Mon. Dec 23rd, 2024

“സഹോദരികളേ, നിങ്ങളുടെ അവകാശങ്ങള്‍ എന്തൊക്കെയാണെന്ന് നിങ്ങളില്‍ എത്ര പേര്‍ക്ക് അറിവുണ്ട്? ശരീഅത്തു പ്രകാരം സ്ത്രീക്കു പുരുഷന്മാരുടേതിന് തുല്യമായ അവകാശമുണ്ട്. ചില പരിതസ്ഥിതികളില്‍ അവള്‍ക്ക് അവളുടെ ഭര്‍ത്താവിനോട് വിവാഹ മോചനം ആവശ്യപ്പെടാന്‍ അനുവാദമുണ്ട്. ഈ പരമാര്‍ഥം മനസ്സിലാക്കിയിട്ടുള്ള സ്ത്രീകള്‍ നമ്മുടെ ഇടയില്‍ എത്ര പേരുണ്ട്? ഇല്ലെങ്കില്‍ ഇവരെ ഇങ്ങനെ തരം താഴ്ത്തി അടുക്കള പാവകളാക്കി പ്രസവ യന്ത്രങ്ങളാക്കി മാറ്റിയ പുരുഷന്മാര്‍ക്ക് റസൂല്‍ മാതൃകയാണോ?”

കോഴിക്കോട്‌ ഫ്രാൻസിസ്‌ റോഡിൽ നടന്ന, കേരളത്തിലെ മുസ്ലീം സംഘടനകളില്‍ ഒന്നായ മുജാഹിദ് പ്രസ്ഥാനത്തിന്റെ വാര്‍ഷിക സമ്മേളനത്തെ അഭിസംബോധന ചെയ്ത്, എം ഹലീമാബീവി 1961-ല്‍ ചെയ്ത പ്രസംഗത്തിലെ ഒരു ഭാഗമാണ് മുകളില്‍. കേരളത്തിലെ ആദ്യത്തെ വനിതാ പത്രാധിപ, ആദ്യ വനിതാ മുനിസിപ്പല്‍ കൗണ്‍സിലര്‍, എറണാകുളം ഡി.സി.സി അംഗം, തിരുവിതാംകൂര്‍ വനിതാ സമാജം പ്രസിഡന്റ്, തിരുവിതാംകൂര്‍ സ്റ്റേറ്റ് മുസ്ലീം ലീഗിന്‍റെ തിരുവല്ല താലൂക്ക് സെക്രട്ടറി എന്നീ പദവികളിലെത്തിയ ഹലീമാബീവിയുടെ ജന്മശതാബ്ദി ആഘോഷിക്കുന്ന വര്‍ഷമാണിത്. കേരളത്തിന്‍റെ നവോത്ഥാന ചരിത്രത്തില്‍ ഇങ്ങനെ ഒരു മുസ്ലീം വനിത നല്‍കിയ സംഭാവനകളെക്കുറിച്ച് പലരും അറിയുന്നതു പോലും കഴിഞ്ഞ ശനിയാഴ്ച (ഫെബ്രുവരി 2) കേരള സാഹിത്യ അക്കാദമി എം.ഹലീമാ ബീവിയുടെ നൂറാം ജന്മദിനം ആഘോഷിച്ചപ്പോഴാണ്.

എഴുത്തുകാരനായ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് അടുത്തിടെ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പാണ് ഹലീമാ ബീവിയെ ഓര്‍ക്കാന്‍ സാഹിത്യ അക്കാദമിക്കും പ്രചോദനമായത്. 2018-ല്‍ ആയിരുന്നു നൂറാം ജന്മ ദിനമെങ്കിലും അങ്ങനെ ഒന്ന് കടന്ന് പോയത് ആരും അറിഞ്ഞത് പോലും ഇല്ല. ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന്‍റെ കുറിപ്പ് വന്നതിനു പിന്നാലെ അക്കാദമി അധ്യക്ഷനും എഴുത്തുകാരനുമായ വൈശാഖന്‍റെ നേതൃത്വത്തിലാണ് പുസ്തകോത്സവത്തോടനുബന്ധിച്ച് തൃശൂരില്‍ നൂറാം ജന്മദിനം ആഘോഷിച്ചത്.

