ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാന ഐസിസി ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത്. ന്യൂസിലാന്‍ഡില്‍ സമാപിച്ച ഏകദിന പരമ്പരയില്‍ സെഞ്ച്വറിയും 90 റണ്‍സും ഉള്‍പ്പെടെ തകര്‍പ്പന്‍ പ്രകടനമാണ് മന്ദാന പുറത്തെടുത്തത്. ബാറ്റിങ്ങില്‍ ഓസ്‌ട്രേലിയന്‍ താരങ്ങളായ എല്ലിസ് പെറി, മെഗ് ലാനിങ് എന്നിവരാണ് മന്ദാനയ്ക്ക് പിന്നില്‍ രണ്ടും മൂന്നും സ്ഥാനത്തുള്ളത്.
അതേസമയം ഇന്ത്യന്‍ സൂപ്പർ താരം മിതാലി രാജ് ഒരു സ്ഥാനം താഴോട്ടിറങ്ങി അഞ്ചാം റാങ്കിലാണ്. ഏകദിന മത്സരങ്ങളിലെ സ്ഥിരതയാര്‍ന്ന പ്രകടനമാണ് മന്ദാനയ്ക്ക് തുണയായത്. 2018 ല്‍ കളിച്ച 15 ഏകദിന മത്സരങ്ങളില്‍ രണ്ട് സെഞ്ച്വറികളും എട്ട് അര്‍ധസെഞ്ച്വറികളും താരം നേടിയിരുന്നു.
മറ്റൊരു ഇന്ത്യന്‍ താരം ജമീമ റോഡ്രിഗസ് 64 സ്ഥാനങ്ങളാണ് മുന്നോട്ട് കുതിച്ചത്. കഴിഞ്ഞ മാര്‍ച്ചില്‍ അരങ്ങേറ്റം നടത്തിയശേഷം കേവലം ഏഴ് മത്സരങ്ങള്‍ മാത്രമാണ് ജമീമ കളിച്ചത്. നിലവില്‍ 61-ാം റാങ്കിലാണ് ജമീമ.
ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ഇന്ത്യയുടെ പൂനം യാദവ്, ദീപ്തി ശര്‍മ്മ എന്നിവര്‍ യഥാക്രമം എട്ട്, ഒമ്പത് സ്ഥാനങ്ങളിലാണ്. ന്യൂസിലന്‍ഡ് പരമ്പരയില്‍ മികച്ച സ്പിന്നറായ പൂനം യാദവ് ആറു വിക്കറ്റുകളാണ് നേടിയത്.
നേരത്തെ 2018 ലെ ഐ.സി.സിയുടെ മികച്ച വനിതാ ക്രിക്കറ്റ് താരത്തിനുള്ള പുരസ്‌കാരവും ഏകദിന ക്രിക്കറ്റ് താരത്തിനുള്ള അവാർഡും സ്മൃതി മന്ദാനയ്ക്കായിരുന്നു.