Mon. Nov 25th, 2024

‘ഏറ്റുമുട്ടലി’ൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് പ്രവർത്തകൻ വേൽമുരുകൻ്റെ മൃതദേഹത്തിൽ 44 മുറിവുകൾ ഉണ്ടായിരുന്നുവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. നക്സലൈറ്റ് വർഗീസിൻ്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകിയ പിണറായി വിജയൻ സർക്കാർ വ്യാജ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയ മാവോയിസ്റ്റുകളുടെ കുടുംബത്തോട് നീതി കാട്ടുമോ?

2019 നവംബർ 3നാണ് തേനി പെരിയകുളം സ്വദേശിയായ വേൽമുരുകൻ വയനാട്ടിലെ പടിഞ്ഞാറത്തറ വാളാരംകുന്നിൽ വെച്ച് കൊല്ലപ്പെട്ടത്. തണ്ടർ ബോൾട്ട് സംഘത്തിന് നേരെ മാവോയിസ്റ്റുകൾ വെടിവെച്ചതിനെ തുടർന്ന് നടന്ന ഏറ്റുമുട്ടലിലാണ് മാവോയിസ്റ്റായ വേൽമുരുകൻ കൊല്ലപ്പെട്ടതെന്നാണ് പൊലീസ് പറഞ്ഞത്. കേരളത്തിലെ മാധ്യമങ്ങളും അങ്ങനെയാണ് പറഞ്ഞത്.

എന്നാൽ പുറത്തു വന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് പറയുന്നത്
വേൽമുരുഗൻ്റെ മൃതദേഹത്തിൽ വെടിയേറ്റ 44 മുറിവുകൾ ഉണ്ടായിരുന്നുവെന്നാണ്. ശരീരത്തിൻ്റെ മുന്നിലും പിന്നിലും എല്ലാം മുറിവുകളുണ്ട്. 44 മുറിവുകളും മരണത്തിന് മുമ്പുണ്ടായതാണ്. എന്നാൽ രണ്ട് തുടയെല്ലുകൾ പൊട്ടിയത് മരണത്തിന് ശേഷമാണ് എന്നാണ് റിപ്പോർട്ടിലുള്ളത്. കൊല്ലപ്പെടുമ്പോൾ കഴിച്ച ഭക്ഷണം ദഹിച്ചിരുന്നില്ല എന്നും പറയുന്നുണ്ട്.

ഏറ്റുമുട്ടൽ നടന്നിട്ടില്ലെന്നും പൊലീസ് വേൽമുരുഗനെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നതെന്ന് മനുഷ്യാവകാശ പ്രവർത്തകർ പറയുന്നു. അതുകൊണ്ടാണ് മൃതദേഹത്തിൽ ഇത്രയേറെ മുറിവുകൾ ഉണ്ടായത്. മൃതദേഹത്തോട് പൊലീസ് ക്രൂരത കാട്ടിയെന്നാണ് മരണശേഷമാണ് തുടയെല്ലുകൾ പൊട്ടിയതെന്ന പരാമർശം തെളിയിക്കുന്നത്. ഭക്ഷണം കഴിക്കുന്ന സമയത്തോ കഴിച്ച ഉടനെയോ പ്രകോപനമില്ലാതെ തണ്ടർബോൾട്ട് ആക്രമിച്ചുവെന്നാണ് ഭക്ഷണം ദഹിച്ചിരുന്നില്ല എന്ന സൂചന വ്യക്തമാക്കുന്നത്.

