കേരള രാഷ്ട്രീയത്തിൽ ഉണ്ടായ അപൂർവമായ ഒരു പ്രതിഷേധമാണ് കെപിസിസി ആസ്ഥാനത്ത് നടന്ന തല മുണ്ഡനം ചെയ്യൽ സമരം. നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാർത്ഥിത്വം നിഷേധിച്ചതിൽ പ്രതിഷേധിച്ച് മഹിള കോൺഗ്രസ് അധ്യക്ഷ ലതിക സുഭാഷ് കെപിസിസി ആസ്ഥാനത്തിന് മുന്നിൽ തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചു.
തൻ്റെ നാടായ ഏറ്റുമാനൂരിൽ മത്സരിക്കണമെന്ന് അവർ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഏറ്റുമാനൂർ കേരള കോൺഗ്രസിന് നൽകിയതിനാൽ വൈപ്പിനിൽ മത്സരിക്കാൻ സന്നദ്ധയായി. എന്നാൽ സ്ഥാനാർത്ഥി പട്ടിക പുറത്തു വന്നപ്പോൾ ഒരു സീറ്റും ലഭിച്ചില്ല. ഇതോടെയാണ് കെപിസിസി ആസ്ഥാനത്തിന് മുന്നിൽ അസാധാരണ പ്രതിഷേധത്തിന് ലതിക ഒരുങ്ങിയത്.
20 ശതമാനം സീറ്റുകളെങ്കിലും സ്ത്രീകൾക്ക് നൽകണമെന്ന് നേരത്തെ തന്നെ പാര്‍ട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നുവെന്ന് ലതിക സുഭാഷ് പറയുന്നു. എന്നാൽ കോൺഗ്രസ് 86 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചപ്പോള്‍ 9 സ്ത്രീകൾ മാത്രമാണ് പട്ടികയിലുള്ളത്. പത്ത് ശതമാനം മാത്രമാണ് സ്ത്രീ പങ്കാളിത്തം.
കേരളത്തിൽ നിന്ന് നൽകിയ പട്ടിക കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി കൂടി പരിശോധിച്ചാണ് പ്രസിദ്ധീകരിച്ചതെന്നാണ് കരുതുന്നത്. എന്നിട്ടും നാല് പതിറ്റാണ്ടായി കോൺഗ്രസിനു വേണ്ടി പ്രവർത്തിക്കുന്ന മഹിളാ കോൺഗ്രസ് അധ്യക്ഷക്ക് ഉൾപ്പെടെ സീറ്റ് നിഷേധിക്കപ്പെട്ടു. പാർട്ടിക്ക് വേണ്ടി അലഞ്ഞ സത്രീകളെയെല്ലാം അവഗണിച്ചുവെന്നാണ് ലതിക പറയുന്നത്. മറ്റൊരു വനിത നേതാവായ ബിന്ദു കൃഷ്ണക്ക് കൊല്ലം സീറ്റ് ലഭിക്കാൻ മാധ്യമങ്ങൾക്ക് മുന്നിൽ പരസ്യമായി കരയേണ്ടി വന്നു. കെപിസിസി സെക്രട്ടറിയായ രമണി പി നായര്‍ സീറ്റ് കിട്ടാത്തതിൽ പ്രതിഷേധിച്ച് രാജിവെച്ചു.
ലതികയുടെ പ്രതിഷേധത്തെക്കുറിച്ച് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തിയ പ്രതികരണം തന്നെ സത്രീകളോട് പുരുഷ നേതാക്കന്മാരുടെ മനോഭാവം വ്യക്തമാക്കുന്നതാണ്. വ്യക്തിപരമായ മറ്റെന്തെങ്കിലും പ്രശ്നം കൊണ്ടായിരിക്കും അവർ തല മുണ്ഡനം ചെയ്തത് എന്നാണ് അദ്ദേഹം പറഞ്ഞത്. 15 സീറ്റ് സ്ത്രീകൾക്ക് നൽകാൻ ആഗ്രഹിച്ചെങ്കിലും പലരും മത്സരിക്കാൻ തയ്യാറാകാതിരുന്നത് കൊണ്ടാണ് സംഖ്യ കുറഞ്ഞു പോയതെന്നും മുല്ലപ്പള്ളി വിശദീകരിക്കുന്നു. താഴെ തട്ടിലുള്ള സത്രീകളെ പാര്‍ട്ടി ഭാരവാഹികളാക്കിയ ഉദാര സമീപനവും അദ്ദേഹം എടുത്തു പറഞ്ഞു.