1918-ല്‍ അടൂരിലെ ഒരു സാധാരണ മുസ്ലീം കുടുംബത്തില്‍ പീര്‍ മുഹമ്മദ്- മൈതീന്‍ ബീവി ദമ്പതികളുടെ മകളായാണ് ഹലീമാ ബീവിയുടെ ജനനം. മുസ്ലീം പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോകുന്നത് പതിവില്ലായിരുന്ന ആ കാലത്തും ഏഴാം ക്ലാസുവരെ അടൂരിലെ സ്‌കൂളില്‍ ഹലീമാ ബീവി പഠിച്ചു. 17-ാം വയസ്സിലായിരുന്നു ഹലീമാബീവിയുടെ വിവാഹം. മത പണ്ഡിതനും എഴുത്തുകാരനുമായിരുന്ന കെ.എം മുഹമ്മദ് മൗലവിയായിരുന്നു ഭര്‍ത്താവ്. വക്കം മൗലവിയുടെ ശിഷ്യനായിരുന്നു മുഹമ്മദ് മൗലവി. അന്‍സാരി എന്ന പേരില്‍ ഒരു മാസികയും അദ്ദേഹം നടത്തിയിരുന്നു. ഇതുതന്നെയാണ് പത്രപ്രവര്‍ത്തനത്തിലേക്ക് തിരിയാന്‍ ഹലീമാ ബീവിക്കും പ്രേരണയായത്.

എറണാകുളം ഡി.സി.സിയിലും സേവാദള്‍ എക്സിക്യൂട്ടീവിലും അംഗമായിരുന്ന ഹലീമാ ബീവിക്ക് ഇന്ദിരാ ഗാന്ധിക്കൊപ്പം വേദി പങ്കിട്ട ചരിത്രമുണ്ട്. ഉത്തരവാദിത്വ പ്രക്ഷോഭം, വിമോചന സമരം എന്നിവയിലും ഹലീമാബീവി പങ്കെടുത്ത് അറസ്റ്റ് വരിച്ചു. തിരുവിതാംകൂര്‍ ദിവാനായിരുന്ന സി.പി രാമസ്വാമി അയ്യര്‍ക്കെതിരെ പ്രക്ഷോഭം നയിച്ചിരുന്നവര്‍ക്ക് ലഘുലേഖകള്‍ അച്ചടിച്ചു നല്‍കിയിരുന്നത് ഹലീമാ ബീവിയിയാരുന്നു. മലയാള മനോരമ പത്രം ദിവാന്‍ കണ്ടുകെട്ടിയപ്പോള്‍ കെ.എം മാത്യു ലഘുലേഖകൾ അച്ചടിച്ചതും ഹലീമാബീവിയുടെ പ്രസ്സില്‍ നിന്നായിരുന്നു. പ്രസില്‍ പൊലീസ് പരിശോധന നടത്തിയെങ്കിലും തെളിവുകളൊന്നും കണ്ടാത്താനായില്ല. പിന്നീട് ഭര്‍ത്താവിന്റെ ടീച്ചിംഗ് ലൈസന്‍സ് സര്‍ക്കാര്‍ റദ്ദാക്കി.

എട്ടു പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കേരളത്തില്‍ ഒരു മുസ്ലീം വനിത പത്രപ്രവര്‍ത്തകയും പ്രഭാഷകയും സാമൂഹിക പ്രവര്‍ത്തകയുമായി ചരിത്രത്തില്‍ ഇടം നേടിയെന്നത് വിസ്മയകരമായി തോന്നാം. സ്ത്രീകള്‍ക്ക് അക്ഷരങ്ങള്‍ വിലക്കപ്പെടുകയും പൊതുജീവിതത്തില്‍ പ്രവേശിക്കുന്നതു പോകട്ടെ, വീട്ടില്‍നിന്ന് പുറത്തിറങ്ങുന്നതു പോലും തടയുകയും ചെയ്ത കാലത്താണ് എഡിറ്റര്‍, പ്രിന്റര്‍, പബ്‌ളിഷര്‍, കമ്പോസര്‍ തുടങ്ങി എല്ലാ ചുമതലകളും സ്വയം നിര്‍വഹിച്ച് പത്രമിറക്കാനുള്ള സാഹസികത ഹലീമ പ്രകടിപ്പിച്ചത്. അതിനു വേണ്ടി അവര്‍ക്ക് സ്വന്തം ഭൂമിയും കിടപ്പാടവും വില്‍ക്കേണ്ടിവന്നു.

1918 ൽ ജനിച്ച ഹലീമാബീവി പതിനേഴാമത്തെ വയസ്സിൽത്തന്നെ അറിയപ്പെടുന്ന എഴുത്തുകാരിയും പത്രപ്രവർത്തകയുമായി. അവരുടെ പത്രാധിപത്യത്തിൽ ഇറങ്ങിയ ‘ഭാരത ചന്ദ്രിക’ എന്ന മാസികയിൽ വൈക്കം മുഹമ്മദ്‌ ബഷീർ സഹപത്രാധിപർ ആയിരുന്നു.

എം കൃഷ്ണൻ നായർ മുതൽ സുകുമാർ അഴീക്കോട്‌ വരെയുള്ള, സാഹിത്യ ലോകത്തെ അന്നത്തെ ഗജകേസരികളൊക്കെ ‘ഭാരത ചന്ദ്രിക’യിൽ എഴുതിയിരുന്നു. സ്ത്രീകൾക്ക്‌ എഴുത്ത്‌ പഠിക്കുന്നതിനു പോലും വിലക്കുള്ള ഒരു കാലത്താണു ഹലീമാ ബീവി പല പത്രങ്ങളുടെയും പത്രാധിപയും പ്രസാധകയുമാകുന്നത്‌ എന്നോർക്കണം.

ദക്ഷിണേന്ത്യയില്‍ ആദ്യത്തെ പ്രിന്റിംഗ് പ്രസ് ആരംഭിക്കുന്നതിനും ഒരു ദശകം മുമ്പ്, 1938-ല്‍ തിരുവല്ലയില്‍ ഒരു പ്രസിദ്ധീകരണമാരംഭിച്ച എഴുത്തുകാരിയാണ് ഹലീമാബീവി. 1938- മേടമാസത്തില്‍ ‘മുസ്ലീം വനിത’ എന്ന പേരില്‍ സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമാക്കി തിരുവല്ലയില്‍ നിന്നും ഹലീമാ ബീവി മാനേജിംഗ് എഡിറ്ററായി മാസികയുടെ പ്രസിദ്ധീകരണം ആരംഭിച്ചു. പിന്നീട് മാസികയുടെ പ്രസിദ്ധീകരണം പെരുമ്പാവൂരിലേക്ക് മാറ്റിയെങ്കിലും ഏജന്റുമാരുടെ നിസ്സഹകരണം, കെട്ടിട വാടകയുടെ വര്‍ധനവ്, ഭാരിച്ച അച്ചടിക്കൂലി എന്നിവ കാരണം തുടരാനായില്ല. എങ്കിലും തന്റെ പിന്‍ഗാമികളായി വരുന്ന സ്ത്രീ സമൂഹത്തിന്റെ പതര്‍ച്ചയും ഇടര്‍ച്ചയുമായിരിക്കും താന്‍ അടിയറവ് പറഞ്ഞാല്‍ ഉണ്ടാവുകയെന്നറിഞ്ഞ അവര്‍ ‘ഭാരത ചന്ദ്രിക’ എന്ന വാരികയിലൂടെ വീണ്ടും പ്രത്യക്ഷപ്പെട്ടു.

