Fri. Apr 26th, 2024
തിരൂർ:

ലോകത്തിലെ ഏറ്റവും വലുതെന്ന് അവകാശപ്പെടുന്ന ജനാധിപത്യ രാജ്യത്ത് ചെയ്ത തെറ്റെന്തെന്ന് ഇതുവരെയും മനസ്സിലാവാതെ നീതിപീഠങ്ങളുടെ കണ്ണുതുറക്കുന്നതും കാത്ത് പത്ത് വർഷമായി ഒരാൾ നീതിക്കായി കാത്തിരിക്കുന്നു. പതിനെട്ട് വയസ്സിൽ അറസ്റ്റ് ചെയ്യപ്പെട്ട, യു.എ.പി.എ ചുമത്തപ്പെട്ട് കര്‍ണാടക പാരപ്പന അഗ്രഹാര ജയിലില്‍ അടയ്ക്കപ്പെട്ട പരപ്പനങ്ങാടി കോണിയത്ത് സക്കരിയ. 2019 ഫെബ്രുവരി 5 ന് (ചൊവ്വാഴ്ച) ആ കാത്തിരിപ്പിനു 10 വര്‍ഷം തികഞ്ഞു.

പത്തു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് പി ഡി പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദ്‌നി ഉള്‍പ്പെട്ട ബാംഗ്ലൂര്‍ സ്‌ഫോടന കേസില്‍ കോണിയത്ത് സക്കരിയയെ കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്യുന്നത്. അറസ്റ്റു നടക്കുമ്പോള്‍ സക്കരിയക്ക് 18 വയസായിരുന്നു. ഇലക്ട്രോണിക്ക് കടയിലെ മെക്കാനിക്കായ സക്കരിയയാണ് ബാംഗ്ലൂര്‍ സ്‌ഫോടനത്തിനുപയോഗിച്ച റിമോര്‍ട്ട് ചിപ്പ് നിര്‍മ്മിച്ചതെന്നാരോപിച്ചാണ് കര്‍ണാടക പോലീസ് സക്കരിയയെ അറസ്റ്റ് ചെയ്യുന്നത്. കേസ് എന്‍ ഐ എ കോടതിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. അറസ്റ്റിനു ശേഷം ഇതുവരെ സഹോദരന്‍റെ വിവാഹത്തിനും മരണാനന്തര ചടങ്ങുകളിലും പങ്കെടുക്കുന്നതിനായി രണ്ട് തവണ മാത്രമാണ് പോലീസ് കാവലില്‍ സക്കരിയ നാട്ടിലെത്തിയത്.

2009 ഫെബ്രുവരി 5 നാണ് സക്കരിയയെ ജോലി ചെയ്യുന്ന തിരൂരിലെ മൊബൈല്‍ ഷോപ്പില്‍ വച്ച് കര്‍ണാടക പോലീസ് അറസ്റ്റു ചെയ്യുന്നത്. എന്തിനാണ് അറസ്റ്റു ചെയ്യുന്നതെന്ന് വെളിപ്പെടുത്താതെയും വീട്ടുകാരെ ഫോണില്‍ ബന്ധപ്പെടാന്‍പോലും അനുവദിക്കാതെയും അറസ്റ്റു ചെയ്യുന്ന സമയത്ത് പാലിക്കേണ്ട നിയമങ്ങള്‍ കാറ്റില്‍പ്പറത്തിയായിരുന്നു കര്‍ണാടക പോലീസ് സക്കരിയയെ പിടിച്ചുകൊണ്ടുപോയത്.

അറസ്റ്റു ചെയ്ത് നാലുദിവസത്തിനു ശേഷമാണ് കോടതിയില്‍ ഹാജരാക്കിയത്. ചാനല്‍ വാര്‍ത്തകളില്‍ നിന്നാണ് കുടുംബം പോലും അറസ്റ്റു നടന്ന കാര്യം അറിയുന്നത്. ബാംഗ്ലൂര്‍ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ടാണ് സക്കരിയയെ അറസ്റ്റു ചെയ്തതെന്ന് മാദ്ധ്യമങ്ങളില്‍ നിന്നുമാണ് ഉമ്മ ബീയുമ്മ അറിയുന്നത്.

പോലീസിന്‍റെ ആസൂത്രിതമായ നീക്കങ്ങള്‍ പിന്നെയും തുടര്‍ന്നു. വിവരങ്ങള്‍ പുറംലോകം അറിഞ്ഞാല്‍ മോചനം സാധ്യമാവില്ലെന്ന് തെറ്റിദ്ധരിപ്പിക്കുകയും കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മൂടിവെക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. അങ്ങിനെ രണ്ടു വര്‍ഷത്തോളം കേസിലെ തുടര്‍ നടപടികളൊന്നും നടത്താന്‍ പറ്റാത്ത സാഹചര്യം ഉണ്ടായി.

പിന്നീട് ബന്ധുവായ ശുഹൈബിന്‍റെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും ശ്രമഫലമായാണ് കേസിലെ വിശദാംശങ്ങള്‍ പുറംലോകമറിയുന്നത്. സക്കരിയക്ക് പത്തു വയസ്സുള്ളപ്പോൾ സക്കരിയയുടെ പിതാവ് കുഞ്ഞിമുഹമ്മദ് മരണപ്പെട്ടിരുന്നു. പിന്നീട് സക്കരിയയേയും മറ്റു മക്കളേയും ഏറെ കഷ്ടപെട്ടാണ് ബിയ്യുമ്മ വളര്‍ത്തിയത്. ബി.കോം പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് വേഗത്തില്‍ ജോലി ലഭിക്കുമെന്ന ധാരണയില്‍ മൊബൈല്‍ ടെക്‌നോളജി പഠിച്ചശേഷം തിരൂരിലുള്ള ഒരു മൊബൈല്‍ കടയില്‍ ജോലി ചെയ്യുകയായിരുന്നു. നാലു മാസത്തോളമാണ് ഇവിടെ ജോലി ചെയ്തതത്. ഇവിടെ വെച്ചാണ് അറസ്റ്റു ചെയ്യപ്പെടുന്നത്.

ബാംഗ്ലൂര്‍ പാരപ്പന അഗ്രഹാര ജയിലിലെ ഒരു പതിറ്റാണ്ട് ആകുന്ന ഏകാന്തവാസം സക്കരിയയെ മാനസികമായും ശാരീരികമായും തകര്‍ത്തിരിക്കുകയാണ്. ഉദരസംബന്ധമായ രോഗങ്ങളും കടുത്ത തലവേദനയും ബാധിച്ചിട്ടുണ്ട്. ബാംഗ്ലൂര്‍ സ്‌ഫോടനത്തിനു വേണ്ടി ടൈമറുകളും മൈക്രോ ചിപ്പുകളും 12ാം പ്രതി ഷറഫുദ്ദീനുമായി ചേര്‍ന്ന് നിര്‍മ്മിച്ചുനല്‍കി എന്നതാണ് സക്കരിയക്കെതിരേയുള്ള ഇനിയും വിചാരണ തീരാത്ത കുറ്റപത്രത്തില്‍ പറയുന്നത്. കേസിലെ രണ്ടു സാക്ഷികളും വ്യാജസാക്ഷികളാണെന്ന് അവര്‍ തന്നെ വ്യക്തമാക്കിയെങ്കിലും കോടതി അത് അവഗണിക്കുകയായിരുന്നു.