വെടിവെപ്പിൽ കൊല്ലപ്പെട്ടുവെന്ന് പൊലീസ് പറയുന്ന ഒരാളുടെ ശരീരത്തിൽ 44 മുറിവുകൾ തന്നെയാണ് പൊലീസിൻ്റെ ഏറ്റുമുട്ടൽ കഥകൾ വിശ്വസനീയമല്ലാതാക്കുന്നത്. വളഞ്ഞിട്ട് ആക്രമിക്കാതെ, പല തവണ വെടിവെക്കാതെ എങ്ങനെയാണ് ഇത്രയും മുറിവുകൾ ഒരാളുടെ ശരീരത്തിൽ ഉണ്ടായത്? വേൽമുരുഗൻ പൊലീസിന് നേരെ വെടിവെച്ചതിൻ്റെ ഒരു തെളിവും പുറത്തുവന്നിട്ടില്ല. ഏറ്റുമുട്ടലില്‍ ഒരു പൊലീസുകാരനും പരിക്കേറ്റിട്ടില്ല. അയാൾ വെടിയുതിർത്തതിൻ്റെ ഒരു സൂചനയുമില്ല.

കൊല്ലപ്പെട്ട ശേഷവും തുടയെല്ലുകൾ പൊട്ടിയെങ്കിൽ മൃതദേഹത്തോട് ക്രൂരത കിട്ടിയെന്ന് തന്നെയാണ് അർത്ഥം. വ്യാജ ഏറ്റുമുട്ടലിൽ തണ്ടർബോൾട്ട് സംഘം വളഞ്ഞിട്ട് വേൽമുരുകനെ നിരവധി തവണ വെടിവെച്ച് കൊല്ലുകയും പീഡിപ്പിക്കുകയുമായിരുന്നു എന്നാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്.

മാവോയിസത്തോടും തീവ്രവാദ രാഷ്ട്രീയത്തോടും വിയോജിക്കാം, എതിർക്കാം. നിരോധിക്കപ്പെട്ട സംഘടനയിൽ പ്രവർത്തിക്കുന്നവരെന്ന നിലയിൽ ഏതെങ്കിലും കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുണ്ടെങ്കില്‍ പിടികൂടി കോടതിയിൽ എത്തിക്കാം. അതാണ് പൊലീസിൻ്റെ മുന്നിലുള്ള നിയമത്തിൻ്റെ മാർഗം. എന്നാൽ മാവോയിസ്റ്റുകളാണ് എന്ന പേരിൽ വെടിവെച്ച് കൊല്ലാൻ പൊലീസിന് ആരാണ് അധികാരം കൊടുത്തത്?

വേൽമുരുഗൻ എന്ന മാവോയിസ്റ്റിൻ്റെ മരണം 40 വർഷം മുമ്പ് നടന്ന മറ്റൊരു ഏറ്റുമുട്ടൽ കൊലപാതകത്തെക്കുറിച്ച് നമ്മളെ ഓർമ്മിപ്പിക്കുന്നുണ്ട്. 1970 ഫെബ്രുവരി 18 ന് വയനാട്ടിൽ തന്നെ നടന്ന നക്സലൈറ്റ് നേതാവായിരുന്ന വർഗീസിൻ്റെ വധം. അന്ന് സിപിഐക്കാരനായ മുഖ്യമന്ത്രി സി അച്യുത മേനോനും ആഭ്യന്തര മന്ത്രി സി എച്ച് മുഹമ്മദ് കോയയും ആയിരുന്നു.

പൊലീസുമായുള്ള ഏറ്റുമുട്ടലിൽ മരിച്ചുവെന്നായിരുന്നു പൊലീസും സർക്കാരും അന്ന് പറഞ്ഞത്. ഏറ്റുമുട്ടലിന് തെളിവായി വർഗീസിൻ്റെ മൃതദേഹത്തിന് സമീപം ഒരു തോക്കും ഉണ്ടായിരുന്നു. അന്നത്തെ ഭൂരിപക്ഷം മാധ്യമങ്ങളും ഏറ്റുമുട്ടലിൽ മരിച്ചു എന്നാണ് ചിത്രങ്ങൾ സഹിതം റിപ്പോർട്ട് ചെയ്തത്. എന്നാൽ സിപിഎം വർഗീസിനെ വെടിവെച്ച് കൊല്ലുകയായിരുന്നുവെന്ന് അന്ന് പ്രതിപക്ഷത്തായിരുന്ന നിയമസഭയിലും പുറത്തും ആരോപണം ഉയർത്തി.

