Thu. Apr 25th, 2024
ന്യൂഡൽഹി:

രാജ്യത്തെ തൊഴിലില്ലായ്മ 45 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലെന്ന് ദേശീയ സാമ്പിൾ സർവേ ഓഫീസിന്റെ (എൻ.എസ്.എസ്.ഒ) റിപ്പോർട്ട്. കേന്ദ്ര സർക്കാർ മറച്ചു വച്ച എൻ.എസ്.എസ്.ഒ റിപ്പോർട്ടിൽ 2017-18 കാലഘട്ടത്തിൽ തൊഴിലില്ലായ്മ നിരക്ക് 6.1 ശതമാനമായി ഉയർന്നുവെന്നും നാലു പതിറ്റാണ്ടിലെ ഏറ്റവും ഉയർന്ന നിരക്കാണിതെന്നും വ്യക്‌തമാക്കുന്നു.

1972-73 വർഷത്തിനുശേഷം ഉണ്ടായ ഏറ്റവും വലിയ തൊഴിലില്ലായ്മയാണ് എൻ.ഡി.എ ഭരണത്തിൻ കീഴിൽ ഉണ്ടായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. 2011-12 കാലത്തെ തൊഴിലില്ലായ്മ 2.2 ശതമാനമായിരുന്നു. കേന്ദ്രം ഇതുവരെയും പുറത്തുവിട്ടിട്ടില്ലാത്ത എൻ.എസ്.എസ്.ഒ യുടെ പീരിയോഡിക് ലേബർ ഫോഴ്സ് സർവ്വേയിൽ (പി.എൽ.എഫ്.എസ്) ആണ് ഇക്കാര്യങ്ങൾ പറയുന്നത്. ബിസിനസ്സ് സ്റ്റാൻഡേർഡ് ആണ് ഈ റിപ്പോർട്ട് പുറത്തു വിട്ടിരിക്കുന്നത്.

ദേശീയ സ്ഥിതിവിവര കമ്മീഷന്റെ (എൻ.എസ്.സി) അനുമതിയുണ്ടായിട്ടും പ്രസ്തുത റിപ്പോർട്ട് കേന്ദ്രം പുറത്തുവിട്ടില്ല എന്നാരോപിച്ച്‌ എൻ.എസ്.സിയിലെ ആക്ടിംഗ് ചെയർമാൻ അടക്കമുള്ള രണ്ട് അംഗങ്ങൾ തിങ്കളാഴ്ച രാജിവയ്ക്കുകയും തുടർന്ന് റിപ്പോർട്ട് വിവാദമാകുകയുമായിരുന്നു.

നഗരപ്രദേശങ്ങളിലെ തൊഴിലില്ലായ്മ ഗ്രാമങ്ങളെക്കാൾ ഉയർന്ന നിരക്കിൽ (7.8 ശതമാനം) ആണെന്നും ഗ്രാമീണ മേഖലയിൽ ഇത് 5.3 ശതമാനമാണെന്നും റിപ്പോർട്ടിൽ പറയുന്നു. യുവാക്കളിലെ തൊഴിലില്ലായ്മ നിരക്കിൽ മുൻ വർഷത്തെ അപേക്ഷിച്ച് റെക്കോർഡ് ഉയർച്ചയാണ് 2017-18 ൽ ഉണ്ടായിട്ടുള്ളത്. ഇത് മൊത്തം ജനസംഖ്യയുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ ഉയർന്നതാണ്.

2017-18 ൽ‍ ഗ്രാമങ്ങളിലെ യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മ 17.4 ശതമാനമാണ്, 2011-12 ൽ‍ ഇത് 5.0 ശതമാനമായിരുന്നു. 2017-018 ൽ‍ നഗരങ്ങളിലെ യുവാക്കളുടെ തൊഴിലില്ലായ്മ നിരക്ക് 18.7 ശതമാനവും സ്ത്രീകളുടേത് 27.2 ശതമാനവും ആണ്. 2011-012 ൽ‍ യഥാക്രമം ഇത് 8.1 ശതമാനവും 13.1 ശതമാനവും ആയിരുന്നു. ഗ്രാമങ്ങളിൽ‍ സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്ക് 2017-18 ല്‍ 13.6 ശതമാനമാണ്, 2011-12 ല്‍ 4.8 ശതമാനവും.

തൊഴിലിൽ നിന്നും പുറത്താക്കപ്പെടുന്നവരുടെ എണ്ണവും മുൻ വർഷങ്ങളെ അപേക്ഷിച്ച് കൂടുതൽ ആണെന്ന് റിപ്പോർട്ടിൽ പറയുന്നു. തൊഴിലാളികളുടെ പങ്കാളിത്ത നിരക്ക് (LFPR) – തൊഴിൽ ചെയ്യുന്നതോ തൊഴിലന്വേഷിക്കുന്നതോ ആയ ജനസംഖ്യയുടെ ഒരു വിഭാഗം 2011-12 ൽ 39.5 ശതമാനം ആയിരുന്നെങ്കിൽ 2017-18 ആയപ്പോൾ 36.9 ശതമാനം ആയി ചുരുങ്ങി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഉള്ള സർക്കാർ, നവംബർ 2016 ൽ നോട്ടു നിരോധനം ഏർപ്പെടുത്തിയതിനു ശേഷം ഉള്ള സർക്കാർ ഏജൻസിയുടെ തന്നെ സമഗ്രമായ സർവ്വേ എന്ന നിലയിൽ ഈ റിപ്പോർട്ടിന് ഏറെ പ്രസക്തി ഉള്ളത്. നിലവിലെ സർക്കാരിന് മുൻപും പിൻപുമുളള കാലയളവിനെ കൃത്യമായി രേഖപ്പെടുത്തുന്നതാണ് ദേശീയ സ്ഥിതിവിവര കമ്മീഷന്റെ ഈ റിപ്പോർട്ട്.

Leave a Reply

Your email address will not be published. Required fields are marked *