സാക്ഷികളില്‍ ഒരാളായ നിസാമുദ്ദീനോട്, കര്‍ണാടക പോലീസ് കന്നഡയിലുള്ള ഒരു സ്‌റ്റേറ്റ്‌മെന്റില്‍ ഒപ്പിടാന്‍ ആവശ്യപ്പെടുകയായിരുന്നു. കന്നഡ അറിയാത്തതിനാല്‍ അതെന്താണെന്ന് നിസാമുദ്ദീന്‍ അന്വേഷിച്ചപ്പോള്‍ കൂടെയുണ്ടായിരുന്ന പരപ്പനങ്ങാടി എസ്‌ഐ ആണ് ‘ഷറഫുദ്ദീന്റെ ഫോണ്‍ ഞാനാണ് ഉപയോഗിക്കുന്നത്’ എന്ന് പരിഭാഷപ്പെടുത്തിയത്. രണ്ടാം’സാക്ഷി’ ഹരിദാസ് താന്‍ സക്കരിയയെ ഇതുവരെ നേരില്‍ കണ്ടിട്ടില്ലെന്ന് പലവട്ടം പറഞ്ഞിട്ടുമുണ്ട്. പോലീസ് രേഖയിലെ മൊഴി താന്‍ നല്‍കിയതല്ലെന്നും അയാള്‍ പറയുന്നു.

ആദ്യം, തീവ്രവാദി എന്ന മുദ്ര ലഭിച്ച സക്കരിയയ്ക്കു വേണ്ടി, പിന്നീട്, പരപ്പനങ്ങാടിയില്‍ നാട്ടുകാര്‍ സക്കരിയ ആക്ഷന്‍ ഫോറം രൂപീകരിച്ച് രംഗത്തു വന്നു. ശക്തമായ പ്രതിഷേധങ്ങളും ജയില്‍മോചനത്തിനായുള്ള മുറവിളികളും പാര്‍ലമെന്റില്‍ വരെ ഉയര്‍ത്തി. എന്നാല്‍ ഇപ്പോള്‍ അത് ആണ്ടിലൊരിക്കല്‍ മാത്രം നടത്തുന്ന ചടങ്ങായി മാറുകയാണ്.

സക്കരിയയുടെ പതിറ്റാണ്ട് നീളുന്ന ജയില്‍ വാസത്തിനൊപ്പം തന്നെ മകനെ തേടിയുള്ള ബീയുമ്മയുടെ കാത്തിരിപ്പിനും പത്തു വര്‍ഷം പൂര്‍ത്തിയാവുകയാണ്. എന്തിനാണ് അറസ്റ്റു എന്ന് വെളിപ്പെടുത്തുകയോ വീട്ടിലോ മറ്റ് സുഹൃത്തുക്കളെ അറിയിക്കാനോ അനുവാദം നല്‍കാതെ കേരളത്തിലെ ഉത്തരവാദപ്പെട്ട അധികൃതരുടെ അനുവാദം പോലും ഇല്ലാതെയാണ് കര്‍ണ്ണാടക പോലീസ് സക്കരിയയെ ബലമായി പിടിച്ചുകൊണ്ടു പോയത്.

ബാംഗ്ലൂർ സ്ഫോടന കേസിലെ എട്ടാം ‘പ്രതിയായ’ സക്കരിയയെ ഭീകരനിയമമായ യു.എ.പി.എ പ്രകാരം 2009 ഫെബ്രുവരി അഞ്ചിന് തിരൂരില്‍ ജോലി ചെയ്യുന്ന മൊബൈല്‍ ഷോപ്പില്‍ വെച്ച് കര്‍ണാടക പോലീസ് അറസ്റ്റു ചെയ്ത ശേഷം നാലു ദിവസം കഴിഞ്ഞാണ് കോടതിയില്‍ ഹാജരാക്കുന്നത്. അന്നേ ദിവസത്തെ ചാനലുകളിലെ വാര്‍ത്തയില്‍ നിന്നാണ് സക്കരിയയെ അറസ്റ്റ് ചെയ്തത് ബാംഗ്ലൂര്‍ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ടാണ് എന്ന് സക്കരിയയുടെ ഉമ്മ ബീയുമ്മ അടക്കമുള്ളവര്‍ അറിയുന്നത്.