വർഗീസിനെ ക്രൂരമായി പീഡിപ്പിച്ച പോയിൻ്റ് ബ്ളാങ്കിൽ വെടിവെച്ച് കൊല്ലുകയായിരുന്നുവെന്ന് അദ്ദേഹത്തിൻ്റെ സഹപ്രവർത്തകർ ആരോപിച്ചു. സി പി ഐ മുഖ്യമന്ത്രി അച്യുത മേനോനെ പ്രതിക്കൂട്ടിലാക്കാൻ സിപിഎമ്മും പ്രതിപക്ഷവും ഇത് ഏറ്റെടുത്തു. നക്സലൈറ്റുകൾ തങ്ങളുടെ രാഷ്ട്രീയ വിമർശകരാണെങ്കിലും ഇഎംഎസിൻ്റെ നേതൃത്വത്തിൽ ശക്തമായ പ്രചാരണമാണ് നടത്തിയത്‌.

വയനാട്ടുകാരും ഏറ്റുമുട്ടൽ കഥ വിശ്വസിച്ചില്ല. കണ്ണൂരിൽ സി പി എം ഓഫീസ് സെക്രട്ടറിയായിരുന്ന വർഗീസ് എ കെ ജിയുടെ നിർദേശ പ്രകാരമാണ് വയനാട്ടിലേക്ക് പ്രവർത്തനം മാറ്റിയത്. അടിമക്കച്ചവടത്തിന് വിധേയരായിരുന്ന ആദിവാസികൾക്കെതിരായ ചൂഷണത്തിനെതിരെ സമരങ്ങൾ സംഘടിപ്പിച്ചു. കൂലി കൂടുതൽ ഉൾപ്പെടെ പല ആവശ്യങ്ങളും നേടിയെടുത്തു.

ഇത് വയനാട്ടിലെ ജന്മിമാരുടെ ശത്രുതക്ക് കാരണമായി. സർക്കാർ നിർദ്ദേശ പ്രകാരം പൊലീസും നക്സൽ വേട്ട ഇടങ്ങി. അതിനിടയിൽ അന്നത്തെ നക്സലൈറ്റുകളുടെ ഉന്മൂലന സിദ്ധാന്തം നടപ്പാക്കുന്നതിൻ്റെ ഭാഗമായി ഭവുടമകളായ വാസുദേവ അഡിഗയേയും ചേക്കുവിനേയും വധിച്ചു. ഇതോടെയാണ് വർഗീസിനെ ജീവനോടെ യോ അല്ലാതെയോ പിടികൂടാൻ സർക്കാർ തീരുമാനിച്ചത്. എന്നാൽ പിടികൂടാതെ പൊലീസ് തന്നെ ശിക്ഷ നടപ്പാക്കി. ഏറ്റുമുട്ടൽ എന്ന പേരിൽ തിരുനെല്ലി കാട്ടിൽ വെച്ച് വെടിവെച്ച് കൊന്നതും.

28 വർഷത്തിന് ശേഷം കോൺസ്റ്റബിൾ ആയിരുന്ന രാമചന്ദ്രൻ നായർ താനാണ് വർഗീസിനെ വെടിവെച്ചു കൊന്നത് എന്ന് വെളിപ്പെടുത്തിയത്.അന്നത്തെ ഡി എസ് പി കെ ലക്ഷ്മണയും ഡിഐജി പി വിജയനും ഉത്തരവിട്ടതനുസരിച്ച് നിരായുധനായ വർഗീസിനെ വെടിവെച്ച് കൊല്ലുകയായിരുന്നുവെന്ന് രാമചന്ദ്രൻ നായർ പറഞ്ഞു. പുതിയൊരു നിയമയുദ്ധത്തിനാണ് അത് വഴി തുറന്നത്. രാമചന്ദ്രൻ നായർ അറസ്റ്റിലായി. കേസിൻ്റെ അന്വേഷണം സിബിഐ ഏറ്റെടുത്തു.

