Sun. Nov 17th, 2024

കേരളം തെരഞ്ഞെടുപ്പ് ചൂടിലാണ്. ഏപ്രില്‍ ആറിന് നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് യുഡിഎഫിനും എല്‍ഡിഎഫിനും ഒരുപോലെ ഇത് അതിജീവന പോരാട്ടമാണ്. രണ്ട് മുന്നണികളുടെയും എന്‍ഡിഎയുടെയും സ്ഥാനാര്‍ത്ഥികളുടെ പട്ടികകള്‍ പുറത്ത് വന്നതോടെ 140 മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് പോരാട്ടം സജീവമായി.

തുടര്‍ഭരണത്തിലാണ് എല്‍ഡിഎഫിന്‍റെയും സിപിഎമ്മിന്‍റെയും പ്രതീക്ഷ. ഓഖിയും പ്രളയവും നിപ്പയും മറികടന്നതും കോവിഡ് കാലത്ത് തുടങ്ങിയ ഭക്ഷ്യ കിറ്റ് വിതരണവും ലൈഫ് മിഷനും സാമൂഹിക ക്ഷേമ പെൻഷനുകളും എല്ലാം ഭരണത്തുടർച്ചക്ക് വോട്ടായി മാറുമെന്നാണ് എൽഡിഎഫിൻ്റെ പ്രതീക്ഷ. തദ്ദേശ ഭരണ തെരഞ്ഞെടുപ്പിലെ നേട്ടവും തുടർ ഭരണ പ്രതീക്ഷക്ക് ആക്കം കൂട്ടുന്നു.

എന്നാല്‍ ഭരണമാറ്റത്തിലൂടെ അധികാരം പിടിച്ചെടുക്കുക എന്നതാണ് യുഡിഎഫ് ലക്ഷ്യമാക്കുന്നത്. 2019ലെ ലോക് സഭ തെരഞ്ഞെടുപ്പിൽ 20ൽ 19 സീറ്റുകളും നേടിയതാണ് യുഡിഎഫിൻ്റെയും കോൺഗ്രസിൻ്റെയും ആത്മവിശ്വാസം. നിയമസഭ തെരഞ്ഞെടുപ്പിലും അത് ആവർത്തിക്കാമെന്നാണ് അവരുടെ പ്രതീക്ഷ.

എന്നാൽ ലോക് സഭ തെരഞ്ഞെടുപ്പിലെ നേട്ടത്തിൻ്റെ തുടർച്ച നിലനിർത്താൻ കഴിയുമോ എന്ന ആശങ്കയും നേതൃത്വത്തിനുണ്ട്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ തുടര്‍ന്നുണ്ടായ പൊട്ടിത്തെറികള്‍ അനുകൂല സാഹചര്യങ്ങള്‍ക്ക് വിലങ്ങുതടിയായിട്ടുണ്ട്. ഇതെല്ലാം മറികടക്കാനുള്ള തീവ്ര ശ്രമത്തിലാണ് യുഡിഎഫ് നേതൃത്വം.

ഇതുവരെയുള്ള സ്ഥിതി പരിശോധിച്ചാൽ ഭരണമാറ്റം യാഥാർത്ഥ്യമാകണമെങ്കിൽ യുഡിഎഫിന് ഏറെ പണിപ്പെടേണ്ടി വരും. കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ എല്ലാ പ്രശ്നങ്ങളും പരിഹരിച്ച് അത്ഭുതങ്ങൾ പ്രവർത്തിച്ചാൽ മാത്രമേ യുഡിഎഫിന് അധികാരം തിരിച്ചുപിടിക്കാൻ കഴിയൂ. അതുണ്ടായില്ലെങ്കിൽ പിണറായി വിജയൻ്റെ നേതൃത്വത്തില്‍ എല്‍ഡിഎഫിന്‍റെ ഭരണത്തുടർച്ചക്കാണ് സാധ്യത.

സംസ്ഥാനത്ത് ത്രികോണ മത്സരമെന്ന മാധ്യമങ്ങൾ സൃഷ്ടിക്കുന്ന പ്രതീതി അപ്രസക്തമാണെങ്കിലും നേമം സീറ്റ് നിലനിര്‍ത്താകാനും കൂടുതല്‍ സീറ്റുകള്‍ നേടാനുമാണ് ബിജെപിയുടെ ശ്രമം. പാലക്കാട് ഇ ശ്രീധരനിലും മഞ്ചേശ്വരത്തും കോന്നിയിലും മത്സരിക്കുന്ന കെ സുരേന്ദ്രനിലും മലമ്പുഴയിലുമാണ് അവരുടെ പ്രതീക്ഷ.

വരുന്ന തെരഞ്ഞെടുപ്പില്‍ ഉയരുന്ന മുഖ്യ ചോദ്യങ്ങൾ ഇതാണ്: പിണറായി വിജയന്‍റെ നേതൃത്വത്തില്‍ എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തുമോ? അതോ ഭരണ മാറ്റത്തിലൂടെ യുഡിഎഫ് അധികാരത്തില്‍ വരുമോ? ബിജെപി നേമത്ത് വീണ്ടും വിജയിക്കുമോ കൂടുതല്‍ സീറ്റുകള്‍ നേടുമോ?