1945-48 വര്‍ഷങ്ങളില്‍ അവരുടെ പത്രാധിപത്യത്തില്‍ തിരുവല്ലയില്‍ നിന്ന് പ്രസിദ്ധപ്പെടുത്തിയ ആഴ്ചപ്പതിപ്പാണ് ‘ഭാരത ചന്ദ്രിക’. ഹലീമാ ബീവി മാനേജിംഗ് എഡിറ്ററായ പത്രത്തില്‍ വൈക്കം മുഹമ്മദ് ബഷീര്‍,വക്കം അബ്ദുല്‍ ഖാദിര്‍ എന്നീ പ്രമുഖര്‍ സഹ പത്രാധിപരായിരുന്നു.

‘ഭാരത ചന്ദ്രിക’ യില്‍ വൈക്കം മുഹമ്മദ് ബഷീര്‍ ഒന്നര വര്‍ഷത്തോളം ജോലി ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ പല കഥകളും ലേഖനങ്ങളും അതില്‍ അച്ചടിച്ചുവന്നു. സാഹിത്യത്തിനു പ്രാധാന്യം നല്‍കിയ ‘ഭാരത ചന്ദ്രിക’യില്‍ മലയാള സാഹിത്യത്തിന് സംഭാവനകള്‍ നല്‍കിയവരും കേരളീയ സാംസ്‌കാരിക പൊതുബോധം ആദരിച്ചവരുമായ പലരും എഴുതി. ചങ്ങമ്പുഴ, ബാലാമണിയമ്മ, ഗുപ്തന്‍ നായര്‍, ഒ.ന്‍.വി കുറുപ്പ്, പി.എ സെയ്തു മുഹമ്മദ്, പൊന്‍കുന്നം വര്‍ക്കി എന്നിവര്‍ അവരില്‍ പ്രധാനികളായിരുന്നു. ബഷീറിന്റെ നിലാവെളിച്ചം, വിശുദ്ധ രോമം, പാത്തുമ്മയുടെ ആട് തുടങ്ങിയവ ആദ്യം വെളിച്ചത്തുവന്നത് ഹലീമാ ബീവിയുടെ ‘ഭാരത ചന്ദ്രിക’യിലൂടെയാണ്.

ഒരു വര്‍ഷത്തിനു ശേഷം ‘ഭാരത ചന്ദ്രിക’ ആഴ്ചപ്പതിപ്പ് മുഹമ്മദ് ബഷീറിന്റെയും വക്കം അബ്ദുല്‍ ഖാദറിന്റെയും പ്രോത്സാഹനത്തോടെ ദിനപത്രമായി മാറിയെങ്കിലും സര്‍.സി.പിയുടെ അതിക്രമങ്ങള്‍ക്കെതിരെ കടുത്തഭാഷയില്‍ പ്രതികരിച്ചതിനാല്‍ പിടിച്ചുനില്‍ക്കാനായില്ല. തനിക്കനുകൂലമായി എഴുതിയാല്‍ ജപ്പാനില്‍ നിന്നുള്ള ആധുനിക പ്രിന്റിംഗ് മെഷീന്‍ വാങ്ങിത്തരാമെന്ന സര്‍ സിപിയുടെ വാഗ്ദാനം നിരസിച്ചതിനാല്‍ ഭര്‍ത്താവിന്റെ ടീച്ചിംഗ് ലൈസന്‍സ് റദ്ദാക്കി.

