പെരിന്തല്‍മണ്ണ:
ശബരിമലയില്‍ ദര്‍ശനം നടത്തിയ കനകദുര്‍ഗയ്ക്ക് പെരിന്തല്‍മണ്ണയിലെ ഭര്‍ത്തൃവീട്ടില്‍ പ്രവേശിക്കാമെന്ന് കോടതി. വീട്ടില്‍ പ്രവേശിക്കുന്നതിനെ തടയരുതെന്നും കോടതി ഉത്തരവിട്ടു. പെരിന്തല്‍മണ്ണ പുലാമന്തോളിലെ ഗ്രാമന്യായാലയമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
ഭര്‍ത്തൃവീട്ടില്‍ പ്രവേശിക്കാനും കുട്ടികള്‍ക്കൊപ്പം കഴിയാനും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കനകദുര്‍ഗ നല്‍കിയ ഹര്‍ജിയിലാണ് വിധി. കനകദുര്‍ഗയുടെ ഹര്‍ജി തിങ്കളാഴ്ച തന്നെ പരിഗണിച്ചെങ്കിലും വിധി പറയല്‍ ചൊവാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. കേസില്‍ നേരത്തെ കനകദുര്‍ഗയുടെ ഭര്‍ത്താവ് കൃഷ്ണനുണ്ണിയും ഭര്‍ത്തൃമാതാവ് സുമതി അമ്മയും കോടതിയില്‍ ഹാജരായിരുന്നു.
ശബരിമല ദര്‍ശനത്തിനു ശേഷം വീട്ടില്‍ മടങ്ങിയെത്തിയ കനകദുര്‍ഗ ഭര്‍ത്തൃമാതാവിന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് ആശുപത്രിയിലായിരുന്നു. ഇതിനു പിന്നാലെ വീട്ടില്‍ പ്രവേശിപ്പിക്കാനാകില്ലെന്ന് വ്യക്തമാക്കി കനകദുര്‍ഗയുടെ ഭര്‍ത്താവ് കൃഷ്ണനുണ്ണി രംഗത്തെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് കനകദുര്‍ഗ കോടതിയെ സമീപിച്ചത്. പെരിന്തല്‍മണ്ണ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെയാണ് ആദ്യം സമീപിച്ചതെങ്കിലും പുലാമന്തോളിലെ ഗ്രാമക്കോടതിയുടെ പരിഗണനയ്ക്കു വിടുകയായിരുന്നു.
നിലവില്‍ പെരിന്തല്‍മണ്ണയിലെ വണ്‍സ്റ്റോപ്പ് സെന്ററിലാണ് കനകദുര്‍ഗ പോലീസ് സംരക്ഷണയില്‍ കഴിയുന്നത്. തിങ്കളാഴ്ച വാദം പൂര്‍ത്തിയായ കേസിലാണ് കോടതി ഇന്ന് വിധി പ്രസ്താവിച്ചത്. ഭര്‍ത്താവിനും കുട്ടികള്‍ക്കും ഒപ്പം കഴിയാനുള്ള കനകദുര്‍ഗയുടെ അവകാശത്തെ നിഷേധിക്കരുതെന്നും, ഭര്‍ത്താവിന്റെ പേരിലുള്ള വീട് ഇപ്പോള്‍ വില്‍ക്കരുതെന്നും കോടതി ഉത്തരവില്‍ പറയുന്നുണ്ട്.
ഇക്കഴിഞ്ഞ ജനുവരി രണ്ടിനാണ് കനകദുര്‍ഗയും ബിന്ദുവും ശബരിമല ദര്‍ശനം നടത്തിയത്. ഇതിനു ശേഷം സംഘപരിവാര്‍ സംഘടനകളുടെ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ഇവര്‍ക്ക് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. കേസ് അടുത്ത മാസം 31 ന് വീണ്ടും പരിഗണിക്കും.