Mon. Dec 23rd, 2024

കളിപ്പാട്ടങ്ങളിലൂടെ വികസിച്ചു പ്രതിരോധ രംഗത്തും, വിവാഹ ചടങ്ങുകളിലും, മറ്റു മേഖലകളിലും, ഫോട്ടോഗ്രാഫി രംഗത്തും ഒഴിച്ചു കൂടാനാകാത്ത ഘടകമായി മാറിയ ഡ്രോൺ വ്യവസായം ഇന്ത്യയിൽ വൻ കുതിപ്പിനൊരുങ്ങുകയാണ്.

എൺപതുകളിൽ ഇന്ത്യയിൽ തുടക്കമിട്ട കംപ്യുട്ടർ വിപ്ലവത്തിന് സമാനമായ ഒരു മുന്നേറ്റം ഡ്രോൺ വ്യവസായത്തിൽ ഉണ്ടാകും എന്നാണു ഈ രംഗത്തുള്ള വിദഗ്ദ്ധർ പറയുന്നത്. രാജ്യത്തെ പുതിയ ഡ്രോൺ ഉപയോഗച്ചട്ടങ്ങൾ ഡിസംബർ ഒന്നു മുതൽ പ്രാബല്യത്തിൽ വന്നിരുന്നു. റിമോട്ട്ലി പൈലറ്റഡ് എയര്‍ക്രാഫ്റ്റ് എന്ന വിഭാഗത്തിന് കീഴിലാണ് ഡ്രോണുകളെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

നിയമത്തില്‍, ഭാരമനുസരിച്ച് ഡ്രോണുകളെ നാനോ, മൈക്രോ, സ്‌മോൾ, മീഡിയം, ലാർജ് എന്നീ അഞ്ച് വിഭാഗങ്ങളില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. സ്മോള്‍, മീഡിയം, ലാര്‍ജ് വിഭാഗത്തിലുള്ള ഡ്രോണ്‍ ഉപയോഗിക്കുന്നവര്‍ക്കു പ്രായപരിധി 18 വയസും വിദ്യാഭ്യാസ യോഗ്യത എസ്.എസ്.എല്‍.സിയുമാണ്. ഇംഗ്ലീഷ് അറിഞ്ഞിരിക്കുകയും വേണം. ഡ്രോൺ പറത്തുന്നതിനു റിമോട്ട് പൈലറ്റ് ലൈന്‍സും നേടേണ്ടതുണ്ട്. ഇതിനായുള്ള അനുമതികൾക്കാവശ്യമുള്ള ഡിജിറ്റല്‍ സ്കൈ പ്ലാറ്റ് ഫോം പ്രവർത്തനം തുടങ്ങി.

250 ഗ്രാമിന് മുകളിലുള്ള ഡ്രോണ്‍ വിദേശത്തുനിന്ന് വാങ്ങിക്കൊണ്ടുവരുന്നതിന് ഡയറക്റ്റര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനില്‍ നിന്ന് ഇംപോര്‍ട്ട് ക്ലിയറന്‍സിന് അപേക്ഷിക്കണം. രാജ്യരക്ഷയുമായി ബന്ധപ്പെട്ടു ഡ്രോൺ പറത്താൻ നിരോധനമുള്ള ഇടങ്ങളുടെ വിശദാംശങ്ങൾ ഡയറക്റ്റര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍റെ വെബ്സൈറ്റില്‍ ലഭ്യമാണ്. ഇപ്പോൾ ഡ്രോണ്‍ ഉപയോഗത്തിനുള്ള ഉയരപരിധി 400 അടി വരെയാണ്.
ഇതിനോടൊപ്പം ഈ ചെറു ആളില്ലാ വിമാനങ്ങൾ എന്തൊക്കെ ആവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്താനാവും എന്ന് കണ്ടെത്താൻ സർക്കാരും കോർപ്പറേറ്റുകളും തിരക്കിട്ട ചർച്ചയിലാണ്.

ആരോഗ്യ, റീടെയ്‌ൽ, സുരക്ഷാ മേഖലകളിൽ അനന്ത സാധ്യതകളാണ് ഡ്രോൺ വ്യവസായത്തിന് മുന്നിൽ തുറന്നു കിടക്കുന്നത്. ഇതിന്റെ സാദ്ധ്യതകൾ തിരിച്ചറിഞ്ഞ സർക്കാർ, നിയമങ്ങളിൽ കാതലായ മാറ്റം വരുത്തി ഡ്രോൺ നിയമങ്ങൾ പരിഷ്കരിക്കാനൊരുങ്ങുകയാണ്. ഇതിന്റെ കരട് രൂപം ഏകദേശം തയ്യാറായിക്കഴിഞ്ഞു.