എന്നാല്‍ ഇത്തരം പുരുഷ നേതാക്കളുടെ ഉദാരത കൊണ്ട് പരിഹരിക്കാൻ കഴിയുന്നതല്ല സ്ത്രീകളോടുള്ള വിവേചനം എന്നാണ് ലതികയുടെ പ്രതിഷേധം ഓർമ്മിപ്പിക്കുന്നത്. കേരളത്തിൽ സ്ഥാനാർത്ഥികളുടെ കാര്യത്തിൽ തീരുമാനം എടുക്കുന്നതിൽ സ്ത്രീ നേതാക്കൾക്ക് ഒരു റോളുമില്ല. പുരുഷ നേതാക്കളാണ് പാര്‍ട്ടിയുടെ തീരുമാനങ്ങൾ എടുക്കുന്നത്. അതുകൊണ്ടാണ് മഹിള കോൺഗ്രസ് പ്രസിഡൻ്റിന് പോലും സീറ്റ് ലഭിക്കാത്തത്.
ഇന്ദിര ഗാന്ധിയെ പോലുള്ള സ്ത്രീ നേതാക്കൾ നയിച്ച പാർട്ടിയിലാണ് സീറ്റിന് വേണ്ടി സ്ത്രീകൾക്ക് ശിരസ് മുണ്ഡനം ചെയ്യുകയും കരയുകയും ചെയ്യേണ്ടി വരുന്നത്.
കോൺഗ്രസിലെ സോഷ്യൽ മീഡിയ പോരാളികളും മറ്റ് പുരുഷന്മാരും ലതികക്കെതിരെ നടത്തുന്ന പ്രചാരണങ്ങൾ സ്ത്രീകളോടുള്ള രാഷ്ട്രീയ പ്രവർത്തകരുടെ മനോഭാവം പ്രകടമാക്കുന്നുണ്ട്.
എന്നാൽ ഇത് കോൺഗ്രസിൻ്റെ മാത്രം സ്ഥിതിയാണോ? കണക്കുകളും വസ്തുതകളും പരശോധിച്ചാല്‍ അല്ലെന്ന് വ്യക്തമാകും. സ്ത്രീകളുടെ തുല്ലാവകാശങ്ങൾക്കും നീതിക്കും വേണ്ടി നിരന്തരം വാദിക്കുന്നവരാണ് ഇടതുപക്ഷ പാർട്ടികൾ. എന്നാൽ അധികാരത്തോട് അടുക്കുമ്പോൾ ഇതെല്ലാം മറക്കുമെന്നാണ് അനുഭവങ്ങള്‍. സിപിഎമ്മിൻ്റെ 83 സ്ഥാനാർത്ഥികളുടെ ലിസ്റ്റിൽ 12 സ്ത്രീകൾ മാത്രമാണുള്ളത്. കോൺഗ്രസിനെ അപേക്ഷിച്ച് താരതമ്യേന മെച്ചമാണെന്ന് പറയാം.
മറ്റൊരു ഇടത് പാർട്ടിയായ സിപിഐ 25 പേരെ പ്രഖ്യാപിച്ചപ്പോൾ 2 സ്ത്രീകൾ മാത്രമാണ് പട്ടികയിലുള്ളത്. സ്ത്രീകള്‍ക്ക് പ്രാതിനിധ്യം നല്‍കുന്നതില്‍ ഇടതുപക്ഷ പാര്‍ട്ടികള്‍ മഹാ തോല്‍വിയാണെന്ന് സിപിഐയുടെ ദേശീയ നേതാവായ ആനി രാജ തുറന്നടിച്ചു.
ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ ഘടകകക്ഷിയായ കേരള കോണ്‍ഗ്രസിന് പിറവത്ത് വനിത സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ സിപിഎമ്മില്‍ നിന്ന് ഒരു വനിതയെ രാജിവെപ്പിക്കേണ്ടിവന്നു. ജോസ് കെ മാണിക്ക് സ്വന്തം പാര്‍ട്ടിയില്‍ നിന്ന് ഒരു സ്ത്രീയെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
മുസ്ലിം ലീഗിൽ 27 സ്ഥാനാർത്ഥികളിൽ ഒരു സ്ത്രീ മാത്രമാണുള്ളത്. 25 വർഷത്തിന് ശേഷമാണ് ലീഗ് ഒരു വനിത സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കുന്നത്. നൂർബിന റഷീദ് ആണ് ലീഗ് സ്ഥാനാര്‍ത്ഥിയായി കോഴിക്കോട് സൗത്തിൽ മത്സരിക്കുന്നത്. അവർ മത്സരിക്കുന്നതിനെതിരെ ലീഗ് പ്രവർത്തകർ പരസ്യമായി രംഗത്തത്തുകയും ചെയ്തു.
കേരളത്തില്‍ താരതമ്യേന വിജയ സാധ്യത കുറഞ്ഞ പാര്‍ട്ടിയാണ് ബിജെപി. എന്നിട്ട് പോലും ബിജെപി 115 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചപ്പോൾ 13 സത്രീകൾ മാത്രമാണ് മത്സരിക്കുന്നത്. പാർട്ടിയുടെ സ്ത്രീ മുഖമായി ആഘോഷിക്കപ്പെട്ടിരുന്ന ശോഭ സുരേന്ദ്രന് സീറ്റ് നിഷേധിക്കാനും ഒതുക്കാനുമാണ് കേരളത്തിലെ നേതാക്കള്‍ ശ്രമിച്ചത്. ഒടുവില്‍ കേന്ദ്ര നേതൃത്വത്തിന്‍റെ സമ്മര്‍ദ്ദത്തിലൂടെയാണ് ശോഭക്ക് ഒരു സീറ്റ് ലഭിക്കുന്നത്.
കേരളത്തില്‍ സ്ത്രീകളുടെ ജനസംഖ്യ 50 ശതമാനത്തിലേറെയാണ്. എന്നാല്‍ അധികാര സ്ഥാനങ്ങളില്‍ അവരുടെ പങ്കാളിത്തം 10 ശതമാനം പോലുമില്ല. പഞ്ചായത്ത് രാജ് നിയമത്തില്‍ സ്ത്രീ സംവരണം ഉറപ്പാക്കിയതുകൊണ്ട് മാത്രമാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സ്ത്രീകളുടെ പങ്കാളിത്തം യാഥാര്‍ത്ഥ്യമായത്. അല്ലായിരുന്നുവെങ്കില്‍ അവിടെയും പുരുഷ ഭരണം തന്നെയാകുമായിരുന്നു.
നമ്മുടെ രാഷ്ട്രീയ പാർട്ടികളിൽ ഭൂരിപക്ഷവും സ്ത്രീകൾക്ക് 33 ശതമാനം അധികാര പങ്കാളിത്തത്തിന് വേണ്ടി വാദിക്കുന്നവരാണ്. എന്നാൽ നിയമസഭകളിലും പാര്‍ലമെന്‍റിലും വനിത സംവരണമെന്ന ആവശ്യമുയര്‍ന്ന് 35 കൊല്ലത്തിന് ശേഷവും അതിനുള്ള നിയമനിർമ്മാണം കഴിഞ്ഞിട്ടില്ല. ഒരു സര്‍ക്കാരും പാർട്ടിയും അതിന് തയ്യാറായിട്ടില്ല. പല തരം എതിര്‍പ്പുകളാണ് വനിത സംവരണത്തിനെതിരെ ഉയര്‍ന്നത്.
