ശ്രീകാകുളം:
ആന്ധ്രാപ്രദേശില്‍ തെരഞ്ഞെടുപ്പിന്റെ ഭാഗമായി നടത്തിയ പൊതു പരിപാടിയില്‍ ജനപങ്കാളിത്തം കുറവായതില്‍ ആശങ്ക പ്രകടിപ്പിച്ച് ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ശ്രീകാകുളം ജില്ലയില്‍ ഫെബ്രുവരി 4 ന് സംഘടിപ്പിച്ച പരിപാടിയിലാണ് ജനപങ്കാളിത്തം കുറഞ്ഞത്.
ഹാന്‍സ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം, ബി ജെ പി സംസ്ഥാന ഘടകം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ തുടക്കം കുറിക്കുന്നതിനായി പാര്‍ട്ടി ബസ്‌യാത്ര സംഘടിപ്പിച്ചു. ഇതിനായി ജില്ലയിലെ പലാസ ടൗണ്‍ തെരഞ്ഞെടുത്തു. എന്നാല്‍ ഉദ്ഘാടനത്തെത്തിയ പാര്‍ട്ടി അധ്യക്ഷന്‍ പലാസയിലെത്തിയപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒഴികെ ആരും പൊതുയോഗത്തില്‍ പങ്കെടുത്തില്ല.
തെലുങ്കു ദേശം പാര്‍ട്ടി (ടിഡിപി) പിന്തുണയ്ക്കുന്നവര്‍ ഷായുടെ സന്ദര്‍ശനത്തെ എതിര്‍ത്തിരുന്നു. സംസ്ഥാനത്തിന് നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതില്‍ ബി ജെ പി പരാജയപ്പെട്ടെന്ന് ടി ഡി പി പ്രവര്‍ത്തകര്‍ ആരോപിച്ചു. കശ്ബാഗ ബസ് സ്റ്റേഷനിലാണ് ടി ഡി പി പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചത്. 2018 മാര്‍ച്ചില്‍ ടി ഡി പി പ്രസിഡന്റും മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സ് (എന്‍ ഡി എ) യില്‍ നിന്ന് രാജിവച്ചിരുന്നു.
ടിഡിപി പ്രവര്‍ത്തകരില്‍ നിന്നുള്ള പ്രതിഷേധത്തെത്തുടര്‍ന്നാണ് ജനപങ്കാളിത്തം കുറഞ്ഞത്. ഇതേത്തുടര്‍ന്ന് അമിത് ഷാ പൊതുയോഗം വിളിച്ചു ചേര്‍ത്തു. ബി ജെ പി പാര്‍ട്ടി പ്രവര്‍ത്തകരും ഏതാനും അണികളും മാത്രമാണ് പങ്കെടുത്തതെന്ന് ഹാന്‍സ് ഇന്ത്യ റിപ്പോര്‍ട്ടില്‍ പറയുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തുന്ന പ്രചാരണം ഷാ ഫ്‌ളാഗ് ഓഫ് ചെയ്തു. സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നും സമാനമായ അനുഭവമാണ് ബി ജെ പിയ്ക്ക് ലഭിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.