Mon. Dec 23rd, 2024

കേരളത്തിലെ ഏതാണ്ട് എല്ലാ പാർട്ടികളും സ്ത്രീ- പുരുഷ തുല്യതക്കു വേണ്ടി വാദിക്കുന്നവരാണ്. കേരളത്തെക്കുറിച്ച് നമ്മൾ എപ്പോഴും അവകാശപ്പെടാറുള്ളത് പ്രബുദ്ധമെന്നും പുരോഗമനപരമെന്നുമാണ്. ആരോഗ്യം, വിദ്യാഭ്യാസം, സ്ത്രീ- പുരുഷ തുല്യത, തൊഴിൽ, ഭക്ഷണം, വരുമാനം എല്ലാത്തിലും കേരളം മുന്നിലാണ് എന്നാണ് അവകാശവാദം. എന്നാൽ കാര്യത്തോടടുക്കുമ്പോൾ ഈ കേരള മോഡൽ ഒരു സോപ്പ് കുമിളയാണെന്ന് ബോധ്യപ്പെടും.

കേരളത്തിൽ സ്ത്രീകൾക്ക് തുല്യനീതി ലഭിക്കുന്നു എന്ന അവകാശ വാദവും ഇതിൽ പെടും. കേരളത്തിലെ ജനസംഖ്യയിൽ സ്ത്രീകളാണ് കൂടുതൽ. എന്നാൽ അധികാര പങ്കാളിത്തത്തിന്‍റെ കാര്യത്തില്‍ ഏറെ പിന്നിലാണ്.

1957 മുതൽ 14 നിയമസഭകളിൽ 2000 ലേറെ എംഎൽഎമാർ ഉണ്ടായെങ്കിൽ അതിൽ സ്ത്രീകളുടെ പങ്കാളിത്തം 91 മാത്രം. കൃത്യമായി പറഞ്ഞാൽ 44 സ്ത്രീകൾ മാത്രമാണ് പല തവണകളായി എംഎൽഎമാരായത്. 201 പുരുഷന്മാർ മന്ത്രിമാരായപ്പോൾ 8 സ്ത്രീകൾ മാത്രമാണ് ഇതുവരെ മന്ത്രിമാരായത്. 50 ശതമാനത്തിലധികം സ്ത്രീകൾ ഉള്ളിടത്ത് അധികാര പങ്കാളിത്തം 5 ശതമാനം മാത്രം.

നിലവിലുള്ള 140 അംഗ നിയമസഭയിൽ 9 സ്ത്രീകൾ മാത്രമാണ് എംഎൽഎമാർ. അരൂരിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ഷാനിമോൾ ഉസ്മാൻ വിജയിച്ചതുകൊണ്ട് മാത്രമാണ് പ്രതിപക്ഷ ബഞ്ചിൽ ഒരു സ്ത്രീ ഉണ്ടായത്. പിണറായി വിജയൻ മന്ത്രിസഭയിൽ 2 പേർ, കെ കെ ശൈലജയും മേഴ്സിക്കുട്ടി അമ്മയും മന്ത്രിമാരാണ് എന്നതാണ് ആശ്വാസം.

കേരളത്തില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഇതുവരെ ഒരു സ്ത്രീ പോലും എത്തിയിട്ടില്ല. അടുത്ത സർക്കാരിലും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഭരണപക്ഷത്തും പ്രതിപക്ഷത്തും പറഞ്ഞു കേൾക്കുന്ന പേരുകൾ പുരുഷന്മാരുടേത് മാത്രം – പിണറായി വിജയൻ, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല.

ഇന്ത്യ പ്രധാനമന്ത്രി സ്ഥാനത്തും രാഷ്ട്രപതി സ്ഥാനത്തും സ്പീക്കർ സ്ഥാനത്തും സ്ത്രീകളുണ്ടായി. ഇന്ദിരാ ഗാന്ധിയെന്ന പ്രധാനമന്ത്രിയെ ചരിത്രത്തിന് മറക്കാനാവില്ല. പ്രതിഭ പാട്ടീൽ രാഷ്ട്രപതിയും മീര കുമാർ സ്പീക്കറുമായിരുന്നു. എന്നാൽ ഇപ്പോഴും മതിയായ പ്രാതിനിധ്യമില്ലെന്ന് സ്ത്രീ ജനപ്രതിനിധികൾ പറയുന്നു. 24 വർഷം മുമ്പ് ഉന്നയിക്കപ്പെട്ട 33 ശതമാനം സംവരണം ഇതു വരെ നടപ്പാക്കപ്പെട്ടിട്ടില്ല. 50 ശതമാനം സംവരണം വേണമെന്നാണ് രാജ്യസഭയിൽ വനിത എംപിമാർ ആവശ്യപ്പെട്ടത്.

പിന്നാക്ക സംസ്ഥാനമെന്ന് നമ്മൾ കരുതുന്ന ഉത്തർ പ്രദേശിൽ രണ്ട് സത്രീകൾ മുഖ്യമന്ത്രിമാരായി. സുചേത കൃപലാനിയും മായാവതിയും. രാജ്യത്ത് മുഖ്യമന്ത്രിയാകുന ആദ്യ ദലിത് സ്ത്രീ കൂടിയാണ് മായാവതി. ഒഡീഷയിൽ നന്ദിനി സത് പതി രണ്ട് തവണ മുഖ്യമന്ത്രിയായി. തമിഴ്നാട്ടിൽ രണ്ട് വനിത മുഖ്യമന്ത്രിമാർ ഉണ്ടായി. ജയലളിത മാത്രമല്ല എംജിആറിൻ്റെ മരണ ശേഷം ജാനകി രാമചന്ദ്രനും. അഞ്ച് തവണയാണ് ജയലളിത മുഖ്യമന്ത്രിയായത്.

ഡെൽഹിയിൽ ബിജെപിയിലെ സുഷമ സ്വരാജും കോൺഗ്രസിലെ ഷീല ദീക്ഷിത്തും മുഖ്യമന്തിമാരായിരുന്നു. പശ്ചിമ ബംഗാളിൽ മമത ബാനർജിയാണ് മുഖ്യമന്ത്രി. തൃണമൂൽ ഈ തെരഞ്ഞെടുപ്പിൽ ജയിച്ചാൽ വീണ്ടും മമത മുഖ്യമന്ത്രിയാകും. മധ്യ പ്രദേശിൽ ഉമ ഭാരതിയും രാജസ്ഥാനിൽ വസുന്ധര രാജയും മുഖ്യമന്ത്രിമാരായിരുന്നു ഗുജറാത്തിൽ ആനന്ദി ബെൻ പട്ടേലും പഞ്ചാബിൽ രജീന്ദർ കൗർ ബാദലും ഭരിച്ചു.

ബീഹാറിൽ ലാലു പ്രസാദ് യാദവ് ജയിലിൽ പോയ ശേഷമാണെങ്കിലും റാബ്രി ദേവി മൂന്ന് തവണ മുഖ്യമന്ത്രിയായി. ജമ്മു കശ്മീരിൽ മെഹബൂബ മുഫ്തിയും ഭരണം നടത്തി.

പക്ഷെ പുരോഗമന കേരളത്തിൽ ഒരു സ്ത്രീ പോലും മുഖ്യമന്ത്രി സ്ഥാനത്തേക്ക് കടന്നു വന്നില്ല. ഇപ്പോഴും പരിഗണനയിൽ പോലുമില്ല. കേരളത്തിൽ ആദ്യ കാലത്ത് കമ്യൂണിസ്റ്റ് പാർട്ടിയിലും കോൺഗ്രസിലും പ്രഗത്ഭരായ സ്ത്രീ നേതാക്കൾ ഉണ്ടായിരുന്നു. എന്നാൽ അവരാരും മുഖ്യമന്ത്രി സ്ഥാനത്തേക്കോ മറ്റ് പ്രധാന പദവികളിലേക്കോ പരിഗണിക്കപ്പെട്ടില്ല. പിൽക്കാലത്ത് കഴിവുള്ള സ്ത്രീ നേതാക്കൾ പലരും ഒതുക്കപ്പെട്ടു.

1987ൽ കെ ആർ ഗൗരിയമ്മ മുഖ്യമന്ത്രിയാകുമെന്ന് പ്രചരിപ്പിക്കപ്പെട്ടു. കേരം തിങ്ങും കേരള നാട്ടിൽ കെ ആർ ഗൗരി നയിക്കുമെന്ന മുദ്രാവാക്യം കേരളത്തിൽ ചുവരെഴുത്തുകളായി. എന്നാൽ അധികാരമേറ്റത് അതുവരെ രംഗത്തില്ലാത്ത ഇ കെ നായനാരായിരുന്നു. പിന്നീട് പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട ഗൗരിയമ്മ ജെ എസ് എസ് എന്ന പാർട്ടി രൂപീകരിച്ചു. ഒരു പക്ഷെ ഒരു സ്ത്രീ നേതൃത്വം നൽകിയ ഏക പാർട്ടിയും ജെഎസ്എസ് ആണ്.

അധികാരത്തിൽ മാത്രമല്ല കേരളത്തിലെ പാർട്ടികളുടെ നേതൃത്വത്തിലും സമ്പൂർണ പുരുഷാധിപത്യം തന്നെയാണ്. കമ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറിമാരായോ കെപിസിസി പ്രസിഡൻ്റുമാരായോ ഒരു സ്ത്രീ പോലും ഉണ്ടായിട്ടില്ല. ഇപ്പോൾ പോലും പാർട്ടി ജില്ലാ സെക്രട്ടറിമാരും പ്രസിഡൻറുമാരും പുരുഷന്മാർ മാത്രമാണ്.

കേരള കോൺഗ്രസുകളും മുസ്ലിം ലീഗും റെവലൂഷണറി സോഷ്യലിസ്റ്റ് പാർട്ടികളും മാത്രമല്ല മാവോയിസ്റ്റ് – നക്സലൈറ്റ് പാർട്ടികളുടെ നേതൃത്വത്തിൽ പോലും സ്ത്രീകളില്ല. കേരളത്തില്‍ രാഷ്ട്രീയമെന്നത് എക്കാലവും പുരുഷന്മാരുടെ കളികളാണ്. അധികാര മത്സരമാണെങ്കിലും താഴെത്തട്ടിലെ അക്രമ രാഷ്ട്രീയമാണെങ്കിലും പുരുഷന്മാർക്ക് മാത്രമേ അതിൽ റോളുള്ളൂ. സ്ത്രീകൾ അതിൻ്റെ അനുബന്ധമായി കടന്നുവരുന്നവർ മാത്രം.

തദ്ദേശഭരണ സ്ഥാപനങ്ങളിൽ സ്ത്രീകളുടെ പ്രാതിനിധ്യമുണ്ട്. പ്രസിഡൻ്റുമാരായും മേയർമാരായും ഭരിക്കുന്നത് പഞ്ചായത്ത് രാജ് നിയമത്തിൽ സംവരണം വ്യവസ്ഥ ചെയ്തിരിക്കുന്നത് കൊണ്ടു മാത്രമാണ്. എന്നാല്‍ നിയമസഭയിലും പാർലമെൻ്റിലും വനിത സംവരണമില്ലാത്തതിനാൽ പുരുഷ നേത്യത്വ പാർട്ടികളുടെ ഔദാര്യത്തിൽ കടന്നുവരുന്ന കുറച്ചു സ്ത്രീകളാണ് എംഎൽഎമാരും മന്ത്രിമാരുമാകുന്നത്.

കേരളത്തിലെ ദലിതരും ആദിവാസികളും  തെരഞ്ഞെടുക്കപ്പെടുന്നത് സംവരണം ഉള്ളതുകൊണ്ട് മാത്രമാണ്. സംവരണം ഇല്ലായിരുന്നുവെങ്കില്‍ അവരിൽ എത്ര പേർ നിയമസഭയിലും പാർലമെൻറിലും എത്തുമായിരുന്നു?

സ്ത്രീകൾക്ക് നിയമസഭയിലേക്കും പാർലമെൻ്റിലേക്കും പ്രാതിനിധ്യം ഉറപ്പുവരുത്തണമെങ്കിൽ സംവരണം മാത്രമാണ് പരിഹാരം. അതിന് പാർലമെൻ്റ് നിയമം പാസാക്കണം. പ്രഖ്യാപനങ്ങള്‍ നടത്തുന്നതല്ലാതെ മാറിമാറി ഭരിച്ച ഒരു സർക്കാരും അതിന് ഇതുവരെ തയ്യാറായിട്ടില്ല. പിന്നാക്ക പ്രാതിനിധ്യം ഉൾപ്പെടുന്ന 50 ശതമാനം വനിത സംവരണം നടപ്പാക്കപ്പെടണം.

എന്നാൽ സംവരണം നടപ്പാകുന്നതുവരെ വനിത പ്രാതിനിധ്യം ഉറപ്പാക്കുന്നതിന്  രാഷ്ട്രീയ പാർട്ടികൾ കാത്തിരിക്കേണ്ടതുണ്ടോ? ഇപ്പോൾ കേരളത്തിൽ നടക്കാൻ പോകുന്ന തെരഞ്ഞെടുപ്പിൽ ഓരോ പാർട്ടിയും സ്ഥാനാർത്ഥി നിർണയത്തിൽ സ്ത്രീകളുടെ പരമാവധി പ്രാതിനിധ്യം ഉറപ്പുവരുത്തണം. പാർട്ടി നേതൃത്വങ്ങൾ സ്ത്രീകളെ ഉൾപ്പെടുത്തി അഴിച്ചുപണിയണം.

അടുത്ത മുഖ്യമന്ത്രി സ്ത്രീയാകുമെന്ന് എൽഡിഎഫും യു ഡി എഫും പ്രഖ്യാപിക്കട്ടെ. പകുതി മന്ത്രിമാരും സ്ത്രീകളാകട്ടെ. അതിന് പ്രാപ്തിയുള്ള സ്ത്രീ നേതാക്കൾ ആ പാർട്ടികളിലുണ്ട്.

ഇതൊന്നും ഒരു പാർട്ടിയും പ്രഖ്യാപിക്കാൻ സാധ്യതയില്ല. കാരണം കേരളത്തിലെ എല്ലാ മുന്നണികളും പാർട്ടികളും സമർത്ഥമായി മൂടിവെക്കുന്നതാണ് പുരുഷാധിപത്യവും ജാതീയതയും. പുരോഗമന കേരളീയ സമൂഹമെന്ന വ്യാജം അതിനു മേലാണ് കെട്ടിപ്പൊക്കിയിരിക്കുന്നത്. അതുകൊണ്ടാണ് കേരളത്തിൽ ഒരു സ്ത്രീ മുഖ്യമന്ത്രിയോ ദലിത് മുഖ്യമന്ത്രിയോ ഇതുവരെ ഉണ്ടാകാത്തത്. പാർട്ടികളുടെ നേതൃത്വങ്ങളിലും അവരില്ലാത്തതിന് കാരണവും മറ്റൊന്നല്ല.

ഒരു ജനവിഭാഗത്തിനും അധികാരവും അവകാശവും ആരും ദാനം നൽകിയ ചരിത്രമല്ല. എല്ലാം പൊരുതി നേടിയതാണ്. ഇവിടെയും അത് മാത്രമാണ് വഴി. സ്ത്രീകളുടെ നേതൃത്വവും പ്രാതിനിധ്യവും അധികാരത്തിൽ ഉണ്ടാകണമെങ്കിൽ അവർ അതിനായി ശക്തമായി ശബ്ദമുയർത്തണം. രാഷ്ട്രീയത്തിലും സമൂഹത്തിലും നിലനിൽക്കുന്ന പുരുഷാധിപത്യത്തെ നേരിടണം. തുല്യ നീതി ഉറപ്പാക്കാൻ അതാണ് ഏക മാർഗം. ഇനിയെങ്കിലും സ്ത്രീകൾ കേരളത്തിൻ്റെ ഭരണ നേതൃത്വം ഏറ്റെടുക്കണ്ടേ?