അടുത്ത മുഖ്യമന്ത്രിയാകുമെന്ന് കരുതുന്ന പിണറായി വിജയനും ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഇത്തവണ മാറി നിൽക്കേണ്ടിവരും. നിയമസഭ തെരഞ്ഞെടുപ്പില്‍ എൽഡിഎഫും യുഡിഎഫും ജയിച്ചു വന്നാലും അവർക്ക് ഭരിക്കാൻ കഴിയില്ല. വെറുതെ പ്രതിപക്ഷത്ത് എംഎൽഎമാരായി ഇരിക്കാമെന്ന് മാത്രം.
കാരണം ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കേരളത്തിലെ അടുത്ത മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചു കഴിഞ്ഞു. കൊച്ചി മെട്രോ നിർമ്മാണത്തിലൂടെ മെട്രോമാനായി മാറിയ ഇ ശ്രീധരനാണ് അടുത്ത മുഖ്യമന്ത്രി. സുരേന്ദ്രൻ പ്രഖ്യാപിച്ച നിലയ്ക്ക് അതിൽ മാറ്റമുണ്ടാകില്ല. മറ്റ് മന്ത്രിമാരെയും സ്പീക്കറെയും ഉടൻ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കാം.
അസമയത്തുള്ള പ്രഖ്യാപനത്തിൽ കേന്ദ്ര നേതൃത്വം അതൃപ്തി പ്രകടിപ്പിച്ചപ്പോൾ ലേശം മലക്കം മറിഞ്ഞെങ്കിലും താനും കേരളവും അത് ആഗ്രഹിക്കുന്നുണ്ട് എന്നതിൽ സുരേന്ദ്രന് ഒട്ടും സംശയമില്ല. മുഖ്യമന്ത്രിയെ നേരിട്ട് പ്രഖ്യാപിക്കാമോ എന്ന് മുരളീധരന് ചില്ലറ ആശയക്കുഴപ്പമുണ്ടെങ്കിലും ശ്രീധരൻ മുഖ്യമന്ത്രിയാകണം എന്ന് തന്നെയാണ് അദ്ദേഹവും പറയുന്നത്.
സാധാരണ നമ്മുടെ ജനാധിപത്യത്തിൽ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം കിട്ടുന്ന പാർട്ടിയുടെയോ മുന്നണിയുടെയോ എംഎൽഎമാർ ചേർന്നാണ് മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാറുള്ളത്. പക്ഷെ ബിജെപി ഒരു സാധാരണ ജനാധിപത്യ പാർട്ടിയല്ലല്ലോ. അതുകൊണ്ട് അവർക്ക് നേരിട്ട് മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാം.
മുഖ്യമന്ത്രിയാകാൻ ആഗ്രഹിച്ചല്ല പാർട്ടിയിൽ ചേർന്നതെങ്കിലും പാർട്ടി പറഞ്ഞാൽ ഏറ്റെടുക്കുമെന്നാണ് ശ്രീധരനും പറയുന്നത്. നാടിനെ സേവിക്കാൻ തുടിക്കുകയാണ് അദ്ദേഹത്തിൻ്റെ ഹൃദയം. നരേന്ദ്ര മോദി ഗുജറാത്തിൽ നടപ്പാക്കിയ ജനസേവനം നേരിട്ടു മനസിലാക്കിയ അദ്ദേഹത്തിന് കേരളത്തിലും അത് നടപ്പാക്കിയേ തീരൂ. അതുകൊണ്ട് ശ്രീധരൻ തന്നെയാകും അടുത്ത മുഖ്യമന്ത്രി.
ഇ ശ്രീധരനും കെ സുരേന്ദ്രനും കേരളം പിടിച്ചെടുക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചു കഴിഞ്ഞു. തനിക്ക് പിന്നാലെ ലക്ഷക്കണക്കിന് ജനങ്ങൾ ബിജെപിയിലേക്ക് ഒഴുകിയെത്തുമെന്ന് മെട്രോമാന് ഉറപ്പുണ്ട്. അതോടെ ബിജെപിയുടെ വോട്ട് ഇരട്ടിയാകും. എവിടെ മത്സരിച്ചാലും ജയിക്കുമെന്ന് ഉറപ്പുണ്ടെങ്കിലും അദ്ദേഹത്തിന് ചില കണ്ടീഷനുകളുണ്ട്. ഇപ്പോൾ താമസിക്കുന്ന പൊന്നാനിയിൽ നിന്ന് കൂടുതൽ ദൂരെ പോയി മത്സരിക്കാൻ ബുദ്ധിമുട്ടുണ്ട്. 88 വയസുണ്ടല്ലോ. മുഖ്യമന്ത്രിയായാൽ നിയമസഭയും സെക്രട്ടേറിയറ്റും പൊന്നാനിക്ക് മാറ്റുമോ എന്ന് പറഞ്ഞിട്ടില്ല.
ഇനി സുരേന്ദ്രൻ്റെ പദ്ധതികൾ ഇപ്രകാരമാണ്: 35- 40 സീറ്റുകൾ നേടിയാൽ ബിജെപിക്ക് കേരളത്തിൽ അധികാരത്തിലെത്താം. ബാക്കി സീറ്റുകൾ യുഡിഎഫിലും എൽഡിഎഫിലും ഉണ്ടെന്നാണ് അദ്ദേഹത്തിൻ്റെ അവകാശവാദം. നിലവില്‍ ഒരു സീറ്റു മാത്രമുള്ള ബിജെപി എങ്ങനെ 35 സീറ്റ് നേടുമെന്നാണ് ചോദ്യമെങ്കിൽ അതിനുള്ള പദ്ധതി രഹസ്യമാണ്, വെളിപ്പെടുത്തിയിട്ടില്ല.
തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം കിട്ടിയില്ലെങ്കിലും മന്ത്രിസഭയുണ്ടാക്കാനും ഭൂരിപക്ഷമുള്ള സർക്കാരിനെ അട്ടിമറിക്കാനും കഴിയുന്ന അസാധാരണ പാർട്ടിയാണല്ലോ ബിജെപി. പോരാത്തതിന് സർവശക്തരായ നരേന്ദ്ര മോദിയും അമിത് ഷായും നയിക്കുന്ന സർക്കാർ കേന്ദ്രത്തിലുണ്ട്. മധ്യപ്രദേശിലും കർണാടകത്തിലും ഭൂരിപക്ഷം കിട്ടിയിട്ടാണോ അധികാരത്തിൽ വന്നത്? ജനങ്ങൾ തെരഞ്ഞെടുക്കാത്ത മൂന്ന് നോമിനേറ്റഡ് എംഎൽഎമാരെക്കൊണ്ടല്ലേ പുതുച്ചേരി സർക്കാരിനെ താഴെയിറക്കിയത്?
ഇനി കേരളത്തിൽ നിന്നുള്ള എംഎൽഎമാരെക്കൊണ്ട് ഭൂരിപക്ഷം തികഞ്ഞില്ലെങ്കിൽ ഇഷ്ടം പോലെ ബിജെപി എംഎൽഎമാരുള്ള ഉത്തർപ്രദേശിൽ നിന്നോ ഗുജറാത്തിൽ നിന്നോ എംഎൽഎമാരെ കൊണ്ടുവന്ന് ഭൂരിപക്ഷം ഒപ്പിക്കാമെന്ന് സുരേന്ദ്രനറിയാം. ബിജെപിയോടാണ് കളി.
അധികാരത്തിൽ വന്നശേഷം ശ്രീധരനും ബിജെപിക്കും ചില കാര്യങ്ങള്‍ നടപ്പാക്കാനുണ്ട്. പുള്ളിക്ക് സസ്യാഹാരം മാത്രമേ ഇഷ്ടമുള്ളൂ. മുട്ട പോലും ഇഷ്ടമല്ല. മാത്രമല്ല, മാംസാഹാരം കഴിക്കുന്നവരെയും ഇഷ്ടമല്ല. മുഖ്യമന്ത്രിയുടെ ഇഷ്ടം നടപ്പാക്കണമെങ്കിൽ ഒന്നുകിൽ മാംസാഹാരം പൂർണ്ണമായി നിരോധിക്കാം. അല്ലെങ്കിലോ മാംസം കഴിക്കുന്നവരെ മൊത്തം ഇല്ലാതാക്കുകയോ നിർബന്ധിച്ച് സസ്യാഹാരി ആക്കുകയോ ചെയ്യാം.
പിന്നെ ലവ് ജിഹാദിന് ശ്രീധരനും ബിജെപിയും ഒരു പോലെ എതിരാണ്. അതു കൊണ്ട് ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മിൽ വിവാഹം കഴിക്കുന്നത് നിരോധിക്കും. അതിന് നിയമം കൊണ്ടുവരുന്ന കാര്യം തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിൽ തന്നെ പറഞ്ഞിട്ടുണ്ടല്ലോ.
പിന്നെ കേരളം മുഴുവൻ മെട്രോയും പാലങ്ങളും റോഡുകളും പണിയുന്ന കാര്യം പ്രത്യേകം പറയണ്ടല്ലോ. പൊന്നാനിയിൽ നിന്നോ തിരുവനന്തപുരത്തു നിന്നോ നാഗ്പൂരിലേക്കും ഡെൽഹിയിലേക്കും അതിവേഗ പാത നിർമ്മിക്കുന്ന കാര്യം ഉറപ്പാണ്. പറഞ്ഞ സമയത്തിന് മുമ്പ് അത് പൂർത്തിയാക്കും. നൂറ് കൊല്ലത്തെ ഗ്യാരണ്ടിയും തീർച്ചയാണ്.
അങ്ങനെ എല്ലായിടത്തും വികസനവും ജനക്ഷേമവും തലകുത്തി മറിയുന്ന ഒരു കേരളമാണ് ശ്രീധരൻ്റെയും ബിജെപിയുടെയും ഭരണകാലത്ത് നമ്മളെ കാത്തിരിക്കുന്നത്. അതു കൊണ്ട് പിണറായി വിജയനും ഉമ്മൻചാണ്ടിയും താൽക്കാലം ഒന്നു വഴി മാറിക്കൊടുക്കണം പ്ലീസ്.