വടകര മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് കൊല്ലപ്പെട്ട ആർഎംപി ഐ നേതാവ് ടി പി ചന്ദ്രശേഖരൻ്റെ ഭാര്യ കെ കെ രമയാണ്. രമ മത്സരിക്കാന്‍ തീരുമാനിച്ചതോടെയാണ് വടകര മണ്ഡലം രാഷ്ട്രീയ പ്രാധാന്യമുള്ള മണ്ഡലമായി മാറിയത്. തെരഞ്ഞെടുപ്പിലെ ജയ പരാജയങ്ങൾക്കപ്പുറം കൊലപാതക രാഷ്ട്രീയത്തിൻ്റെ ഭീകരതയെക്കുറിച്ചാണ് അവര്‍ ഓർമപ്പെടുത്തുന്നത്.
ഈ തെരഞ്ഞെടുപ്പിൽ മറ്റ് മണ്ഡലങ്ങളിലെ പോരാട്ടങ്ങളിൽ നിന്ന് വ്യത്യസ്തമാണ് വടകരയിലേത്. അവിടെ രമയുടെ സ്ഥാനാർത്ഥിത്വം ചർച്ചയാകുന്നത് കൊലപാതക രാഷ്ട്രീയത്തിൻ്റെ ഇരയായ ഒരാളുടെ സാന്നിധ്യം എന്ന നിലയ്ക്കാണ്. 51 വെട്ടുകളെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തല്‍.
എല്‍ജെഡി നേതാവായ മനയത്ത് ചന്ദ്രനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. 2016ല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആയിരുന്ന ജനതാ ദള്‍- എസിലെ സി കെ നാണു അന്ന് യുഡിഎഫിലായിരുന്ന മനയത്ത് ചന്ദ്രനെ തോല്‍പ്പിച്ചാണ് ഇവിടെ വിജയിച്ചത്. ഇത്തവണ എല്‍ജെഡി ഇടതുപക്ഷ മുന്നണിയിലാണ്. അവിടെ ആര്‍എംപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച രമ 20504 വോട്ട് നേടിയിരുന്നു. അവിടെ ബിജെപി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
കുടുംബങ്ങളെയും സമൂഹത്തെയും തകർക്കുന്ന കൊലപാതക- അക്രമ രാഷ്ട്രീയത്തെ കുറിച്ച് ചർച്ച ചെയ്യാൻ രമയുടെ സ്ഥാനാര്‍ത്ഥിത്വത്തിന് കഴിയുമോ എന്നതാണ് പ്രസക്തമായ ചോദ്യം. അതിന് കഴിയുമെങ്കിൽ കേവലം ഒരു സ്ഥാനാർത്ഥി എന്നതിനപ്പുറമുള്ള ദൗത്യം ഈ പോരാട്ടത്തിനുണ്ടാകും. അഥവ രമ വിജയിച്ചാൽ മറ്റേത് യുഡിഎഫ് സ്ഥാനാർത്ഥിയുടെ ജയത്തേക്കാളും തിളക്കമുള്ളതാകും അത്.