Thu. Mar 28th, 2024

കോഴിക്കോട്:

മംഗലാപുരം-നാഗര്‍കോവില്‍ പരശുറാം എക്സ്‌പ്രസ്സിൽ കോച്ചുകള്‍ വെട്ടിക്കുറച്ച് വീണ്ടും റെയില്‍വേയുടെ പരീക്ഷണം. നേരത്തെയുണ്ടായിരുന്ന ജനറല്‍ കോച്ചുകള്‍ കുറച്ച് പകരം റിസര്‍വേഷന്‍ കോച്ചാക്കിയാണ് റെയില്‍വേയുടെ പരീക്ഷണം.

യാത്രക്കാരുടെ തിരക്ക് കാരണം കഴിഞ്ഞ ആഴ്ച മുതല്‍ 22 കോച്ചുകളുമായിട്ടായിരുന്നു പരശുറാം സര്‍വ്വീസ് നടത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ അത് വീണ്ടും 21 കോച്ചുകള്‍ ആക്കി ചുരുക്കുകയും അതില്‍ത്തന്നെ നിലവില്‍ ഉള്ള ഒരു ജനറല്‍ കോച്ചിന് പകരം ഒന്ന് റിസര്‍വേഷന്‍ കോച്ചാക്കി മാറ്റുകയുമാണ് ചെയ്തിരിക്കുന്നത്. നിലവില്‍ മൂന്നു വീതം എ.സി, ഡി റിസര്‍വേഷന്‍ കോച്ചുകള്‍ നിലനില്‍ക്കെയാണ് ജനറല്‍ കോച്ചുകള്‍ വെട്ടിമാറ്റി പകരം ഒരു ഡി റിസര്‍വേഷന്‍ കോച്ചുകൂടി കൊണ്ടുവന്നത്.

മലബാറില്‍ ഏറ്റവും രൂക്ഷമായ യാത്രാത്തിരക്ക് അനുഭവപ്പെടുന്ന ട്രെയിനാണ് പരശുറാം എക്സ്‌പ്രസ്. പൂര്‍ണ്ണമായും ജനറല്‍ കോച്ചുകള്‍ മാത്രം ഉള്‍പ്പെടുത്തിയാല്‍ പോലും നിയന്ത്രിക്കാനാവാത്ത തിരക്കാണ് മിക്ക ദിവസങ്ങളിലും പരശുറാമില്‍ അനുഭവപ്പെടാറുള്ളത്. രാവിലെ ഏഴരക്ക് കണ്ണൂര്‍ എത്തുമ്പോള്‍ത്തന്നെ പരശുറാം സൂചി കുത്താന്‍ ഇടമില്ലാത്ത വിധം തിരക്കായിട്ടുണ്ടാകും. വടകരയും കൊയിലാണ്ടിയും എത്തിയാല്‍ പല യാത്രക്കാരും തൂങ്ങിപ്പിടിച്ചാണ് ഇതില്‍ യാത്ര ചെയ്യുന്നത്.

രാവിലെ ഒന്‍പതിന് കോഴിക്കോട് എത്തുന്ന പരശുറാം എക്സ്‌പ്രസ് കഴിഞ്ഞാല്‍ പിന്നെ അടുത്ത ട്രെയിന്‍ കോഴിക്കോട് എത്തുന്നത് 10:55 നാണ് അതിനാല്‍ തന്നെ ഉദ്യോഗസ്ഥരും വിദ്യാര്‍ത്ഥികളുമടക്കം നിരവധി യാത്രക്കാര്‍ ഏറെ ദുരിതം സഹിച്ചാണ് ഇതില്‍ യാത്ര ചെയ്യുന്നത്.

രൂക്ഷമായ തിരക്ക് അനുഭവപ്പെടുന്ന സമയങ്ങളില്‍ കൂടുതല്‍ ജനറല്‍ കോച്ചുകള്‍ അനുവദിക്കേണ്ട റെയില്‍വേ ഉള്ള കോച്ചുകള്‍ തന്നെ വെട്ടിക്കുറച്ച നടപടി യാത്രക്കാരോടുള്ള വെല്ലുവിളിയാണെന്ന് യാത്രക്കാരുടെ സംഘടനായ മലബാര്‍ ട്രെയിന്‍ പാസഞ്ചേഴ്‌സ് ഫോറം (എം.ടി.പി.എഫ് ) ഭാരവാഹികള്‍ പറഞ്ഞു.

ജനറല്‍ കോച്ചുകള്‍ കുറച്ച് യാത്രക്കാരുടെ ദുരിതം ഇരട്ടിയാക്കുകയാണെങ്കില്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് മലബാര്‍ ട്രെയിന്‍ പാസഞ്ചേഴ്‌സ് ഫോറം ഭാരവാഹികളായ എം.പി അബ്ദുല്‍ കരീം, പി.കെ.സി ഫൈസല്‍, ഫൈസല്‍ ചെള്ളത്ത് എന്നിവര്‍ അറിയിച്ചു. നേരത്തെ ഇതേപോലെ ജനറല്‍ കോച്ചുകള്‍ കുറച്ച സംഭവത്തിനെതിരെ എം.ടി.പി.എഫ് പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുകയും അധികാരികള്‍ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *