്ക് ഒന്നും കേള്‍ക്കാനാകില്ല.

പുതിയതു വാങ്ങാന്‍ 4 ലക്ഷത്തിലേറെ രൂപ വേണം. ദിവസവരുമാനക്കാരായ അച്ഛനും അമ്മയ്ക്കും താങ്ങാനാവുന്ന തുകയല്ലിത്. മോഷ്ടിച്ചവര്‍ക്ക് ഇതുകൊണ്ട് യാതൊരു പ്രയോജനവുമുണ്ടാകില്ല. അതിനാൽ അവർ എവിടെയെങ്കിലും ബാഗു കളഞ്ഞുകാണുമെന്നും ഇതു കണ്ടുകിട്ടുന്നവര്‍ പെരളശ്ശേരി ചോരക്കളത്തെ രൂപ നിവാസില്‍ തിരിച്ചെത്തിക്കുമെന്നുമുള്ള പ്രതീക്ഷയിലാണു നിയമോളുടെ കുടുംബം.

അച്ഛന്‍ കെ.പി.രാജേഷിന്റെ ഫോണ്‍: 98477 46711.

Leave a Reply

Your email address will not be published. Required fields are marked *