2010 ൽ വർഗീസ് വധ കേസിൽ ലക്ഷ്മണ കുറ്റക്കാരനാണെന്ന് സിബിഐ പ്രത്യേക കോടതി വിധിച്ചു. ലക്ഷ്മണ ജയിലിലാകുകയും ചെയ്തു. കേരളത്തിലെ ആദ്യ വ്യാജ ഏറ്റുമുട്ടൽ കൊലപാതക കേസിലുണ്ടായ അഭൂതപൂർവമായ വഴിത്തിരിവായിരുന്നു അത്. മറ്റ് പല സംസ്ഥാനങ്ങളിലും വ്യാജ ഏറ്റുമുട്ടലുകളിൽ നിരവധി നക്സലൈറ്റുകൾ കൊല്ലപ്പെട്ടിട്ടുണ്ടെങ്കിലും ആരും ശിക്ഷിക്കപ്പെട്ടിരുന്നില്ല.

മറ്റൊരു അസാധാരണ നിയമ ഇടപെടല്‍ കൂടി ഇതിനെ തുടർന്നുണ്ടായി. കോടതി വിധിയുടെ അടിസ്ഥാനത്തിൽ 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വർഗീസിൻ്റെ കുടുംബം കോടതിയെ സമീപിച്ചു. നഷ്ടപരിഹാരം നൽകാതിരിക്കാൻ
പിണറായി വിജയൻ സർക്കാർ ആദ്യം ശ്രമിച്ചു. വർഗീസ് ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടതെന്നും ലക്ഷ്മണയെ ശിക്ഷിച്ച കോടതി വിധി അന്തിമമല്ല എന്നുമായിരുന്നു സർക്കാരിൻ്റെ വാദം.

ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വർഗീസ് കൊള്ളക്കാരനും ക്രിമിനലുമാണെന്ന് പറഞ്ഞതു വിവാദമായി. വർഗീസിൻ്റെ ബന്ധുക്കൾ നൽകിയ കേസിൽ നഷ്ട പരിഹാരം നൽകാനാവില്ല എന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്. ശക്തമായ എതിർപ്പുകളെ തുടർന്നാണ് സർക്കാർ അത് തിരുത്തിയത്.

നഷ്ടപരിഹാരം സംബന്ധിച്ച് സര്‍ക്കാരിന് നിവേദനം നല്‍കാനായിരുന്നു ഹൈക്കോടതി നിര്‍ദേശിച്ചത്. തുടര്‍ന്ന് സഹോദരങ്ങള്‍ നല്‍കിയ നിവേദനം പരിശോധിച്ചാണ് വര്‍ഗീസിന്‍റെ സഹോദരങ്ങളായ മറിയക്കുട്ടി, അന്നമ്മ, എ.തോമസ്, എ.ജോസഫ് എന്നിവര്‍ക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരമായി അനുവദിക്കാന്‍ തീരുമാനിച്ചത്. കോടതി നിർദ്ദേശ പ്രകാരം 40 വർഷത്തിന് കുടുംബാംഗങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ തീരുമാനിച്ചത് വൈകി ലഭിച്ച നീതിയാണ് പറയാം.

വർഗീസിനെ ജീവനോടെ പിടികൂടി വിചാരണ ചെയ്യാൻ എല്ലാ സാഹചര്യങ്ങളും ഉണ്ടായിരിക്കെയാണ് പോയിൻ്റ് ബ്ളാങ്കിൽ വെടിവെച്ച് കൊന്നത്. കേസ് അനേഷണമാണ് പൊലീസിൻ്റെ ഉത്തരവാദിത്വമെന്നും ശിക്ഷ വിധിക്കേണ്ടത് കോടതിയാണ് എന്നത് ജനാധിപത്യ സംവിധാനത്തിലെ പ്രാഥമിക പാഠമാണ്. വർഗീസ് കേസിൽ ലക്ഷ്മണ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്. മറ്റ് ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെട്ടില്ല. കൊലപാതകത്തിൻ്റെ ഉത്തരവാദിത്വം അന്നത്തെ ആഭ്യന്തര വകുപ്പിനും സർക്കാരിനും ആയിരുന്നു. അവരും നടപടി നേരിട്ടില്ല.