മധ്യ കേരളത്തിലെ എഴുത്തു പ്രമാണിമാര്‍ സര്‍ സി പിയുടെ ആജ്ഞാനുവര്‍ത്തികളായി ഓച്ഛാനിച്ചു നിന്നപ്പോഴും ഹലീമാ ബീവി ധൈര്യ സമേതം തന്റെ അച്ചുകൂടങ്ങളെ ചലിപ്പിക്കാന്‍ പാതിരാത്രിയിലും പ്രസ്സിലെത്തിയിരുന്നുവെന്നാണ് ചരിത്രം. മലയാള മനോരമ പത്രം  അടച്ചുപൂട്ടിയ സമയത്ത് കെ.എം. മാത്യുവിന് ലഘുലേഖകള്‍ അച്ചടിച്ചുകൊടുത്തതിന്റെ പേരില്‍ പോലീസ് പീഡനങ്ങള്‍ ഏറി. അതോടെ ഭാരത ചന്ദ്രിക പ്രിന്റേസ് ആന്റ് പബ്‌ളിക്കേഷന്‍സ് എന്ന പേരില്‍ പത്രമായ ‘ഭാരത ചന്ദ്രിക’ വാരിക കടുത്ത സാമ്പത്തിക വെല്ലുവിളി നേരിട്ടു. ഏജന്റുമാരില്‍ നിന്നും വരിസംഖ്യ പിരിക്കാന്‍ അവരോടൊപ്പം ഉമ്മയും മാഹി, കണ്ണൂര്‍ തലശ്ശേരി എന്നിവിടങ്ങളില്‍ യാത്ര ചെയ്തു. പത്രവും പ്രസ്സും അന്യാധീനപ്പെടുന്ന അവസ്ഥയുണ്ടായപ്പോള്‍ വീടും പറമ്പും വിറ്റ് കടം വീട്ടുകയാണ് ചെയ്തത്.

1970-ല്‍ ‘ആധുനിക വനിത’ എന്ന പേരില്‍ വീണ്ടും  ഒരു മാസിക അവര്‍ പുറത്തിറക്കിയിരുന്നു. സഹപത്രാധിപരെല്ലാം സ്ത്രീകളായിരുന്നു. മാനേജിംഗ് എഡിറ്റര്‍ എം. ഹലീമാ ബീവിയും ഫിലോമിന കുര്യന്‍ എം.എ, ബേബി ജെ മൂരിക്കല്‍ ബി.എ, ബി സുധാ ബി.എ, കെ.കെ കമലാക്ഷി എം. എസ്. സ്സി, എം റഹ്മാ ബീഗം എം.എസ്.സ്സി തുടങ്ങിയവരായിരുന്നു പത്രാധിപ സമിതിയംഗങ്ങള്‍. സ്ത്രീ വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ചായിരുന്നു ആധുനിക വനിതയിലൂടെ എഴുതിയത്. ‘ആധുനിക വനിത’ മാസികയില്‍ ‘ആശയം’ എന്ന പേരില്‍ ഒരു ചോദ്യോത്തര പംക്തി മകന്‍ അഷ്‌റഫ് ചെയ്തുവെന്നതൊഴിച്ചാല്‍ മറ്റു പേജുകളില്‍ എഴുതിയവരെല്ലാം സ്ത്രീകളായിരുന്നു.

രണ്ടായിരത്തിൽ  82-ാം വയസിലാണ് ഹലീമാ ബീവി അന്തരിച്ചത്. നാല് സഹോദരങ്ങളുണ്ടായിരുന്നു ഹലീമാബീവിക്ക്, രണ്ട് പെണ്ണും രണ്ട് ആണും. ഹലീമാബീവിയുടെ ഏഴു മക്കളില്‍ രണ്ടുപേര്‍ ചെറുപ്പത്തില്‍ മരണപ്പെട്ടു. മൂത്തമകള്‍ നഫീസാബീവി 2011-ലാണ് മരിച്ചത്. രണ്ടാമത്തെ മകള്‍, മികച്ച അധ്യാപികക്കുള്ള അവാര്‍ഡ് ജേതാവും തിരൂര്‍ ബോയ്‌സ് ഹൈസ്‌കൂള്‍ റിട്ടയേര്‍ഡ് ഹെഡ്മിസ്ട്രസും തിരൂര്‍ നഗരസഭാ കൗണ്‍സിലറുമായിരുന്ന അന്‍സാര്‍ ബീഗം. മൂന്നാമത്തെ മകള്‍ പരീക്കണ്ണി യു.പി സ്‌കൂള്‍ റിട്ട. ഹെഡ്മിസ്ട്രസ് ജമീല ബീവി. തിരുവനന്തപുരം സിഡ്‌കൊ ജനറല്‍ മാനേജറായിരുന്ന മകന്‍ മുഹമ്മദ് അഷ്‌റഫ് 2006-ല്‍ മരണപ്പെട്ടു.

