Fri. Apr 26th, 2024

കോഴിക്കോട്:

കേന്ദ്ര ബജറ്റിലും നിരാശയോടെ മലബാറുകാർ വര്‍ഷങ്ങളായിട്ടുള്ള എയിംസ് എന്ന ആവശ്യത്തിന് ഇത്തവണയും അവഗണന മാത്രം. എയിംസിനേയും വൈറോളജി ലാബിനെയും കുറിച്ച് കേന്ദ്ര ബജറ്റില്‍ പ്രഖ്യാപനങ്ങളില്ല. കോഴിക്കോട് ജില്ലയില്‍ നിപ പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തിലാണ് എയിംസും വൈറോളജി ലാബും വേണമെന്ന് ആവശ്യം കൂടുതല്‍ ശക്തമായത്.

കോഴിക്കോട് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്(എയിംസ്) വരുമെന്ന് കഴിഞ്ഞ വര്‍ഷം തന്നെ കേന്ദ്രസർക്കാർ ഉറപ്പുനല്‍കിയിരുന്നു. ഈ കേന്ദ്ര സർക്കാരിന്റെ കാലാവധി തീരും മുമ്പേ എയിംസ് അനുവദിക്കുമെന്നായിരുന്നു വാഗ്ദാനം. ഇതിനായി കോഴിക്കോട്ട് സംസ്ഥാന സര്‍ക്കാര്‍ സ്ഥലം കണ്ടെത്തുകയും ചെയ്തിരുന്നു. വൈദ്യപഠനത്തിനടക്കം വൻ‌കുതിപ്പിന് എംയിസിന്റെ വരവ് സഹായിക്കുമെന്നായിരുന്നു പ്രതീക്ഷ.

2018 ലെ ബജറ്റിൽ തെലങ്കാനയ്ക്ക് എയിംസ് അനുവദിച്ചതോടെയാണ് ഇത്തവണത്തെ ബജറ്റില്‍ കേരളത്തിന് സാധ്യതയുണ്ടാവുമെന്ന് പ്രതീക്ഷിച്ചത്. ആരോഗ്യകുടുംബക്ഷേമ കാര്യങ്ങൾക്കുള്ള കേന്ദ്ര പാർലമെന്ററി സമിതിയിൽ എയിംസിനുള്ള ആവശ്യം ജനപ്രതിനിധികൾ നിരന്തരം ഉന്നയിച്ചിരുന്നു.

സംസ്ഥാനത്ത് അത്യാധുനിക ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളുടെ അപര്യാപ്തത കഴിഞ്ഞ വര്‍ഷം നിപ വൈറസ് ബാധയിലൂടെ വ്യക്തമായതാണ്. ഓരോ പരിശോധനയ്ക്കും മണിപ്പാൽ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിനെയാണ് ആശ്രയിച്ചിരുന്നത്. നേരത്തെ തന്നെ ആലപ്പുഴയില്‍ ആരംഭിക്കാനിരുന്ന വൈറോളജി ലാബും ഇതുവരെ ആയിട്ടില്ല.

കേന്ദ്ര സർക്കാരിന്റെ ഇടക്കാല ബജറ്റിൽ കേരളത്തിൽ എയിംസ് സ്ഥാപിക്കുന്ന വിഷയമുൾപ്പെടെ പൂർണ്ണ അവഗണനയാണ് കാണിച്ചതെന്ന് എം.കെ രാഘവന്‍ എം.പി. പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *