Wed. Jan 22nd, 2025

കേരളത്തിൽ ഈ തെരഞ്ഞെടുപ്പിൽ 20-20 എന്ന രാഷ്ട്രീയ പാർട്ടി കൂടി മത്സര രംഗത്തുണ്ട്. കിഴക്കമ്പലത്തെ കിറ്റക്സ് ഗ്രൂപ്പിൻ്റെ ഉടമയായ സാബു എം ജേക്കബ് ആണ് ഈ പാർട്ടിയുടെയും ഉടമ. എട്ട് മണ്ഡലങ്ങളില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇടത്തോട്ടും വലത്തോട്ടുമില്ല മുന്നോട്ട് എന്നതാണ് 20-20 യുടെ മുദ്രാവാക്യം. 20- 20 പോലുള്ള പുത്തൻ പാർട്ടികൾ നൽകുന്ന രാഷ്ട്രീയ സന്ദേശം എന്താണ്?

പാർട്ടിയെ ശക്തിപ്പെടുത്തുന്നതിന് വ്യവസായിയായ കൊച്ചൗസേഫ് ചിറ്റിലപ്പള്ളി ചെയർമാനായ ഉപദേശക സമിതിയും പ്രഖ്യാപിച്ചിട്ടുണ്ട്. നടൻ ശ്രീനിവാസനും സംവിധായകൻ സിദ്ദിഖും അടങ്ങുന്നതാണ് ഉപദേശക സമിതി. വരും കാലത്ത് ഈ പാർട്ടി കേരളം ഭരിക്കുമെന്നാണ് ശ്രീനിവാസൻ പറയുന്നത്.

ശ്രീനിവാസൻ്റെ രംഗപ്രവേശത്തോടെ പാർട്ടിക്ക് ഒരു തത്വശാസ്ത്രവും ഉണ്ടായിരിക്കുന്നു. സമ്പത്ത് ഇല്ലാത്തവരുടെ കയ്യിൽ സമ്പത്തും അധികാരവും വരുന്നതാണ് കുഴപ്പം എന്നാണ് ശ്രീനിവാസൻ പറയുന്നത്. അതിൻ്റെ അർത്ഥം മറ്റൊന്നുമല്ല അധികാരവും സമ്പത്തും കൈകാര്യം ചെയ്യേണ്ടത് സമ്പത്തും അധികാരവും ഉള്ളവർ തന്നെയാണ്. സന്ദേശം സിനിമയയിലെ പോലെ ഇടതും വലതും കൊടികൾ ഉപേക്ഷിച്ചാണ് മുൻ എബിവിപിക്കാരനായ ശ്രീനിവാസൻ മുന്നോട്ടുള്ള പാർട്ടിയുടെ കൊടി പിടിക്കാൻ തീരുമാനിച്ചത്.

‘ഇടത്തോട്ടും വലത്തോട്ടുമല്ല മുന്നോട്ട്’ എന്ന നിലപാടാണ് പാർട്ടിയിൽ ചേരാൻ തീരുമാനിക്കാൻ കാരണമെന്നാണ് വ്യവസായിയായ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി പറയുന്നത്. ശ്രീനിവാസൻ്റെ തത്വശാസ്ത്രമനുസരിച്ച് അധികാരവും സമ്പത്തും കൈയ്യാളാൻ സാബു ജേക്കബിൻ്റെ ഒപ്പം കൊടി പിടിക്കാൻ യോഗ്യനാണ് നിരവധി ബിസിനസ് സംരംഭങ്ങളുടെ ഉടമയായ കൊച്ചൗസേഫ്.

കഴിഞ്ഞ തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ നാല് പഞ്ചായത്തുകളിൽ അധികാരം പിടിച്ചെടുത്തതിൻ്റെ ആവേശത്തിലാണ് നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ 20-20 തീരുമാനിച്ചത്. 2015ൽ കിഴക്കമ്പലത്ത് നേടിയ വിജയം 2020ല്‍ ഐക്കരനാട്, മഴുവന്നൂര്‍, കുന്നത്തുനാട് പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. കോലഞ്ചേരി ഡിവിഷനില്‍ നിന്ന് എറണാകുളം ജില്ലാ പഞ്ചായത്തിലും ഇത്തവണ ട്വന്റി 20 പ്രതിനിധിയുണ്ട്.

കിഴക്കമ്പലത്ത് ഇടതു വലത് മുന്നണികളെ പരാജയപ്പെടുത്തിയ ശേഷം നടപ്പാക്കിയ ജനപ്രിയ പ്രവർത്തനങ്ങളാണ് കൂടുതൽ പഞ്ചായത്തുകളിൽ നേട്ടമുണ്ടാക്കാൻ സഹായിച്ചത്. വികസനം, ജനക്ഷേമം ഇതാണ് ട്വന്റി 20 മുന്നോട്ടുവെയ്ക്കുന്ന മുഖ്യ വാഗ്ദാനങ്ങൾ. രണ്ട് മുന്നണികളോടും ജനങ്ങൾക്കുള്ള അതൃപ്തി കൂടിയാണ് 20- 20  വിജയത്തിന് കാരണമായത്.

2013ലാണ് കിറ്റക്സ് കമ്പനിയുടെ നേതൃത്വത്തിൽ കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി പദ്ധതി പ്രകാരം 20-20 ചാരിറ്റബിള്‍ സൊസൈറ്റി രൂപവല്‍കരിക്കുന്നത്. കിഴക്കമ്പലത്തിന്റെ വികസനം എന്ന മുദ്രാവാക്യവുമായി മുന്നിട്ടിറങ്ങിയ ഈ കൂട്ടായ്മക്ക് അന്ന് ഇടതുപക്ഷവും ബിജെപിയും പിന്തുണ നല്‍കിയിരുന്നു. കാരണം അവിടെ ഭരിച്ചിരുന്നത് യുഡിഎഫ് ഭരണസമിതി ആയിരുന്നു. കമ്പനിയില്‍ നിന്ന് മാലിന്യങ്ങള്‍ പുറന്തള്ളുന്നതുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ നേരത്തെ വലിയ വിവാദമായിരുന്നു.

1995 മുതല്‍ 2000 വരെ സിപിഎമ്മാണ് കിഴക്കമ്പലം പഞ്ചായത്ത് ഭരിച്ചത്. പിന്നീടുള്ള വര്‍ഷങ്ങളില്‍ സിപിഎമ്മും കോണ്‍ഗ്രസും ഇടവിട്ട് ഭരിച്ചു. 2015ല്‍ 20-20 വിജയിച്ചതോടെ കോൺഗ്രസ് മാത്രമല്ല ഇടതുപക്ഷവും അവിടെ അപ്രസക്തമായി.

കേരളത്തിലെ മറ്റൊരു പഞ്ചായത്തിലും നിലവിലില്ലാത്ത വിധം കിറ്റക്സ് കമ്പനിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് പഞ്ചായത്ത് ഭരണസമിതി പ്രവര്‍ത്തിച്ചത്. പഞ്ചായത്തുകള്‍ക്കുള്ള സര്‍ക്കാര്‍ ഫണ്ടിനു പുറമേ കമ്പനിയുടെ സി എസ് ആര്‍ ഫണ്ടും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചു. തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് അംഗങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ഓണറേറിയത്തിനു പുറമേ 15,000 രൂപ കമ്പനിയുടെ സിഎസ്ആര്‍ ഫണ്ടില്‍ നിന്ന് ശമ്പളമായി നല്‍കി. പ്രസിഡന്റിനു 25,000 രൂപയും വൈസ് പ്രസിഡന്റിനു 20,000 രൂപയും ശമ്പളം നല്‍കി. ഓരോ വാര്‍ഡിലെയും മെമ്പര്‍മാരെ സഹായിക്കാന്‍ ഓരോ സോഷ്യല്‍ വര്‍ക്കറെയും കമ്പനി ചെലവില്‍ നിയമിച്ചു.

ഒരു ജനപ്രതിനിധി മറ്റെവിടെ നിന്നും പാരിതോഷികം കൈപ്പറ്റാന്‍ പാടില്ലെന്നാണ് ചട്ടം. ഇത് മറികടന്നാണ് സ്വകാര്യ കമ്പനിയുടെ ശമ്പളം അംഗങ്ങള്‍ പറ്റുന്നത് എന്നാണ് ആരോപണം. വാര്‍ഡ് മെമ്പര്‍മാര്‍ക്കു മേല്‍ കമ്പനി ശമ്പളം പറ്റുന്ന സോഷ്യല്‍ വര്‍ക്കാര്‍മാരെ വെയ്ക്കുന്നതും ജനാധിപത്യ വിരുദ്ധമാണെന്നാണ് ആക്ഷേപം ഉയര്‍ന്നത്. രാഷ്ട്രീയ പാര്‍ട്ടികളും മുന്നണികളും 20- 20 ഭരണത്തിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ത്തിയത്.

എന്നാൽ ഈ ആക്ഷേപങ്ങളും ആരോപണങ്ങളും 20-20 യുടെ മുന്നേറ്റത്തെ തടഞ്ഞുനിർത്തിയില്ല. അതിൻ്റെ മുഖ്യ കാരണം കുറഞ്ഞ വിലയ്ക്ക് ഭക്ഷണസാധനങ്ങൾ കിട്ടുന്നതും മറ്റ് പാർട്ടികൾ നടപ്പാക്കാത്ത വികസന പ്രവർത്തനങ്ങൾ നടപ്പാക്കാൻ കഴിഞ്ഞതുമാണ്. ജനങ്ങൾക്ക് കുറഞ്ഞ വിലയ്ക്ക് പച്ചക്കറിയും സാധനങ്ങളും നൽകി. മികച്ച റോഡുകളും വീടുകളും നിർമ്മിച്ചു നൽകി.

കേരളത്തില്‍ ദീർഘകാലമായി തുടരുന്ന യു ഡി എഫ് – എൽ ഡി എഫ് രാഷ്ട്രീയത്തോട് ജനങ്ങൾക്കുള്ള അസംതൃപതിയാണ് 20-20 പോലുള്ള പുത്തൻ രാഷ്ട്രീയത്തിന് ഇന്ധനമാകുന്നത്. കൊച്ചി കേന്ദ്രീകരിച്ചുള്ള V4 കൊച്ചി കഴിഞ്ഞ തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ കൊച്ചി നഗരസഭയിൽ മത്സരിച്ച് ചില വാര്‍ഡുകളില്‍ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. അവരും ഈ തെരഞ്ഞെടുപ്പിൽ ചില മണ്ഡലങ്ങളിൽ മത്സരിക്കുന്നുണ്ട്. എല്ലാവർക്കും ഒരുപോലെ പ്രതിമാസം 10000 രൂപ പെൻഷൻ ആവശ്യപ്പെടുന്ന വൺ ഇന്ത്യ വൺ പെൻഷനും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മത്സരിച്ചു.

ഇത്തരം പുതിയ രാഷ്ട്രീയ വേദികൾ കുറെ വിഭാഗങ്ങളെ ആകർഷിക്കുന്നുണ്ട്. ഇടതും വലതും തകരാറാണ് എന്നതാണ് പൊതുവായി ഇത്തരം സംഘങ്ങളുടെ പ്രചാരണം. നിലവിലുള്ള ഭരണ- പ്രതിപക്ഷ രാഷ്ട്രീയ മുന്നണികളോട് അസംതൃപ്തിയുള്ളവരും ഇതേ പ്രചാരണം നടത്തുന്ന ബിജെപിയോട് ചേരാൻ മടിക്കുന്നവരുമാണ് ഇതിൽ ആകൃഷ്ടരാകുന്നത്. എന്നാൽ ഇരു മുന്നണികളെയും എതിർക്കുന്ന 20-20 പോലുള്ള പാർട്ടികൾ ബിജെപിയുടെ തികഞ്ഞ ജനവിരുദ്ധതയെക്കുറിച്ച് മൗനം പാലിക്കുന്നത് ശ്രദ്ധേയമാണ്.

കാർഷിക നിയമങ്ങളെ കുറിച്ചും കർഷക സമരത്തെക്കുറിച്ചുള്ള ഒരു മാധ്യമത്തിൻ്റെ ചോദ്യത്തിന് പുറത്തു പറയാൻ സമയമായില്ല എന്നാണ് സാബു ജേക്കബ് പറഞ്ഞത്. പൗരത്വ നിയമ ഭേദഗതിയെക്കുറിച്ചും ബിജെപി സർക്കാരിൻ്റെ മറ്റ് നയങ്ങളെക്കുറിച്ചും അവർ പാലിക്കുന്ന മൗനത്തിന് രാഷ്ടീയമുണ്ട്. അത് ഇടതുപക്ഷക്കാർ പറയുന്നത് പോലെ കേവലമായ അരാഷ്ട്രീയവാദമല്ല. അത് നിലനിൽക്കുന്ന രാഷ്ട്രീയത്തോടുള്ള വിരുദ്ധതയിലൂടെ മറ്റൊരു രാഷ്ട്രീയത്തെ ക്ഷണിച്ചുകൊണ്ടു വരുന്ന കുതന്ത്രമാണ്.

സംഘപരിവാർ രാഷ്ട്രീയത്തിലേക്കുള്ള കൈവഴികളാണ് ഇത്തരം സംഘങ്ങൾ. ഇവരിൽ പലരും നരേന്ദ്ര മോദിയുടെ ആരാധകരാണ് എന്നത് ഒട്ടും യാദൃച്ഛികമല്ല. ബിജെപിയോട് ഇപ്പോള്‍ അകൽച്ച സൂക്ഷിക്കുന്നവരെ, പ്രത്യേകിച്ച് മധ്യവര്‍ഗ വിഭാഗങ്ങളെ അവരിലേക്ക് ക്രമേണ അടുപ്പിക്കുന്ന ദൗത്യമാണ് ഇവർക്കുള്ളത്. കുറെ കഴിയുമ്പോൾ ഇവർ ദുർബ്ബലപ്പെടുകയും സംഘപരിവാർ രാഷ്ട്രീയത്തിൻ്റെ വ്യാപനത്തിന് സഹായകമാകുകയും ചെയ്യും.

കേരളത്തിൻ്റെ ജാതിവിരുദ്ധ സമരങ്ങളുടെ ചരിത്രവും മതേതരത്വവും എല്ലാം മായ്ച്ചുകളയുന്നതിലൂടെയാണ് ഇത് സാധ്യമാകുന്നത്. അതിലൂടെ ചരിത്രബോധമില്ലാത്ത ഒരു മധ്യവർഗം ഈ രാഷ്ട്രീയത്തിലേക്ക് ആകർഷിക്കപ്പെടും.
അതുകൊണ്ടാണ് ശ്രീനിവാസൻ നവോത്ഥാനം എന്താണെന്ന് അറിയില്ല അത് ച്യവനപ്രാശമാണോ എന്ന് വിഡ്ഢി ചോദ്യം ചോദിക്കുന്നത്. എന്നാൽ അത് വിഡ്ഢിത്തമല്ല, മറ്റൊരു ചരിത്രം നിർമ്മിക്കലാണ്. തീവ്ര വലതുപക്ഷ രാഷ്ട്രീയമാണ് അതിൻ്റെ ബുദ്ധിപരമായ അടിത്തറ.