കോഴിക്കോട്:
സിമന്റ് വില കുത്തനെ വര്‍ധിപ്പിച്ചതിനെതിരേ സംസ്ഥാന വ്യാപകമായി സിമന്റ് വില്‍പന നിര്‍ത്തിവയ്ക്കാന്‍ നിര്‍മാണ വ്യാപാരമേഖലയിലെ സംഘടനകളുടെ സംയുക്ത യോഗത്തില്‍ തീരുമാനം. വിലവര്‍ധനവ് നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട സര്‍ക്കാറിന് ഒരുമാസം സമയം നല്‍കും. അതിനിടയില്‍ അനുകൂല തീരുമാനങ്ങളുണ്ടായില്ലെങ്കില്‍ വില്‍പന നിര്‍ത്തി വെച്ച് നിര്‍മാണ മേഖലയെ സ്തംഭിപ്പിക്കുന്ന തീരുമാനങ്ങളെടുക്കുമെന്നും സംഘടനാ പ്രതിനിധികള്‍ കോഴിക്കോട്ട് നടത്തിയ പത്ര സമ്മേളനത്തില്‍ പറഞ്ഞു.
സിമന്റ് വിലനിയന്ത്രണം സര്‍ക്കാര്‍ ഏറ്റെടുക്കുന്നതുവരെ പ്രതിഷേധവുമായി മുന്നോട്ടു പോവും. ഇതിന്റെ ഭാഗമായി കമ്പനികളില്‍ നിന്ന് സിമന്റ് വാങ്ങുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ വ്യക്തമമാക്കി. സിമന്റ് ഡീലേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍, ബില്‍ഡേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ, ലെന്‍സ് ഫെഡ്, കേരള ഗവ. കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍, സി.ഡബ്ല്യു.എസ്.എ, കാലിക്കറ്റ് ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി, വ്യാപാരി വ്യവസായി ഏകോപനസമിതി തുടങ്ങി സിമന്റ് വ്യവസായ മേഖലയുമായി ബന്ധപ്പെട്ട സംഘടനകളാണ് സംയുക്തമായി വിലവര്‍ധനവിനെതിരേ രംഗത്തെത്തിയത്.
രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സിമന്റ്വിലയാണിപ്പോള്‍ സംസ്ഥാനത്തുള്ളത്. ഇക്കഴിഞ്ഞ ഒന്നു മുതല്‍ 40-50 രൂപയാണ് സിമന്റിന് വര്‍ധിപ്പിച്ചത്. അടുത്ത 10 മുതല്‍ വീണ്ടും വിലവര്‍ധിപ്പിക്കാനാണ് സിമന്റ് കമ്പനികള്‍ തീരുമാനിച്ചിരിക്കുന്നത്. അതേസമയം സിമന്റ് ഉത്പാദിപ്പിക്കുന്ന മറ്റു സംസ്ഥാനങ്ങളിലൊന്നും തന്നെ ഇത്രയും വിലവര്‍ധനവുണ്ടായിട്ടില്ല. സംസ്ഥാനത്തെ വിപണിയേയും വ്യാപാര-നിര്‍മാണമേഖലയേയും പ്രതിസന്ധിയിലാക്കും വിധത്തിലാണ് ഈ വര്‍ധനവുണ്ടായിട്ടുള്ളത്.
ഉത്പാദന ചെലവുകളോ ഗതാഗത ചെലവുകളോ ഒന്നും തന്നെ മാറ്റമില്ലാത്ത സാഹചര്യത്തില്‍ അകാരണമായി വിലവര്‍ധിപ്പിച്ചത് സിമന്റ് കമ്പനിയുടെ താത്പര്യപ്രകാരം മാത്രമാണ്. ഇക്കാര്യത്തില്‍ സര്‍ക്കാറും വേണ്ട രീതിയില്‍ ഇടപെടുന്നില്ല. വിലവര്‍ധനവ് പ്രളയാനന്തര നിര്‍മാണത്തേയും ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികളേയും പ്രതികൂലമായി ബാധിക്കും. സംസ്ഥാനത്ത് 30 ശതമാനം സിമന്റുകള്‍ ഉപയോഗിക്കുന്നത് സർക്കാർ മേഖലയിലാണ്. അതിനാല്‍ വിലവര്‍ധനവ് സര്‍ക്കാറിനേയും നേരിട്ട് ബാധിക്കുന്നുണ്ട്.
പൊതുമേഖലാ സ്ഥാപനമായ മലബാര്‍ സിമന്റ്‌സ് പോലും ഇപ്പോള്‍ വിലവര്‍ധിപ്പിച്ചിരിക്കുകയാണ്. വിലനിയന്ത്രിക്കുന്നതിന് റെഗുലേറ്ററിബോര്‍ഡ് വേണമെന്ന ആവശ്യപോലും പരഗിണിക്കാന്‍ സര്‍ക്കാര്‍ ഇതുവരേയും തയാറായിട്ടില്ല. സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്ത പക്ഷം കോംപിറ്റേഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയെ വീണ്ടും സമീപിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും പ്രതിനിധികള്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ സിമന്റ് ഡീലേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് സിറാജുദ്ദീന്‍ ഇല്ലത്തൊടി, സെക്രട്ടറി ടോണി തോമസ്, കാലിക്കറ്റ് ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി പ്രസിഡന്റ് സുബൈര്‍ കൊളക്കാടന്‍, എ.കെ.രതീഷ്, സതീഷ്‌കുമാര്‍, കെ.കെ.വിജയരാജന്‍, സി.ജയറാം, അരുണ്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.