പത്ത് വർഷം പൂർത്തിയാക്കുന്ന സക്കരിയയുടെ തടവുജീവിതത്തിന്‍റെ രാഷ്ട്രീയ മാനങ്ങൾ പരിശോധിക്കാതെ പോയാല്‍ ഭരണകൂടം ആ ചെറുപ്പക്കാരനോട്‌ കാണിച്ച നീതികേടിന്റെ പങ്കു പറ്റലാവും. കേസിലെ രണ്ടാം ‘സാക്ഷി’ ഹരിദാസ്, സക്കരിയയെ ഇതുവരെ നേരില്‍ കണ്ടിട്ടില്ലെന്ന് പലവട്ടം പറഞ്ഞിട്ടുണ്ട്.

പോലീസ് റെക്കോര്‍ഡിലെ മൊഴി താന്‍ നല്‍കിയതല്ല എന്ന് ഹരിദാസ് പറയുന്നു. കേസന്വേഷണത്തിനിടയില്‍ തന്നോട് സംസാരിക്കുന്നതിനിടെ ചില പ്രാഥമിക വിവരങ്ങള്‍ കര്‍ണാടക പോലീസ് ചോദിച്ചിരുന്നു. ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മില്‍ സൗഹാര്‍ദ്ദത്തോടെ തന്നെയാണ് ജീവിക്കുന്നതെന്ന് എന്നായിരുന്നു അന്ന് പറഞ്ഞതെന്ന് ഹരിദാസ് സാക്ഷ്യപ്പെടുത്തുന്നുണ്ട്.

വൈകി ലഭിക്കുന്ന നീതി, നീതിനിഷേധമാണ് എന്ന് ആവര്‍ത്തിച്ചു പറയുന്നവര്‍ പോലും സക്കരിയയുടെ പേര് മറവിക്ക് വിട്ട് കൊടുക്കുന്നിടത്താണ് യു എ പി എക്കെതിരെ നാള്‍ക്കുനാള്‍ പ്രമേയങ്ങളും പ്രസ്താവനകളും ഇറക്കുന്നവര്‍ക്ക്, പേരറിവാളനെയും മഅദനിയെയും അറിയുന്നവര്‍ക്ക് സക്കരിയയെ അറിയാമോ എന്ന ചോദ്യം പ്രസക്തമാവുന്നത്.

ഒരു പതിറ്റാണ്ടിനടുത്തായി മകനെ കാത്ത് നിസ്കാരപ്പായയില്‍ ദുആ ചെയ്ത് വിതുമ്പുന്ന ബീയുമ്മയെ, ഇന്നും വീട്ടിനടുത്തെ റെയില്‍പ്പാളത്തിലൂടെ ട്രെയിന്‍ പോകുന്ന ശബ്ദം കേള്‍ക്കുമ്പോള്‍ അതില്‍ തന്റെ മകനുണ്ടാവണേ എന്ന് കൊതിച്ചുപോവുന്ന ആ ഉമ്മയെ അവഗണിച്ചിട്ട് ഏത് നീതിയെക്കുറിച്ചാണ് നമ്മള്‍ വാചാലമാവുന്നത്?

ബാംഗ്ളൂരിൽ നിന്നു പത്തു കിലോമീറ്റർ മാറി പാരപ്പന അഗ്രഹാര ജയിലിൽ അവരുടെ മകനുണ്ട്. കഴിഞ്ഞ പത്തുവർഷമായി ബീയുമ്മ ഈ ലോകത്തോടു വിളിച്ചു പറയുകയാണ് ’എന്റെ മകൻ നിരപരാധിയാണ് അവനെ വിട്ടയാക്കണ’മെന്ന്.

Leave a Reply

Your email address will not be published. Required fields are marked *