Sun. Dec 22nd, 2024

തിരുവനന്തപുരം:

ലോകസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സീറ്റ് വിഭജന ചര്‍ച്ചകള്‍ ഇന്നു തുടങ്ങാന്‍ സി പി എം സംസ്ഥാന സമിതി യോഗം തീരുമാനിച്ചു. 11-ന് എല്‍ ഡി എഫ് യോഗം ചേരുന്നതിന് മുമ്പായി ഘടകകക്ഷികളുമായി ചര്‍ച്ച നടത്താനാണ് തീരുമാനം.

പതിനഞ്ച് സീറ്റില്‍ സി പി എമ്മും നാലിടത്ത് സി പി ഐയും ഒരിടത്ത് ജനതാദള്‍ എസുമാണ് കഴിഞ്ഞ തവണ മത്സരിച്ചത്. ജനാധിപത്യ കേരളാ കോണ്‍ഗ്രസും ലോൿതാന്ത്രിക് ജനതാദളും മുന്നണിയുടെ ഭാഗമായ സാഹചര്യത്തില്‍ ഇവരും സീറ്റിനായി അവകാശവാദം ഉന്നയിക്കുന്ന സാഹചര്യത്തിലാണ് ഉഭയകക്ഷി ചര്‍ച്ച. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനൊപ്പം തന്നെ സീറ്റ് വിഭജനവും സ്ഥാനാര്‍ഥി നിര്‍ണ്ണയവും പൂര്‍ത്തിയാക്കുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു.

അഭിപ്രായ സര്‍വേകള്‍ യു ഡി എഫിനാണ് വിജയം പ്രവചിക്കുന്നതെങ്കിലും എല്‍ ഡി എഫിന് മുന്നേറ്റം നടത്താന്‍ കഴിയുന്ന സാഹചര്യമാണുള്ളത്. ബി ജെ പി സര്‍ക്കാറിനെതിരായ ശക്തമായ പ്രതിഷേധം ദേശീയതലത്തിലേതു പോലെ കേരളത്തിലും പ്രതിഫലിക്കുമെന്നും കോടിയേരി പറഞ്ഞു. ബി ജെ പിയെ അധികാരത്തില്‍ നിന്ന് പുറത്താക്കി ഒരു മതനിരപേക്ഷ സഖ്യത്തെ അധികാരത്തില്‍ കൊണ്ടുവരണം. അതിന് ഇടതുപക്ഷത്തിന്റെ അംഗസംഖ്യ വര്‍ധിപ്പിക്കണമെന്ന ലക്ഷ്യത്തോടുകൂടി അനുകൂല വിധി എഴുതണമെന്ന അഭ്യര്‍ഥനയാണ് കേരളത്തിലെ ജനങ്ങള്‍ക്കു മുന്നില്‍ ഇടതുമുന്നണി അവതരിപ്പിക്കുക.

മാര്‍ച്ച് രണ്ടിന് തൃശൂരില്‍ നടക്കുന്ന എല്‍ ഡി എഫ് പ്രചാരണ ജാഥാ സമാപനത്തിന്റെ ഭാഗമായി ജില്ല കേന്ദ്രീകരിച്ച റാലിയോടെ കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമാകും. എപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നാലും നേരിടാന്‍ ഇടതുമുന്നണി സജ്ജമാണ്.

ഇടതുമുന്നണി ആത്മവിശ്വാസത്തോടെയാണ് കേരളത്തില്‍ പ്രവര്‍ത്തിക്കുക. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം നടന്ന പല തിരഞ്ഞെടുപ്പുകളിലും എല്‍ ഡി എഫിന് വന്‍ മുന്നേറ്റമാണ് ഉണ്ടായത്. മലപ്പുറം ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ മുമ്പ് ലഭിച്ചതിനേക്കാള്‍ ഒരു ലക്ഷത്തില്‍പ്പരം വോട്ടാണ് കൂടുതല്‍ ലഭിച്ചത്. വേങ്ങര ഉപതിരഞ്ഞെടുപ്പിലും കൂടുതല്‍ വോട്ട് ലഭിച്ചു. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിലും ചരിത്ര വിജയമാണ് നേടിയത്. തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന 13 ഘട്ടത്തിലും ഇടതുപക്ഷ മുന്നണിക്കാണ് മുന്‍കൈയുണ്ടായിരുന്നത്. ഇതു നിലനിര്‍ത്തി മുന്നോട്ടുപോകാന്‍ കഴിഞ്ഞാല്‍ നല്ല വിജയം ഇത്തവണ ഉണ്ടാക്കാന്‍ കഴിയുമെന്ന് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി വിലയിരുത്തിയതായും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *