Thu. Dec 19th, 2024

നിയമസഭ സ്ഥാനാർത്ഥി നിർണയത്തിനെതിരെ എൽഡിഎഫിലും യുഡിഎഫിലും പല മണ്ഡലങ്ങളിലും പ്രതിഷേധം ഉയരുന്നു. പലയിടത്തും പാർട്ടി പ്രവർത്തകർ തെരുവിലിറങ്ങുന്നു. പോസ്റ്ററുകൾ ഒട്ടിക്കുന്നു. സാമൂഹിക മാധ്യമങ്ങളിൽ പ്രചാരണം നടത്തുന്നു. പാർട്ടി നേതൃത്വങ്ങൾ തങ്ങൾക്ക് വേണ്ടാത്ത സ്ഥാനാർത്ഥികളെ മണ്ഡലത്തിൽ കെട്ടിയിറക്കുന്നതായി ആരോപിച്ച് സിപിഎമ്മിലെയും കോൺഗ്രസിലെയും മുസ്ലിം ലീഗിലെയും പ്രവർത്തകരാണ് പ്രതിഷേധിക്കുന്നത്.

പൊന്നാനിയിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ്റെ മണ്ഡലത്തിൽ സിപിഎം പ്രവർത്തകരാണ് വലിയ പ്രതിഷേധം പ്രകടിപ്പിച്ചത്. ശ്രീരാമകൃഷ്ണന് പകരം പി നന്ദകുമാറിനെ സ്ഥാനാർത്ഥിയായി നിശ്ചയിച്ചതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. പ്രാദേശിക സിപിഎം നേതാവായ ടി എം സിദ്ദിഖിനെ മത്സരിപ്പിക്കണം എന്നാണ് പ്രവർത്തകരുടെയും അനുഭാവികളുടെയും ആവശ്യം. ‘നേതാക്കളെ പാർട്ടി തിരുത്തും, പാർട്ടിയെ ജനങ്ങൾ തിരുത്തും’ എന്ന ലെനിൻ്റെ വാക്കുകൾ ഉദ്ധരിച്ചാണ് പ്രതിഷേധം. എന്നാല്‍ പ്രതിഷേധം പാർട്ടി വിരുദ്ധമാണെന്ന് സിദ്ദിഖ് തന്നെ പറയുന്നു

കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിയിൽ സിപിഎമ്മിൻ്റെ സീറ്റ് കേരള കോൺഗ്രസിന് നൽകിയതിലാണ് പ്രതിഷേധം. കണ്ണൂരിൽ പി ജയരാജന് സീറ്റ് നിഷേധിക്കുന്നതിനെതിരെ പി ജെ ആർമി എന്ന പേരിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രതിഷേധം ഉയർന്നു. തരൂരിൽ എ കെ ബാലന് പകരം ഭാര്യ പി കെ ജമീലയെ മത്സരിപ്പിക്കാൻ ശ്രമിച്ചതില്‍ എതിര്‍പ്പുണ്ടായപ്പോള്‍ അത് ഒഴിവാക്കേണ്ടിവന്നു.

അമ്പലപ്പുഴയിൽ ജി സുധാകരനെ ഒഴിവാക്കുന്നതിൽ പ്രതിഷേധിച്ച് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. കളമശേരിയിൽ പി രാജീവ് മത്സരിക്കുന്നതിനെതിരെയും മഞ്ചേശ്വരത്ത് കെ ആർ ജയാനന്തനെതിരെയും പോസ്റ്ററുകൾ പതിച്ചു.

സാധാരണ നിലയിൽ സിപിഎം ജില്ലാ കമ്മിറ്റികൾ നൽകുന്ന സ്ഥാനാർത്ഥികളുടെ നിർദ്ദേശങ്ങൾ പരിഗണിച്ച് സംസ്ഥാന സെക്രട്ടേറിയറ്റ് ആയിരുന്നു പാർട്ടി സ്ഥാനാർത്ഥികളെ തീരുമാനിച്ചിരുന്നത്. സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തോടെയും ഭേദഗതിയോടെയും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും.

പ്രവർത്തകർക്ക് പ്രതിഷേധമുണ്ടെങ്കിലും അത് പരസ്യമായി പ്രകടിപ്പിച്ചിരുന്നില്ല. പാർട്ടി കമ്മിറ്റികൾക്ക് പരമാധികാരമുള്ള കേഡർ പാർട്ടികളാണ് കമ്യൂണിസ്റ്റ് പാർട്ടികൾ എന്നാണ് സങ്കൽപ്പം. മേൽ കമ്മിറ്റികളുടെ തീരുമാനങ്ങൾ അനുസരിച്ച് പ്രവർത്തിക്കാൻ കീഴ് കമ്മിറ്റികളും പ്രവർത്തകരും ബാധ്യസ്ഥരാണ്.

എന്നാൽ ഇത് പലപ്പോഴും പരസ്യമായി ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. 2006ലും 2011ലും സിപിഎമ്മിലെ മുതിർന്ന നേതാവായ വി എസ് അച്ചുതാനന്ദന് സീറ്റ് നൽകാതിരുന്നത് വ്യാപകമായ പരസ്യ പ്രതിഷേധത്തിന് കാരണമായി. അന്ന് പാർട്ടിക്ക് വഴങ്ങേണ്ടിയും വന്നു. അതിന് ശേഷം ഇപ്പോഴാണ് പൊന്നാനിയിൽ ഉണ്ടായതുപോലുള്ള വലിയ പരസ്യ പ്രതിഷേധം ഉണ്ടായത്.

കോൺഗ്രസിനുള്ളിൽ പ്രതിഷേധങ്ങൾ തുടങ്ങിയിട്ടേയുള്ളൂ. കണ്ണൂർ ഇരിക്കൂറിൽ 1982 മുതൽ മത്സരിച്ച് വിജയിച്ചു കൊണ്ടിരിക്കുന്നത് കെ സി ജോസഫാണ്. കോട്ടയംകാരനായ ജോസഫ് തുടർച്ചയായി മത്സരിക്കുന്നതിൽ ഇരിക്കൂറിൽ കഴിഞ്ഞ തെരഞ്ഞടുപ്പുകളിൽ തന്നെ എതിർപ്പുണ്ടായി. ഇത്തവണ മണ്ഡലം മാറി കോട്ടയം ജില്ലയിൽ മത്സരിക്കാനുള്ള നീക്കത്തിനെതിരെ ഉണ്ടായി പ്രതിഷേധവും ഫലം കണ്ടുവെന്നാണ് സൂചന.

പല മണ്ഡലങ്ങളിലും അഞ്ച് പേർ വീതമുള്ള ലിസ്റ്റാണ് കെപിസിസി തയ്യാറാക്കിയിരിക്കുന്നത്. ഡെൽഹിയിൽ സ്ഥാനാർത്ഥി ചർച്ചകൾ നടന്നുകൊണ്ടിരിക്കുന്നു. ലിസ്റ്റ് പുറത്തിറങ്ങിയാൽ പ്രതിഷേധങ്ങൾ പ്രതീക്ഷിക്കാം. സിപിഎമ്മിൽ ഇപ്പോൾ കാണുന്ന പ്രതിഷേധത്തിൽ നിന്ന് വ്യത്യസ്തമാണ് കോൺഗ്രസിൽ ഉണ്ടാകുന്ന പ്രതിഷേധങ്ങൾ. സ്ഥാനാർത്ഥിത്വം കിട്ടാത്ത നേതാക്കളും ഗ്രൂപ്പുപോരുമാണ് പലപ്പോഴും പ്രതിഷേധങ്ങൾക്കിടയാക്കുന്നത്.

മുസ്ലിം ലീഗിൽ കളമശേരിയിൽ ഇബ്രാഹിം കുഞ്ഞ് മത്സരിക്കുന്നതിനെതിരെ എതിർപ്പുകൾ ഉയർന്നു കഴിഞ്ഞു. അഴിമതിക്കാരനായ ഇബ്രാഹിം കുഞ്ഞ് വീണ്ടും മത്സരിക്കരുതെന്നാണ് ഒരു വിഭാഗം പ്രവർത്തകർ ആവശ്യപ്പെടുന്നത്. കുഞ്ഞാലിക്കുട്ടി എം പി സ്ഥാനം രാജിവെച്ച് വീണ്ടും നിയമസഭയിലേക്ക് മത്സരിക്കുന്നതിലും എതിർപ്പുകളുണ്ട്.

ഗ്രൂപ്പ് വഴക്കുകളും സീറ്റ് കിട്ടാത്തവരുടെ മോഹഭംഗവും മാറ്റിവെച്ചാൽ ഒരു മണ്ഡലത്തിലെ സ്ഥാനാർത്ഥിയെ നിശ്ചയിക്കുന്നതിൽ പാർട്ടി പ്രവർത്തകർക്കും പ്രാദേശിക കമ്മിറ്റികൾക്കും കാര്യമുണ്ടോ എന്നതാണ് ചോദ്യം. ജനാധിപത്യത്തിൽ ജനവികാരത്തിന് പ്രാധാന്യമുണ്ട് എന്നാണ് മറുപടി.

മത്സരിക്കുന്നവരിൽ ആരെ തെരഞ്ഞെടുക്കണം എന്ന് തീരുമാനിക്കാനുള്ള അവകാശം വോട്ടർമാർക്കാണ്. എന്നാൽ ഒരു മണ്ഡലത്തിൽ തങ്ങളുടെ പാർട്ടിയിൽ നിന്ന് ആര് മത്സരിക്കണമെന്ന് തീരുമാനിക്കുന്നതിൽ പാർട്ടി പ്രവർത്തകരുടെ അഭിപ്രായം പരിഗണിക്കണമോ എന്നാണ് ഇപ്പോഴത്തെ പ്രതിഷേധങ്ങൾ ഉയർത്തുന്ന ചോദ്യം. ആര് മത്സരിക്കണമെന്ന് പാർട്ടി തീരുമാനിക്കും എന്നാണ് നേതാക്കൾ പറയുന്നത്. പാർട്ടി നേതൃത്വത്തിൻ്റെ തീരുമാനം അന്തിമമാണ്. അതിനെ എതിർക്കുന്നത് പാർട്ടി വിരുദ്ധവും.

എന്നാല്‍ ഒരു മണ്ഡലത്തിൽ മത്സരിക്കുന്നതിന് പ്രാദേശിക കമ്മിറ്റികള്‍ നല്‍കുന്ന പേരുകൾ മേൽ കമ്മിറ്റികൾ അംഗീകരിക്കാത്തതാണ് പലപ്പോഴും എതിർപ്പുകൾക്ക് കാരണം. സംസ്ഥാന നേതൃത്വങ്ങൾക്ക് പ്രാദേശിക വികാരത്തേക്കാൾ പരിഗണിക്കേണ്ട പല ഘടകങ്ങളുണ്ടാകാം. ജാതി, മതം, സമ്പത്ത്, നേതാക്കളുടെ താൽപര്യങ്ങൾ, മുന്നണി ബന്ധങ്ങൾ തുടങ്ങി പലതും.

എന്നാൽ അഞ്ചു വർഷത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്ന പല എംഎൽഎമാരും തെരഞ്ഞെടുപ്പിന് ശേഷം മണ്ഡലത്തിൽ തിരിഞ്ഞുനോക്കാറില്ല എന്ന പരാതി ജനങ്ങള്‍ക്കുണ്ടാകാറുണ്ട്. ജനങ്ങളുടെ ഒരു പ്രശ്നത്തിലും ഇടപ്പെടാത്ത എംഎൽഎമാരുണ്ട്. ഇതില്‍ ജനങ്ങളുടെ എതിര്‍പ്പുകള്‍ നേരിട്ടറിയുന്നത് പാർട്ടി പ്രവർത്തകരാണ്. അവരുടെ വികാരം മനസിലാക്കാൻ പാർട്ടി നേതൃത്വങ്ങൾക്ക് കഴിയാത്തതാണ് പ്രതിഷേധത്തിന് ഇടയാക്കുന്നത്.

ലോകത്ത് പലയിടത്തും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്ക്  പ്രവർത്തകരുടെ പിന്തുണ പരിശോധിക്കുന്നതിന് പ്രൈമറി ഇലക്ഷനുകളും ഹിത പരിശോധനകളും നടത്താറുണ്ട്. ഇതൊന്നും ഇവിടെ എളുപ്പത്തിൽ പ്രായോഗികമല്ലെന്ന് പറയാം. എന്നാൽ പ്രാദേശിക പ്രവർത്തകരുടെ അഭിപ്രായങ്ങൾ പരിഗണിക്കാൻ നേതൃത്വങ്ങൾക്ക് ബാധ്യതയുണ്ട്. പ്രാദേശിക കമ്മിറ്റികളുടെ നിർദ്ദേശങ്ങൾ എങ്കിലും പരിഗണിക്കണം. അല്ലെങ്കിൽ ഇത്തരം പരസ്യ പ്രതിഷേധങ്ങൾ സ്വാഭാവികമായി ഉയർന്നു വരും.

നേതൃത്വങ്ങൾക്കെതിരായ പരസ്യ പ്രതിഷേധങ്ങളെ ഭയപ്പെടേണ്ടതില്ല. ജനാധിപത്യമെന്നത് ജനങ്ങൾ നേതൃത്വങ്ങളെ തിരുത്താൻ തെരുവിലിറങ്ങുന്നത് കൂടിയാണ്. പാർട്ടികളെയും നേതാക്കളെയും തിരുത്താൻ പ്രവർത്തകർക്ക് അവകാശമുണ്ട്. ഇരുമ്പുമറകൾ കടന്ന് കാറ്റും വെളിച്ചവും കടന്നു വരട്ടെ.