അവയവ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കായുള്ള അവയവങ്ങൾ കാലതാമസം കൂടാതെ കൊണ്ടുപോകാൻ ഡ്രോൺ ഉപയോഗിക്കാനാണു ആദ്യ ഘട്ടത്തിൽ ശ്രമിക്കുന്നത്. ഒരു നഗരപരിധിയിൽ തന്നെ ഡ്രോൺ പോർട്ടുകൾ ഉള്ള ആശുപത്രികൾക്കിടയ്ക്ക് മാത്രമേ ഇക്കാര്യത്തിന് ഡ്രോൺ ഉപയോഗം അനുവദിക്കുകയുള്ളു. ഡ്രോണുകൾക്കു സുരക്ഷിതമായി സഞ്ചരിക്കാൻ ഒരു ഡ്രോൺ കോറിഡോർ എന്ന ആശയം നടപ്പിൽ വരുത്തും.

മുംബൈയിലെ ഫോർട്ടിസ് ഹോസ്പിറ്റൽ മുംബൈ IIT യുമായി സഹകരിച്ചു ഇതിനുള്ള സാധ്യത പഠനങ്ങൾ നടത്തിയിരുന്നു. ഡ്രോണിൽ റീറ്റെയ്ൽ ഡെലിവറി നടത്തുന്നതിന് ആഗോള ഭീമന്മാരായ ആമസോൺ, ഫ്ലിപ്‌കാർട്ട് പോലുള്ള കമ്പനികൾ സർക്കാരിനെ സമീപിച്ചിട്ടുണ്ട്. ഊബർ ഈറ്റ്‌സ് പോലുള്ള ഫുഡ് ഡെലിവറി കമ്പനികളും ഡ്രോൺ ഡെലിവെറിയുടെ സാധ്യത പരീക്ഷിക്കാൻ കാത്തു നിൽക്കുന്നു.

ഇപ്പോൾ തന്നെ ഡ്രോൺ വ്യവസായത്തിൽ പല സ്റ്റാർട്ട് അപ്പുകളും നിലവിൽ വന്നിട്ടുണ്ട്. ബംഗളൂരു ആസ്ഥാനമാക്കിയുള്ള സ്കൈലാർക്ക് ഡ്രോൺസ് ആണ് അതിൽ പ്രധാനം. 27 വയസ്സ് മാത്രമുള്ള മുകിലൻ രാമസ്വാമിയാണ് സ്കൈലാർക്കിന്റെ സ്ഥാപകൻ. ഒരു മണിക്കൂറിൽ 20 കിലോമീറ്റർ വരെ പറത്താവുന്ന ഡ്രോണുകൾ സ്കൈലാർക്കു നിർമ്മിക്കുന്നുണ്ട്. പക്ഷെ കർശന നിയമങ്ങൾ മൂലം അവർ ഡ്രോണുകൾ വിപണിയിൽ വിൽക്കുന്നില്ല. മറിച്ചു തങ്ങളുടെ ഇടപാടുകാർക്കു ഡ്രോൺ സർവീസ് ലഭ്യമാക്കുകയാണ് കമ്പനി ചെയ്യുന്നത്.

ഇന്ന് ലോകത്ത് ഡ്രോണ്‍ സാങ്കേതിക വിദ്യയില്‍ മുന്നില്‍ നില്‍ക്കുന്നത് ഡി ജെ ഐ എന്ന ചൈനീസ് കമ്പനിയാണ്. ഈ കമ്പനി ഉടമയും സി ഇ ഓയുമായ ഫ്രാങ്ക് വാങ് ടൗവാണ് ലോകത്തിലെ ആദ്യത്തെ ഡ്രോണ്‍ ബില്യണെയർ.

ഏരിയൽ സർവേ, റോഡ് സർവേ, കാർഷിക സർവേ, ഫോറസ്ററ് സർവേ, വൈൽഡ് ഫോട്ടോഗ്രാഫി, സിനിമ നിർമ്മാണം, ഡ്രോൺ റേസിംഗ് തുടങ്ങി വിവിധ രംഗങ്ങളിൽ വൻ ഡിമാൻഡാണ് ഇപ്പോൾ ഡ്രോണിനുള്ളത്.
സർക്കാർ നിയന്ത്രണങ്ങളിൽ അയവു വരുത്തിയാൽ വലിയൊരു മുന്നേറ്റമാകും ഈ രംഗത്തു ഉണ്ടാകുക.

Leave a Reply

Your email address will not be published. Required fields are marked *