നിർഭാഗ്യവശാൽ വർഗീസിൻ്റെ കൊലപാതകത്തിനും വർഷങ്ങൾക്ക് ശേഷമുള്ള ശിക്ഷക്കും ശേഷവും ഏറ്റുമുട്ടൽ കൊലപാതകങ്ങളും കസ്റ്റഡി കൊലപാതകങ്ങളും അവസാനിച്ചില്ല. ഏറെ കാലത്തിന് ശേഷം ഏറ്റുമുട്ടൽ കൊലപാതകങ്ങൾ വീണ്ടും നടന്നത് സിപിഎമ്മും സിപിഐയും നേതൃത്വം നൽകുന്ന പിണറായി വിജയൻ സർക്കാരിൻ്റെ കാലത്താണ്.

മാവോയിസ്റ്റുകൾ എന്ന് ആരോപിച്ച് വേൽമുരുഗൻ ഉൾപ്പെടെ എട്ട് പേരെയാണ് ഈ സർക്കാരിൻ്റെ കാലത്ത് പൊലീസും തണ്ടർബോൾട്ടും ചേർന്ന് വെടിവെച്ച് കൊന്നത്. 2016ൽ നിലമ്പൂരിനടുത്ത് കരുളായി വന മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ തമിഴ്നാട്ടുകാരായ കുപ്പു ദേവരാജനും അജിതയും കൊല്ലപ്പെട്ടു. 2019 മാർച്ചിൽ വയനാട്ടിലെ വൈത്തിരിയിലെ റിസോർട്ടിൽ വെച്ച് സി പി ജലീൽ വെടിവെപ്പിൽ കൊല്ലപ്പെട്ടു. 2019 ഒക്ടോബർ 28, 29 തീയതികളിൽ അട്ടപ്പാടിയിലെ മഞ്ചിക്കണ്ടിയിൽ ഏറ്റുമുട്ടലുകളിൽ മണിവാസകൻ, രമ, അരവിന്ദ്, കാർത്തി എന്നിവരാണ് കൊല്ലപ്പെട്ടത്.

എല്ലാ കേസുകളിലും മാവോയിസ്റ്റുകൾ പൊലീസിന് നേരെ വെടിവെച്ചപ്പോൾ തിരിച്ചു വെടിവെക്കുകയായിരുന്നു എന്നാണ് പൊലീസ് പറഞ്ഞത്. ആഭ്യന്തര വകുപ്പിൻ്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയനും ഇതാണ് ആവർത്തിക്കുന്നത്. എന്നാൽ എല്ലാ സംഭവങ്ങളും വ്യാജ ഏറ്റുമുട്ടലുകളാണ് എന്നാണ് പൗരാവകാശ പ്രവർത്തകർ പറയുന്നത്. ഭരണകക്ഷിയായ സിപിഐയും വ്യാജ ഏറ്റുമുട്ടലുകളാണ് നടന്നതെന്ന് ആരോപിച്ചിരുന്നു.

വയനാട്ടിലെ റിസോർട്ടിൽ നടന്ന സംഭവത്തിൽ സി പി ജലീൽ പൊലീസിന് നേരെ വെടിവെച്ചിട്ടില്ല എന്ന് ഫൊറൻസിക് പരിശോധനയിൽ പുറത്ത് വന്നിരുന്നു. പൊലീസ് ഏകപക്ഷീയമായി വെടിവെച്ച് കൊല്ലുകയായിരുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്. മറ്റ് കേസുകളിലും മാവോയിസ്റ്റുകൾ പൊലീസിന് നേരെ വെടിവെച്ചതിന് വ്യക്തമായ തെളിവുകളില്ല. ഒരിടത്തും ഒരു പൊലീസുകാരനും വെടിവെപ്പിൽ പരിക്കേറ്റിട്ടില്ല. വർഗീസിനെ വെടിവെച്ചുകൊന്ന കാലത്ത് പൊലീസും അച്യുത മേനോൻ സർക്കാരും ആഭ്യന്തര മന്ത്രി സി എച്ച് മുഹമ്മദ് കോയയും പറഞ്ഞ അതേ ന്യായവാദങ്ങളാണ് പിണറായിയുടെ കാലത്തും ആവർത്തിക്കുന്നത്.

