Mon. Dec 23rd, 2024

കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് അടച്ചു പൂട്ടലിന്റെ വക്കിലെത്തിയ ജെറ്റ് എയർ വെയ്‌സിന്റെ ബാധ്യതകൾ ഇത്തിഹാദ്‌ എയർലൈൻസ് ഏറ്റെടുക്കും. അതോടെ ഇപ്പോൾ തന്നെ ജെറ്റിൽ 24 ശതമാനം ഓഹരി പങ്കാളിത്തമുള്ള ഇത്തിഹാദിന്റെ ഓഹരി 40 ശതമാനമായി ഉയരും. യു.എ.ഇ രാജകുടുബങ്ങങ്ങളുമായി അടുത്ത ബന്ധം പുലർത്തുന്ന മലയാളി വ്യവസായി എം.എ യൂസഫലിയാണ് ഇത്തിഹാദുമായി ചർച്ചകൾക്ക് മുൻകൈ എടുത്തത്. ഇത് സംബന്ധിച്ച് ഇരു കമ്പനികളും ഉടൻ ധാരണാപത്രം ഒപ്പു വെയ്ക്കും.

50 കോടി ഡോളറെങ്കിലും കണ്ടെത്തിയില്ലെങ്കിൽ അടച്ചു പൂട്ടേണ്ട സ്ഥിതിയിൽ ആയിരുന്നു ജെറ്റ് എയർ. ലീസിനെടുത്ത വിമാനങ്ങളുടെ തിരിച്ചടവും, പൈലറ്റുമാർ ഉൾപ്പെടെയുള്ളവരുടെ ശമ്പളകുടിശികയും ഭീമമായി ഉയർന്നു കരകയറാനാകാതെ നിൽക്കുകയായിരുന്നു ഇന്ത്യയിൽ സ്വകാര്യ മേഖലയിലെ ഏറ്റവും പ്രമുഖ വിമാനക്കമ്പനി.

ജനുവരിക്ക് ശേഷം ജെറ്റിന്റെ ഓഹരികളില്‍ 66 ശതമാനം ഇടിവാണ് നേരിട്ടത്. വായ്പകള്‍ തിരിച്ചടയ്ക്കാത്തതിനാല്‍ റേറ്റിങ് ഏജന്‍സിയായ ഐസിആര്‍എ, കമ്പനിയെ ബി ഗ്രേഡിലേക്ക് തരംതാഴ്ത്തി. ഇതോടെ ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ ജെറ്റ് എയര്‍വേയ്സിന് വായ്പ നൽകുന്നതിൽ നിന്നും പിന്നോക്കം പോയിരുന്നു.

അടുത്തമാസം ഓഹരിയുടമകളോട് ഡെറ്റ്-ഇക്വിറ്റി സ്വാപ് നടത്താനുള്ള അനുമതി തേടുമെന്നാണ് ജെറ്റ് അറിയിച്ചിരിക്കുന്നത്. ഇതിനൊപ്പം കൂടുതൽ ഫണ്ട് സ്വരൂപിക്കാനും ബാങ്കുകൾ നോമിനേറ്റ് ചെയ്യുന്ന ഒരു വ്യക്തിയെ കമ്പനിയുടെ ബോർഡിൽ ഉൾപ്പെടുത്താനുമുള്ള അനുമതി തേടും.അതോടെ ജെറ്റ് എയർവേയ്സിന്റെ 15 ശതമാനം ഓഹരി എസ്.ബി.ഐയ്ക്ക് മാത്രം ലഭിക്കുമെന്നാണ് റിപ്പോർട്ട്. ഡെറ്റ്-ഇക്വിറ്റി സ്വാപ് നടപ്പായാൽ, ബാങ്കുകളെല്ലാം കൂടി 30 ശതമാനം ഓഹരി നേടും.

ഓഹരികൾ നഷ്ടപ്പെടുന്നതോടെ ഇത്തിഹാദും, ബാങ്കുകളും മുന്നോട്ടു വെക്കുന്ന കർശന വ്യവസ്ഥകളെല്ലാം ജെറ്റ് അംഗീകരിക്കേണ്ടി വരും. ഇത്തിഹാദ് മുന്നോട്ട് വച്ച ഭൂരിഭാഗം വ്യവസ്ഥകളും ജെറ്റ് എയർവെയ്സ് ഇതിനകം അംഗീകരിച്ചിട്ടുണ്ട്. ജെറ്റ് എയർവെയ്സ് സ്ഥാപക ചെയർമാൻ നരേഷ് ഗോയലിനു സ്ഥാന നഷ്ടം സംഭവിക്കുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന സൂചനകൾ.

Leave a Reply

Your email address will not be published. Required fields are marked *