സംവരണം നടപ്പാക്കാത്തതിനാൽ ജന പ്രതിനിധി സഭകളിലും അധികാര കേന്ദ്രങ്ങളിലും സ്ത്രീ പങ്കാളിത്തം പുരുഷ പാര്‍ട്ടി നേതാക്കളുടെ ഔദാര്യമായി മാറുന്നു. വിരലിൽ എണ്ണാവുന്ന സ്ത്രീകൾക്ക് മാത്രം പാർലമെൻ്റിലും നിയമസഭകളിലും പങ്കാളിത്തം ലഭിക്കാന്‍ അതാണ് കാരണം.
പുരോഗമനപരമെന്ന് വിശേഷിപ്പിക്കുന്ന കേരളത്തിൽ ഒരു സ്ത്രീ പോലും ഇതുവരെ മുഖ്യമന്ത്രിയോ ഉപ മുഖ്യമന്ത്രിയോ ആയിട്ടില്ല. നിയമസഭ സ്പീക്കർ പദവിയിലും സ്ത്രീകൾ ആരും വന്നിട്ടില്ല. മൂന്ന് പേർ ഇതുവരെ ഡെപ്യൂട്ടി സ്പീക്കർമാരായിട്ടുണ്ട്. 1957 മുതല്‍ രൂപീകരിക്കപ്പെട്ട മന്ത്രിസഭകളില്‍ എട്ടു സ്ത്രീകളാണ് ഇതുവരെ മന്ത്രിമാരായത്. രാജ്യസഭയിലേക്ക് 4 സ്ത്രീകളും ലോക്സഭയിലേക്ക് 9 പേരും തെരഞ്ഞെടുക്കപ്പെട്ടു. ഇതാണ് യാഥാർത്ഥ്യമെന്നിരിക്കെയാണ് നമ്മൾ തുല്യതയെക്കുറിച്ചും സ്ത്രീ പങ്കാളിത്തത്തെക്കുറിച്ചും നിരന്തരം വാചകമടിക്കുന്നത്.
സീറ്റിൻ്റെ പേരിലാണ് ലതിക സുഭാഷ് തല മുണ്ഡനം ചെയ്തതെങ്കിലും കേരളത്തിലെ പുരുഷ രാഷ്ട്രീയ നേതൃത്വങ്ങൾ സ്ത്രീകളോട് കാട്ടുന്ന വിവേചനമാണ് തുറന്നുകാട്ടപ്പെടുന്നത്. സ്ഥാനാർത്ഥി നിർണയത്തിൽ കോണ്‍ഗ്രസ് പാർട്ടി നേതൃത്വം സ്ത്രീകളോട് കാട്ടിയ വിവേചനത്തിനെതിരെ ആയിരുന്നു ലതികയുടെ പ്രതിക്ഷേധം. എന്നാൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ മാത്രമല്ല, സ്ത്രീകളോട് വിവേചനം പുലർത്തുന്ന രാഷ്ട്രീയത്തിലെ പുരുഷാധികാര കേന്ദ്രങ്ങൾക്കെതിരെ കൂടിയാണ് ആ സമരം.
അധികാര സ്ഥാനങ്ങളില്‍ സ്ത്രീകൾക്ക് തുല്യതയെന്നത് യാഥാർത്ഥ്യമാകണമെങ്കിൽ ഇത്തരം ഒറ്റപ്പെട്ട പ്രതിഷേധങ്ങൾ കൂടുതൽ സംഘടിതമാകണം. പാർട്ടി നേതൃത്വങ്ങളിലെ പുരുഷാധിപത്യം ഇല്ലാതാകുന്നതിലൂടെ മാത്രമേ സ്ത്രീകൾക്ക് തുല്യ അവകാശം നേടാനാകൂ.