കേരളത്തിലോ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലോ മാവോയിസ്റ്റുകൾ ഏതെങ്കിലും തരത്തിൽ ഭരണകൂടത്തെ വെല്ലുവിളിക്കാൻ കഴിയുന്ന രാഷ്ട്രീയ ശക്തിയല്ല. അവരിൽ ഒരു വിഭാഗം കീഴടങ്ങാൻ സന്നദ്ധത അറിയിച്ചവരാണ്. കേരളത്തിൽ മാവോയിസത്തോട് ആഭിമുഖ്യം പുലർത്തുന്ന ചെറു ഗ്രൂപ്പുകൾ മാത്രമാണ് ഉള്ളത്.
അവരെ വെടിവെച്ച് കൊല്ലാതെ പിടികൂടി നിയമപരമായ വിട്ടുകൊടുക്കാൻ എല്ലാ സാധ്യതകളും ഉണ്ട്. ശക്തമായ പൊലീസ് സംവിധാനമുണ്ട്.

എന്നിട്ടും എന്തുകൊണ്ട് മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷൻ എന്ന കേന്ദ്ര സർക്കാർ നടപടി കേരളത്തിലും നടപ്പാക്കുന്നു? കേന്ദ്ര സർക്കാരിൽ നിന്ന് ലഭിക്കുന്ന കണക്കില്ലാത്ത ഫണ്ട് ഒരു കാരണമാണ്. ഫണ്ട് കിട്ടാൻ ഒരു ജനാധിപത്യ സർക്കാർ മനുഷ്യരെ വെടിവെച്ചു കൊല്ലുന്നത് എത്ര പ്രാകൃതമാണ്.

ഏറ്റുമുട്ടൽ കൊലകൾ ഒരു പരിഷ്കൃത സമൂഹത്തിൽ എല്ലാ അർത്ഥത്തിലും പ്രാകൃതമാണ്. ഏറ്റുമുട്ടൽ എന്ന പേരിൽ പൊലീസ് നടപ്പാക്കുന്ന നഗ്നമായ കൊലപാതകങ്ങൾ ഒരു ജനാധിപത്യ സമൂഹത്തിന് അംഗീകരിക്കാൻ കഴിയില്ല.

അതിനാൽ പിണറായി വിജയൻ സർക്കാരിൻ്റെ കാലത്ത് നടന്ന 8 ഏറ്റുമുട്ടൽ കൊലപാതകങ്ങൾ അന്വേഷിക്കപ്പെടണം. അതിന് ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥർക്കും തീരുമാനങ്ങൾ എടുത്തവർക്കും എതിരെ നടപടികൾ ഉണ്ടാകണം. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കും നഷ്ടപരിഹാരം നൽകണം. ഏറ്റുമുട്ടൽ കൊലകൾ ആവർത്തിക്കാതിരിക്കാൻ നടപടികൾ വേണം.

വർഗീസിൻ്റെ കുടുംബാംഗങ്ങൾക്ക് മാത്രമല്ല കൊല്ലപ്പെടുന്ന മാവോയിസ്റ്റുകളുടെ കുടുംബങ്ങൾക്കും നീതി ലഭിക്കേണ്ടതുണ്ട്. വർഗീസിൻ്റെ കൊലപാതകത്തെ എതിർത്ത സിപിഎം നയിക്കുന്ന സർക്കാർ അതിന് തയ്യാറാകണം.