കേരളത്തിലെ മുസ്ലീം സമുദായത്തിലെ സ്ത്രീ മുന്നേറ്റത്തിന്റെ തന്നെ പ്രതീകമാണ് ഹലീമ ബീവി. പത്ര മുതലാളിമാര്‍ സര്‍ സിപിക്കു മുന്നില്‍ ഓച്ഛാനിച്ചു നിന്ന് പില്‍ക്കാലത്ത് ബഹുമതികളും പെന്‍ഷനും വാങ്ങിയപ്പോള്‍ തിരസ്‌കരണത്തിലും കടുത്ത പട്ടിണിയിലും പൊരുതി നിന്നതും പത്രപ്രവര്‍ത്തന ചരിത്രത്തില്‍ അവര്‍ നടത്തിയ പ്രസിദ്ധീകരണങ്ങളെയും സമുദായവും സര്‍ക്കാറുകളും സ്ത്രീശാക്തീകരണ വാദികളും വേണ്ടത്ര ഗൗനിച്ചില്ലായെന്നതാണ് ചരിത്രം. കേരളീയ നവോത്ഥാന രംഗത്ത് ഉജ്ജ്വല നേതൃത്വം നല്കിയ ഹലീമാബീവിയുടെ നാമം പോലും നമുക്ക് അപരിചിതമാണെന്നത് ചരിത്രം അവരോട് ചെയ്ത നീതികേടാണ്‌.

”ആധുനിക വനിതക്കുവേണ്ടി ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുന്ന ചുറുചുറുക്കും തന്റേടവുമുള്ള യുവതികള്‍ പത്രാധിപ സമിതിയിലും പുറത്തും ഉണ്ട്. അവരുടെ പ്രവര്‍ത്തന ശേഷിയും തന്മൂലം ലഭിക്കുന്ന സഹായ സഹകരണങ്ങളുമാണ് ഞങ്ങളുടെ നിലനില്‍പ്പിനു ആധാരം. കേരളത്തിലെ കാര്യശേഷിയുള്ള സ്ത്രീകളുടെ ചുറുചുറുക്കുള്ള പ്രവര്‍ത്തന ചാതുര്യം പ്രയോജനപരമായ പാതയിലൂടെ തിരിച്ചുവിട്ട് അവരെ രാജ്യത്തിന്റെ അമൂല്യ സമ്പത്തുകളാക്കി മാറ്റാന്‍ ആധുനിക വനിതക്ക് അങ്ങേയറ്റത്തെ ആഗ്രഹമുണ്ട്. അതിനുള്ള പല പദ്ധതികളും ഞങ്ങള്‍ അണിയറയില്‍ രൂപപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഈ പരിപാടികള്‍ നടപ്പിലാക്കുന്നതോടുകൂടി കേരളീയ വനിതകളുടെ ഇടയില്‍ അഭൂതപൂര്‍വമായ ഉണര്‍വും ഉന്മേഷവും ഉണ്ടാക്കുന്നതിനും ഭാരതത്തിന്റെ മുഴുവന്‍ ശ്രദ്ധയും മലയാള മങ്കമാരുടെ ഈ നൂതന സംരഭങ്ങളിലേക്ക് ആകര്‍ഷിക്കുന്നതിനും സാധ്യമാകും എന്ന് ന്യായമായും ഞാന്‍ പ്രതീക്ഷിക്കുന്നു.”(‘ആധുനിക വനിത’1970 ജൂണ്‍-പുസ്തകം 1 ലക്കം 1)

Leave a Reply

Your email address will not be published. Required fields are marked *